അലംഭാവം വീണ്ടും; നടപ്പാതയിൽ കുഴിയെടുത്തത് മൂടിയില്ല
text_fieldsമൊഗ്രാലിൽ നടപ്പാതയിൽ ടെലികോം അധികൃതർ കുഴിയെടുത്തത് മൂടാതെകിടക്കുന്ന നിലയിൽ
കാസർകോട്: കലക്ടറുടെ നിർദേശമടക്കം അവഗണിച്ച് ടെലികോം കമ്പനി അധികൃതർ ദേശീയപാത സർവിസ് റോഡിനരികിലെ നടപ്പാതയിൽ കുഴിയെടുക്കുന്നതും മൂടാതെ പോകുന്നതും കാൽനടക്കാർക്ക് ദുരിതവും ഭീഷണിയുമാകുന്നു. മൊഗ്രാലിൽ ടൗൺ ജങ്ഷനിലും ലീഗ് ഓഫിസിന് സമീപത്തുമാണ് നടപ്പാതയിൽ പാകിയ ഇന്റർലോക്കുകൾ എടുത്തുമാറ്റി കുഴിയെടുത്തിരിക്കുന്നത്.
കുഴിയെടുത്ത് പൈപ്പുകളോ വയറോ സ്ഥാപിച്ചാൽ ഉടൻതന്നെ കുഴികൾ മൂടി റോഡായാലും നടപ്പാതയായാലും പൂർവസ്ഥിതിയിലാക്കണമെന്ന് നേരത്തെതന്നെ ഇത്തരം ഒരു പരാതിയിൽ കലക്ടർ ടെലികോം കമ്പനി അധികൃതർക്ക് നിർദേശം നൽകിയിരുന്നതാണ്. ഇത് അവഗണിച്ചുകൊണ്ടാണ് വീണ്ടും ടെലികോം കമ്പനി അധികൃതരുടെ അലംഭാവം തുടരുന്നതെന്നാണ് ആക്ഷേപം.
കുമ്പള ടൗണിൽ ഇതുസംബന്ധിച്ച് നേരത്തെ ദേശീയപാത നിർമാണ കമ്പനി അധികൃതർ ടെലികോം കമ്പനി അധികൃതർക്കെതിരെ പരാതിയും നൽകിയിരുന്നു. മൊഗ്രാലിൽ ഒരാഴ്ചയായി ഇത്തരത്തിൽ കുഴിയെടുത്ത് മൂടാതെ കിടക്കുകയാണ്. ഇത് വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്ക് ദുരിതവും ഭീഷണിയുമാണ്. കുഴി മൂടുകയും നടപ്പാത പൂർവസ്ഥിതിയിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ദേശീയപാത നിർമാണ കമ്പനി അധികൃതരുടെ ഇടപെടൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.