വിളക്ക് തെളിച്ചില്ല; കേന്ദ്ര യൂനിവേഴ്സിറ്റി വി.സിക്കെതിരെ ‘ഓർഗനൈസർ’
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല യൂനിയൻ കലോത്സവം ‘കങ്കാമ’ ഉദ്ഘാടനത്തിന് വൈസ് ചാൻസലർ വിളക്ക് തെളിക്കാത്തതിനെതിരെ ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസറി’ൽ ലേഖനം. എസ്.എഫ്.ഐയുടെയും മറ്റ് തീവ്രാദി ഗ്രൂപ്പുകളുടെയും സമ്മർദത്തിന് വഴങ്ങിയാണ് വൈസ് ചാൻസലർ സിദ്ദു പി. അൽഗൂർ വിളക്ക് തെളിക്കാതിരുന്നതെന്നാണ് പത്രം കുറ്റപ്പെടുത്തുന്നത്.
കേരളത്തിലെ വിഷയങ്ങളെ ദേശീയ തലത്തിൽ പ്രശ്നവത്കരിക്കുന്നതിന്റെ ഭാഗമാണ് കേന്ദ്ര വാഴ്സിറ്റിയുമായി ബന്ധപ്പെട്ട ‘വിളക്ക്’ വിവാദമെന്നാണ് വിലയിരുത്തൽ. ഗുജറാത്ത് കൂട്ടക്കൊല പ്രമേയമാക്കി അവതരിപ്പിച്ച മലയാള സിനിമ ‘എമ്പുരാനെ’തിരെ രണ്ട് ലേഖനങ്ങൾ ഓർഗനൈസർ പ്രസിദ്ധപ്പെടുത്തിയിരുന്നു. സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരുപോലും തീവ്രവാദ നേതാക്കളുടെ പേരുകൾ കൂട്ടിച്ചേർത്തതാണെന്ന് ഓർഗനൈസർ എഴുതിയിരുന്നു.
പിന്നാലെ സിനിമ റീ എഡിറ്റ് ചെയ്തു. ഇതിന്റെ തുടർച്ചയാണ് പുതിയ ലേഖനവും. നേരത്തേയും കേന്ദ്ര സർവകലാശാലയിൽ തീവ്രവാദികളുടെ സമ്മർദ പ്രകാരം സംഭവങ്ങൾ നടന്നതായി ഓർഗനൈസർ പറയുന്നു. ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം (ഐ.ടി.ഇ.പി) വിദ്യാർഥികളുടെ പ്രവേശനത്തിന് അറബ് വസ്ത്രം നിർബന്ധമാക്കിയെന്നാണ് ഒന്ന്. ഭാരത മാതാവിനെ നഗ്നവേഷത്തിൽ അവതരിപ്പിച്ചതായാണ് മറ്റൊന്ന്. രണ്ടാമത്തെ സംഭവം ഏതാണെന്ന് സർവകലാശാലയിലെ അധ്യാപകർക്കോ വിദ്യാർഥികൾക്കോ അറിയില്ല.
‘വിളക്ക് കത്തിക്കണമെന്ന് ചട്ടമില്ല. വിളക്കിനോട് വിരോധവുമില്ല. വിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യണമെന്ന് വൈസ് ചാൻസലർ നിർബന്ധം പിടിച്ചപ്പോൾ അത് സാധ്യമല്ല എന്ന് പറഞ്ഞിരുന്നു.’ -കോളജ് യൂനിയൻ ജനറൽ സെക്രട്ടറി പി. ശ്രീഷ്മ, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ആസാദ് എന്നിവർ പ്രതികരിച്ചു. അനാവശ്യ വിവാദമുണ്ടാക്കി നേട്ടം കൊയ്യാനുള്ള വർഗീയ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണ് വിളക്കു വിവാദമെന്ന് യൂനിയൻ ചെയർമാനും എൻ.എസ്.യു നേതാവുമായ ഒ. വിഷ്ണുപ്രസാദ് പറഞ്ഞു. 21 മുതൽ 23 വരെയാണ് കങ്കാമ.
22നാണ് ഓർഗനൈസറിൽ ലേഖനം വന്നത്. ആരുടെയും പേര് ലേഖനത്തിനില്ല. സർവകലാശാല ഭരണ നിർവഹണ വിഭാഗത്തിലെ സംഘ്പരിവാർ ഗ്രൂപ്പാണ് വിഷയത്തിൽ മാനവശേഷി മന്ത്രാലയത്തിന് പരാതി നൽകിയത്. മന്ത്രാലയം വാക്കാൽ വിശദീകരണം തേടിയതായി അറിയുന്നു.