മാലിന്യ സംസ്കരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കെട്ടിട ഉടമകള്‍ക്കും പിഴ
text_fieldsകാസർകോട്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ക്കും കെട്ടിട ഉടമകള്‍ക്കും പിഴ ചുമത്തി.
കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ബളാലിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. ഹൈസ്കൂള്‍, പുല്ലൂരിലെ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി എന്നീ സ്ഥാപന മേധാവികള്‍ക്ക് 10000 രൂപ പിഴ ചുമത്തി.
മാലിന്യങ്ങള്‍ വേര്‍തിരിക്കാതെ കൂട്ടിയിട്ടതിനും അശ്രദ്ധമായി കൈകാര്യം ചെയ്തതിനും ചുള്ളിക്കരയിലെ കാരിയില്‍ കോംപ്ലക്സ്, സന കോംപ്ലക്സ്, ചെമ്മനാടുള്ള കോക്കര്‍ ക്വാര്‍ട്ടേഴ്സ്, ബ്രദേഴ്സ് ട്രേഡേഴ്സ്, ബളാലിലെ അഞ്ചരക്കണ്ടി സ്റ്റോര്‍, ബദിയടുക്കയിലെ സുന്ദര സണ്‍സ്, ഫസല്‍ ഹാജി എസ്റ്റേറ്റ് എന്നീ സ്ഥാപന ഉടമകള്‍ക്ക് 5000 രൂപ വീതം പിഴ ചുമത്തി. മാലിന്യം യഥാവിധി സംസ്കരിക്കുന്നതിനും നിര്‍ദേശം നല്കി.
വ്യാപാരസ്ഥാപന പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയതിനാല്‍ ബളാലിലെ മൈത്രി സ്റ്റേഷനറി, ഉരുക്കുഴിയില് സ്റ്റോര്‍, ആര്യ സ്റ്റോര്‍, മേല്‍പ്പറമ്പിലെ ബി.എച്ച്.എ സ്റ്റോര്‍, സിറ്റി ബേക്കേര്‍സ്, ഒടയംചാല്‍ കാട്ടൂര്‍ മാര്‍ട്ട് എന്നീ കടയുടമകള്‍ക്കും പിഴ ചുമത്തി.
പരിശോധനയില്‍ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി. മുഹമ്മദ് മദനി, അംഗം ടി.സി. ഷൈലേഷ്, ക്ലാര്‍ക്ക് കെ.വി. ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. സിജി, മേഘ എന്നിവര്‍ പങ്കെടുത്തു.