ടണ്‍കണക്കിന് പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടികൂടി; 60,000 രൂപ പിഴചുമത്തി
text_fieldsജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി. മുഹമ്മദ് മദനിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് നടന്ന പരിശോധന
കാഞ്ഞങ്ങാട്: ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടുദിവസത്തിനിടയില്‍ അര ടണ്ണിലധികം നിരോധിത ഉപയോഗ പ്ലേറ്റുകളും ഗ്ലാസുകളും കണ്ടെടുത്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ടു സ്ഥാപനങ്ങളുടെ ഗോഡൗണുകളില്നിന്നായി 299 കിലോഗ്രാം നിരോധിത ഉല്പന്നങ്ങള് പിടിച്ചെടുക്കുകയും 10,000 രൂപ വീതം സ്ഥാപന ഉടമകള്‍ക്ക് പിഴചുമത്തുകയും ചെയ്തു. മീഞ്ച ഗ്രാമപഞ്ചായത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും കടകളില്‍നിന്നും വില്പനക്കായി സൂക്ഷിച്ച 150 കി.ഗ്രാം നിരോധിത ഉല്പന്നങ്ങള് പിടിച്ചെടുത്ത് ഉടമകള്‍ക്ക് 10,000 രൂപവീതം പിഴചുമത്തി.
പൈവളിഗെ പഞ്ചായത്തിലെ സൂപ്പര്‍ മാർക്കറ്റില്‍നിന്ന് 50 കിലോഗ്രാം നിരോധിത ഉല്പന്നങ്ങള് കണ്ടെത്തി 10,000 രൂപ പിഴചുമത്തി. പിടിച്ചെടുത്ത നിരോധിത ഉല്പന്നങ്ങള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് അജൈവമാലിന്യം സൂക്ഷിക്കുന്ന എം.സി.എഫ് മുഖേന ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് പുനഃചംക്രമണത്തിന് വിടുന്നതിനായി നിർദേശം നല്കി. നിരോധിത ഉൽപന്നങ്ങള് പ്രത്യേക വാഹനങ്ങളില്‍ അനധികൃതമായി കടകളില്‍ ചില ഏജന്‍സികള്‍ എത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരിശോധനയില്‍ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി. മുഹമ്മദ് മദനി, അംഗങ്ങളായ ടി.സി. ഷൈലേഷ്, വി.എം. ജോസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. മനോഹരന്, ക്ലര്‍ക്ക് മഞ്ജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


