പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsനീലേശ്വരം: കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന കാൽലക്ഷത്തിലേറെ രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. പുകയില ഉൽപന്നങ്ങൾ കടത്താനുപയോഗിച്ച കെ.എൽ 10. എ.വി. 2122 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി കരുവാച്ചേരി പെട്രോൾ പമ്പിനു സമീപത്തുനിന്നാണ് ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും നീലേശ്വരം പൊലീസും ചേർന്ന് പ്രതികളെ പിടികൂടിയത്. തൃക്കരിപ്പൂരിലെ സി.കെ. മുഹമ്മദ് സഫീസ് (26), മൊഗ്രാൽ പുത്തൂരിലെ മുഹമ്മദ് ഫർഫാൻ (20) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുകയില ഉൽപന്നങ്ങളുമായി പോവുകയായിരുന്ന കാർ പൊലീസ് ജീപ്പ് കുറുകെയിട്ടാണ് പിടികൂടിയത് എന്ന് അധികൃതർ പറഞു. നീലേശ്വരം എസ്.ഐ എം.വി. ശ്രീകുമാർ, എസ്.ഐ ജഗൻ മയൻ, സിവിൽ പൊലീസ് ഓഫിസർമാരായ ദിലീഷ് പള്ളിക്കൈ, സുജിത്ത്, രാജീവൻ സുനീഷ്, കുഞ്ഞികൃഷ്ണൻ, ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡിലെ പെനിജൻകുമാർ, അനീഷ് മാധവൻ, ഭക്ത ഷൈവൽ, രജീഷ് കാട്ടാമ്പള്ളി എന്നിവരാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.