കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റി നിർമിച്ച കിണർ ഉപയോഗശൂന്യം
text_fieldsനീലേശ്വരം: നീലേശ്വരത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നഗരമധ്യത്തിൽ കേരള വാട്ടർ അതോറിറ്റി നിർമിച്ച കിണർ ഉപയോഗശൂന്യമായി കാടുമൂടിക്കിടക്കുന്നു. തലതിരിഞ്ഞ നയംമൂലം ലക്ഷങ്ങളാണ് ജലവകുപ്പ് പാഴാക്കിയത്.
നീലേശ്വരം രാജാറോഡിന് സമീപത്തെ തേർവയലിലാണ് ജലസംഭരണിയും കിണറും വർഷങ്ങൾക്കുമുമ്പ് നിർമിച്ചത്. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഇവ പൊളിച്ചുനീക്കിയശേഷം പുതിയ കിണറും ടാങ്കും സമീപത്തുതന്നെ നിർമിച്ചു. എന്നാൽ, അശാസ്ത്രീയ നിർമാണവും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും മൂലം കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ട് പൂർണമായും ഉപേക്ഷിച്ചു. വെള്ള ടാങ്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും മൂന്നു വർഷത്തിലധികമായി കിണർ ഉപയോഗിക്കാത്തതുകൊണ്ട് കാടുമൂടി കിടക്കുന്നു. കേവലം 20 മിനിറ്റ് പമ്പിങ് നടത്തേണ്ട ജലം പോലും ലഭിക്കാത്ത സാഹചര്യം വന്നപ്പോഴാണ് ഇവിടെയുണ്ടായിരുന്ന മോട്ടോറുകൾ മാറ്റി കിണർ ഉപേക്ഷിച്ചത്.
ഇപ്പോൾ ഈ ടാങ്കിൽ നീലേശ്വരം റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽനിന്നാണ് വെള്ളം നിറക്കുന്നത്. കോട്ടപ്പുറം, ഉച്ചൂളിക്കുതിര്, ആനച്ചാൽ, ഓർച്ച എന്നീ പ്രദേശങ്ങളിലേക്കാണ് ഈ ടാങ്കിൽനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. യഥേഷ്ടം വെള്ളം ലഭിക്കുന്ന പ്രദേശമായിട്ടും പദ്ധതി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.


