കടലും കായലും ആസ്വദിക്കാം; കല്ലുമ്മക്കായ രുചിക്കാം
text_fieldsകവ്വായിക്കായലിലെ ബോട്ടുസവാരി
തൃക്കരിപ്പൂര്‍: കടലുകണ്ട്, കായൽ ആസ്വദിച്ച്, കല്ലുമ്മക്കായ നുണഞ്ഞ് വലിയപറമ്പ് ബീച്ച് അനുഭവവേദ്യമാക്കാൻ സ്ട്രീറ്റ് പദ്ധതിയുമായി വലിയപറമ്പ പഞ്ചായത്ത്. വലിയപറമ്പിലെ ബീച്ചുകളും മാടക്കാലിലെ കണ്ടലും കായലിലെ പുരവഞ്ചി യാത്രയും കല്ലുമ്മക്കായ രുചിയും രാജ്യത്തിനകത്തും പുറത്തും സംസാരവിഷയമാണ്. സ്ട്രീറ്റ് പദ്ധതിയിലൂടെ അന്താരാഷ്ട്ര ഉത്തരവാദിത്ത വിനോദസഞ്ചാര കേന്ദ്രമാകാനുള്ള വലിയപറമ്പിന്റെ ആദ്യ ചുവടുവെപ്പിന്റെ ഭാഗമാണ് പദ്ധതി.
ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്കാണ് വലിയപറമ്പിലേക്ക്. സ്ട്രീറ്റ് പദ്ധതിയില്‍പ്പെടുത്തി വെള്ളം, സംസ്കാരം, കല, ഭക്ഷണം, ഗ്രാമീണ കാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് തെരുവുകളാണ് വലിയ പറമ്പിലുള്ളത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്ത ടൂറിസവികസന പദ്ധതിയാണ് ‘സ്ട്രീറ്റ്’. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 സ്ഥലങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വിഷയങ്ങളിലൂന്നിയ തെരുവുകള്‍ നിർമിച്ച് ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുകയും റീ ബ്രാന്‍ഡിങ് നടത്തുകയും ചെയ്യും.
ജില്ലയില്‍നിന്ന് ‘സ്ട്രീറ്റ്’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഗ്രാമപഞ്ചായത്താണ് വലിയപറമ്പ. സ്ട്രീറ്റ് പദ്ധതിയിലൂടെ വലിയപറമ്പിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും പ്രാദേശിക തൊഴിലും വരുമാനവും വര്‍ധിപ്പിക്കാനും കഴിഞ്ഞു. മാടക്കാലിലെ കണ്ടലും കായലും ബീച്ചും കാണാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
തെയ്യം കാണാന്‍ മാത്രമായി നിരവധി വിദേശീയര്‍ ഈ വര്‍ഷം വലിയപറമ്പില്‍ എത്തി. ഗ്രാമീണ കാഴ്ചകളെ പഠിക്കാനും ആസ്വദിക്കാനും എത്തുന്നവരും ഏറെയാണ്. വലിയപറമ്പ് ബീച്ച് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഭക്ഷണതെരുവിന്റെ പ്രവര്‍ത്തനം.
കല്ലുമ്മക്കായ ഉള്‍പ്പെടെയുള്ള തനത് വിഭവങ്ങള്‍ക്ക് ഇവിടെ ആവശ്യക്കാര്‍ ഏറെയാണ്. പഞ്ചായത്ത് ബജറ്റില്‍ പ്രഖ്യാപിച്ച ‘റെഡി ടു കുക്ക് ആന്‍ഡ് ഈറ്റ് ഫിഷ് സെന്റര്‍’ ഫുഡ് സ്ട്രീറ്റിന്റെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. ഇതുവഴി കല്ലുമ്മക്കായ, മീന്‍, മുരു വിഭവങ്ങള്‍ സഞ്ചാരികളുടെ തീന്മേശയിലെത്തിക്കുകയാണ് ലക്ഷ്യം.
സ്ട്രീറ്റ് പദ്ധതിയിലൂടെ ഭാവിയില്‍ വലിയപറമ്പിന്റെ തൊഴില്‍ സാധ്യതകളും വരുമാനവും വര്‍ധിപ്പിക്കാന്‍ കഴിയും. വിവിധ സ്ട്രീറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ സഞ്ചാരികള്‍ക്ക് വലിയപറമ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വലിയപറമ്പ് പാലം, ഇടയിലെക്കാട്, മാടക്കാല്‍ ബണ്ടുകളില്‍ വെളിച്ച സംവിധാനവും ഒരുങ്ങും. വലിയ പറമ്പയിലേക്ക് എത്തുന്ന സഞ്ചാരികള്‍ ഒരേ സ്വരത്തില്‍ പറയുന്നു ഇവിടം സ്വര്‍ഗമാണ്.