വിസ തട്ടിപ്പ്: രണ്ടുപേർക്ക് ഒമ്പതരലക്ഷം നഷ്ടമായി
text_fieldsകാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിന് പുറമെ കാഞ്ഞങ്ങാട്ടും ചിറ്റാരിക്കലിലും വിസ തട്ടിപ്പ് കേസുകൾ രജിസ്ടർ ചെയ്തു. രണ്ടുപേർക്കുമായി ഒമ്പതര ലക്ഷം രൂപ നഷ്ടമായി. ഉപ്പിലിക്കൈയിലെ കെ.വി. നിധിൻ ജിത്തിന്റെ (35) പരാതിയിൽ തൃശൂർ സ്വദേശികളായ ഗൗതംകൃഷ്ണ, പി.എസ്. നന്ദു എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
പരാതിക്കാരനും രണ്ട് സുഹൃത്തുക്കൾക്കും ജർമൻ വിസ വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ്. എളേരി മങ്കം സ്വദേശി കെ.ആർ. സജീവന്റെ പരാതിയിൽ ചിറപ്പുറം സ്വദേശി ഉല്ലാസിനെതിരെയും ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. നെതർലൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്.