Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅടൂർ പ്രകാശിനു മുന്നിൽ...

അടൂർ പ്രകാശിനു മുന്നിൽ യു.ഡി.എഫ് ഘടകകക്ഷികൾ ഏറ്റുമുട്ടി

text_fields
bookmark_border
അടൂർ പ്രകാശിനു മുന്നിൽ യു.ഡി.എഫ് ഘടകകക്ഷികൾ ഏറ്റുമുട്ടി
cancel
Listen to this Article

കാസർകോട്: കഴിഞ്ഞ ദിവസം കാസർകോട് എത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനു മുന്നിൽ മുസ്‍ലിം ലീഗ് കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടി. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തുവെന്നാണ് മുസ്‍ലിം ലീഗ് നേതാക്കൾ തുറന്നടിച്ചത്.

മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാനും ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ. ഫൈസലുമാണ് ഏറ്റുമുട്ടിയത്. മറുവശത്ത് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് നേതാവ് ജെറ്റോ ജോസഫും കോൺഗ്രസ് നേതാവ് രാജു കട്ടക്കയവും തമ്മിലായിരുന്നു തർക്കം. പഞ്ചായത്തുകളിൽ ഉദുമയിലും എൻമകജെയിലും കോൺഗ്രസിനും ലീഗിനും തുല്യ സീറ്റുകളായിരുന്നു ലഭിച്ചത്.

രണ്ടിടത്തും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് കോൺഗ്രസായിരുന്നു. ബദിയടുക്കയിൽ ലീഗിന് ആറും കോൺഗ്രസിന് നാലും സീറ്റുകളാണുണ്ടായത്. കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കിൽ ഒരാൾ ബി.ജെ.പിയിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തിയാണ് കോൺഗ്രസ് ബദിയടുക്കയിൽ മത്സരിച്ചത്. നറുക്കെടുപ്പിൽ ബദിയടുക്ക ബി.ജെ.പിക്ക് ലഭിച്ചു. ഉദുമയിൽ പ്രസിഡന്റ് സ്ഥാനാർഥി പത്രികയിൽ ഒപ്പുവെക്കാത്തതിനെ തുടർന്ന് വോട്ടവകാശം നഷ്ടപ്പെടുത്തി. എൽ.ഡി.എഫിന് ജയിക്കാൻ വഴിയൊരുക്കി. ഇതെല്ലാമാണ് മുസ്‍ലിം ലീഗ് അവതരിപ്പിച്ചത്.

എന്നാൽ, തീരുമാനങ്ങൾ പ്രാദേശികമായ ചർച്ചകളിലൂടെയാണ് ഉണ്ടായതെന്നും ഡി.സി.സിക്ക് പങ്കില്ലെന്നും ഫൈസൽ മറുപടി പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കത്തിന് കാരണമായത്. ജോസഫ് ഗ്രൂപ് എൽ.ഡി.എഫിനെ സഹായിക്കുകയായിരുന്നുവെന്ന് രാജു കട്ടക്കയം പറഞ്ഞു.

ഒരു സീറ്റിന്റെ മുൻതൂക്കമാണ് എൽ.ഡി.എഫിന് പരപ്പയിൽ ലഭിച്ചത്. ഇത് ജോസഫ് ഗ്രൂപ് കാലുവാരിയതുകൊണ്ടാണ് എന്ന് കട്ടക്കയം തുറന്നടിച്ചു. അത് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്ന് ജെറ്റോ തുറന്നടിച്ചു. ഇരുവരുടെയും വാക്കുതർക്കം രൂക്ഷമായപ്പോൾ അടൂർ പ്രകാശ് എം.പി. ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.

Show Full Article
TAGS:Local News kannur adoor prakash 
News Summary - UDF allies clash in front of Adoor Prakash
Next Story