തൃക്കരിപ്പൂരിൽ വർധിച്ചത് എസ്.ഐ.ആറിൽ വെട്ടിയതിന്റെ ഒമ്പതിരട്ടി പുതിയ വോട്ടുകൾ
text_fieldsതൃക്കരിപ്പൂർ: വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് നീക്കംചെയ്ത വോട്ടിന്റെ എട്ടിരട്ടി കൂട്ടിച്ചേർക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടികകളിലാണ് ഈ വിവരമുള്ളത്. മണ്ഡലത്തിലെ 218 ബൂത്തുകളിലായി 1618 വോട്ടുകൾ നീക്കം ചെയ്യപ്പെട്ടപ്പോൾ 14,437 പേരാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഇതിൽ 859 സ്ത്രീകളും 759 പുരുഷന്മാരും ഉൾപ്പെടുന്നു. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്ക കലർന്ന അവധാനതയാണ് എസ്.ഐ.ആറിനെ തുടർന്നുള്ള വോട്ടുചേർക്കലിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
നൂറിലധികം സമ്മതിദായകരെ പുതുതായി ഉൾപ്പെടുത്തിയത് 43 ബൂത്തുകളിലാണ്. നീലേശ്വരം കോട്ടപ്പുറം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഇരുപതാം നമ്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ (275) ചേർത്തിട്ടുള്ളത്. തൊട്ടുപിന്നാലെ തിമിരി ബൂത്ത് 47ൽ 182 പേരാണ് പുതുതായി വോട്ടർ പട്ടികയിൽ ഇടംനേടിയത്. കടിഞ്ഞിമൂലയിലെ പത്താം ബൂത്തിലും (176), പടന്ന ഗവ. യു.പി സ്കൂളിലെ ബൂത്ത് 153ലും (172) പട്ടികയിൽ വോട്ടർമാർ ഇടിച്ചുകയറി. പുതുതായി ചേർക്കപ്പെട്ടതിൽ 8438 പുരുഷന്മാരും 5999 സ്ത്രീകളുമാണ്.
പിലിക്കോട് സി.കെ.എൻ ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ (68) വെട്ടിയത്. മറ്റിടങ്ങളിൽ ശരാശരി 7.4 വോട്ടാണ് ബൂത്തുകളിൽനിന്ന് നീക്കിയിട്ടുള്ളത്. എസ്.ഐ.ആർ പ്രകാരം ഈ തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ 2,10,090 വോട്ടർമാരാണുള്ളത്. ഇതിൽ 1,08,032 സ്ത്രീകളാണ്. മണ്ഡലത്തിൽ ഇരുമുന്നണികളുടെയും ശക്തികേന്ദ്രങ്ങളിൽ വോട്ടുവർധന സന്തുലിതമാണ്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള (1405) ബൂത്തും കോട്ടപ്പുറം സ്കൂളിലാണ്. ഏറ്റവും കുറവ് (588) വോട്ടർമാരെത്തുന്നത് നീലേശ്വരം ബ്ലോക്ക് ഓഫിസിലെ ആശ്വാസകേന്ദ്രം ബൂത്ത് 24ലാണ്.


