ഒറ്റത്തൂൺ പാലത്തിൽ വാഹനം ഓടിത്തുടങ്ങി; ജില്ലക്ക് അഭിമാന നിമിഷം
text_fieldsകാസർകോട് നഗരത്തിലെ ഒറ്റത്തൂൺ പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയപ്പോൾ
കാസർകോട്: ഒറ്റത്തൂൺ പാലത്തിലൂടെ വാഹനങ്ങൾ കുതിച്ചുതുടങ്ങിയതോടെ ജില്ലക്കിത് അഭിമാനനിമിഷം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലമാണ് ഇതോടെ യാഥാർഥ്യമായിരിക്കുന്നത്. കാസർകോട് നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്നതാണ് ഒറ്റത്തൂൺ മേൽപാലം.
ദേശീയപാത 66ന്റെ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായതോടെയാണ് വാഹനങ്ങൾക്കായി പാത തുറന്നുകൊടുത്തിരിക്കുന്നത്. ഒരാഴ്ചമുന്നേ ട്രയൽ റൺ എന്നനിലയിൽ ഭാഗികമായി തുറന്നെങ്കിലും വാഹനങ്ങൾ തുടർച്ചയായി ഓടിയിരുന്നില്ല. എന്നാൽ, 22ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദേശീയപാത ആദ്യ റീച്ച് പ്രവൃത്തി പൂർത്തിയായത് സന്ദർശിച്ചശേഷമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
1780.485 കോടി ചെലവിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി കരാർ ഏറ്റെടുത്തിരുന്നത്. 39 കിലോമീറ്റർ റീച്ചിൽ രണ്ടു മേൽപാലങ്ങളും നാലു വലിയ പാലങ്ങളും നാലു ചെറിയ പാലങ്ങളും 21 അടിപ്പാതകളും പത്ത് നടപ്പാലങ്ങളും രണ്ട് ഓവർ പാസുകളും നിർമാണം പൂർത്തിയാക്കിയവയിൽ ഉൾപ്പെടും. ഒറ്റത്തൂൺ മേൽപാലം ദക്ഷിണേന്ത്യയിൽതന്നെ 27 മീറ്റർ വീതിയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമിക്കുന്ന ആദ്യത്തെ പാലമാണ്. 1.12 കിലോമീറ്റർ ദൂരത്തിലാണ് ഒറ്റത്തൂണിൽ പാലം നിർമിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ 5800 കോടി രൂപ ചെലവഴിച്ച പദ്ധതിയാണിത്. കേരളത്തിൽതന്നെ നിർമാണം പൂർത്തിയായ ദേശീയപാത 66ലെ ആദ്യ ആറുവരിപ്പാതയായി ഇതോടെ കാസർകോട് മാറി. തലപ്പാടിയിൽനിന്ന് ചെങ്കളവരെയാണ് ഗതാഗതത്തിനൊരുങ്ങിയത്. എന്നാൽ, ഔദ്യോഗിക ഉദ്ഘാടനം ദേശീയപാത അതോറിറ്റിയാണ് തീരുമാനിക്കുക. സർവിസ് റോഡിന്റെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
മൊഗ്രാൽ, ഉപ്പള, ഷിറിയ പാലങ്ങളിൽ കമ്പനിക്ക് നൽകിയ കരാറനുസരിച്ച് പാത അഞ്ചുവരിയായി കുറയുന്നുണ്ട്. ഈ പാലങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി കരാർപ്രകാരം പൊളിക്കാതെ ആറുവരിയോടൊപ്പം നിലനിർത്തുകയായിരുന്നു. ആറുവരി അഞ്ചുവരിയിലേക്ക് ചുരുങ്ങുമ്പോൾ അപകടം ഇല്ലാതാക്കാനാവശ്യമായ സൂചനയും വേഗനിയന്ത്രണ അറിയിപ്പുകളും നൽകുന്നുണ്ടെന്ന് യു.എൽ.സി.സി അറിയിച്ചിട്ടുണ്ട്. 2021 ഡിസംബറിൽ ആംഭിച്ച പ്രവൃത്തി 2024 ജനുവരിയിൽ പൂർത്തിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മഴയും മറ്റും വന്നതോടെ നീളുകയായിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് (യു.എൽ.സി.സി) ആദ്യ റീച്ചിന്റെ നിർമാണമേറ്റെടുത്തത്. മറ്റു റീച്ചുകൾ പല കമ്പനികളാണ് ഏറ്റെടുത്തത്.മേൽപാലത്തിലെ മിനുക്കുപണികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഉദ്ഘാടനം സംബന്ധിച്ച് ദേശീയപാത അതോറിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും നിലവിൽ ചെങ്കള മുതൽ തലപ്പാടിവരെ റോഡ് ഗതാഗതത്തിനായി തുറന്നിട്ടുണ്ടെന്നും യു.എൽ.സി.സി പ്രതിനിധി ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്താണ് ബോക്സ് ഗർഡർ?
ബോക്സ് ആകൃതിയിലുള്ള ഗർഡറുകൾ പ്രധാന ഘടനാ സംവിധാനമായി നിർമിച്ച പാലങ്ങളാണ് ബോക്സ് ഗർഡർ. ഇവക്ക് 300 മീറ്റർവരെ തുടർച്ചയായ സ്പാനുകളുണ്ടാകും.
ബോക്സ് ഗർഡർ പാലങ്ങൾ പ്ലേറ്റ് ഗർഡർ പാലങ്ങൾക്ക് സമാനമാണ്. പക്ഷേ, ഗർഡറുകൾ ഒരു ബോക്സ് ആകൃതിയിലുള്ള ഘടനയിൽ ബന്ധിപ്പിച്ചിരിക്കുന്നവയാണ് ബോക്സ് ഗർഡർ പാലങ്ങൾ. ഇത് പാലത്തിന് കൂടുതൽ കാഠിന്യം നൽകുകയും വ്യതിയാനത്തിന്റെ അളവ് കുറക്കുകയും ചെയ്യും. ഇത് കൂടുതൽ ദൈർഘ്യമേറിയ സ്പാനുകൾക്ക് അനുയോജ്യമാക്കുകയും ചെയ്യും.