Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉദുമക്ക് പ്രിയമാരെ..?

ഉദുമക്ക് പ്രിയമാരെ..?

text_fields
bookmark_border
ഉദുമക്ക് പ്രിയമാരെ..?
cancel
camera_alt

1.മുളിയാർ മൂലടുക്കയിൽ പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. നീലകണ്ഠൻ 2. ഉദുമ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു പ്രചാരണത്തിനിടെ

കാസർകോട്: ജനം അത്യുഷ്ണത്തിൽ വെന്തുരുകുമ്പോൾ ഉദുമ നിയോജകമണ്ഡത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടും കൂടിവരുന്നുണ്ടെന്നാണ് അടിത്തട്ടിൽനിന്നുള്ള വിവരം. കനത്ത പോരാട്ടമാണ് ഉദുമ മണ്ഡലത്തിലുള്ളത്. ആമയും മുയലുംപോലെയായിരുന്നു ആദ്യം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള പ്രചാരണത്തിന്റെ വേഗമെങ്കിൽ അതിപ്പോൾ ഒപ്പത്തിനൊപ്പമെത്തിയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നത്. 1991 മുതൽ ഇങ്ങോട്ട് തുടർച്ചയായി 35 വർഷം ഇടതോരം ചേർന്ന് നടക്കുന്ന മണ്ഡലമാണ് ഉദുമ. എന്നാൽ, അത് ഇക്കുറി മാറുമെന്നാണ് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഉദുമ മണ്ഡലത്തിലെ ദേലമ്പാടി, മുളിയാർ, ചെമ്മനാട്, ഉദുമ എന്നീ നാലു പഞ്ചായത്തുകൾ യു.ഡി.എഫ് ആധിപത്യമുള്ളതാണ്. പുല്ലൂർ-പെരിയ, പള്ളിക്കര പഞ്ചായത്തുകൾ എൽ.ഡി.എഫാണ് ഭരിക്കുന്നതെങ്കിലും ഇവിടങ്ങളിലടക്കം അടിയൊഴുക്കുകൾ ഉണ്ടാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ജില്ല പഞ്ചായത്ത് ഉദുമ ഡിവിഷനിൽ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് ഭരണംപിടിച്ചത്. അവിടെയും യു.ഡി.എഫ് വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. ചെമ്മനാട് മുസ്‍ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. സംസ്ഥാനമൊട്ടുക്കും ന്യൂനപക്ഷ കേന്ദ്രീകരണമടക്കമുണ്ടായാൽ ഇത് യു.ഡി.എഫിന് വിജയപ്രതീക്ഷക്ക് ആക്കംകൂട്ടുമെന്നും കരുതുന്നവരുണ്ട്. തെരഞ്ഞെടുപ്പ് ഗോദയിൽ പല വിഷയങ്ങളും ചർച്ചയാകുന്നുണ്ടെങ്കിലും മണ്ഡലത്തിലെ മലയോരമേഖലയിൽ വന്യമൃഗശല്യമടക്കം ചർച്ചയാകുന്നുണ്ട്. അതും തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

നിഷ്‍കളങ്കമായ പൊതുപ്രവർത്തനവും യു.ഡി.എഫിൽനിന്ന് പലരും പല കാരണത്താലും വിട്ടുപോകുമ്പോഴും ഇതുവരെ പറയത്തക്ക സ്ഥാനമാനങ്ങൾ കിട്ടാതിരുന്നിട്ടും കോൺഗ്രസിൽ ഉറച്ചുനിന്ന അഴിമതി എവിടെയും പറയാനില്ലാത്ത കെ. നീലകണ്ഠൻ യു.ഡി.എഫ് സ്ഥാനാർഥിയായതു തന്നെ എൽ.ഡി.എഫിന് കുറച്ചൊക്കെ തലവേദനയുണ്ടാക്കുന്നുണ്ട്. കൂടാതെ, ബേക്കൽ ബീച്ച് ഫെസ്റ്റും അതിന്റെ നടത്തിപ്പുമൊക്കെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാക്കുമെന്നും യു.ഡി.എഫ് ആരോപിക്കുന്നുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസിന് പ്രത്യേകിച്ച് ശരത് ലാൽ-കൃപേഷ് എന്നിവരുടെ ഭൂമിയെന്ന് അവകാശപ്പെടുന്ന പെരിയ ഉൾപ്പെട്ട മണ്ഡലമാണ് ഉദുമ എന്നതിനാലും ഇപ്രാവശ്യം യു.ഡി.എഫ് ഉദുമ നിയമസഭ മണ്ഡലം എങ്ങനെയും പിടിച്ചെടുക്കുമെന്നാണ് പറയുന്നത്.

1987ൽ കെ.പി. കുഞ്ഞിക്കണ്ണനാണ് ഇടക്ക് ഒരുതവണ യു.ഡി.എഫിനെ തുണക്കാൻ മണ്ഡലത്തിന് കൂട്ടുനിന്നത്. അതിനുമുമ്പും ശേഷവും ഇടതിന്റെ കുത്തകതന്നെയാണ് ഉദുമ. 2021ലെ തെരഞ്ഞെടുപ്പിൽ സി.എച്ച്. കുഞ്ഞമ്പു യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയക്കുമേൽ നേടിയത് 13,322 വോട്ടിന്റെ ഭൂരിപക്ഷമാണ്. വിജയമുണ്ടായപ്പോഴൊക്കെ ഇടതുമുന്നണി വോട്ട് കൂട്ടുകയാണ് ചെയ്തത് എന്ന് കണക്കുനോക്കിയാലറിയാം. അതിനപവാദമായി ആകെ പറയാവുന്നത് 2006നെ അപേക്ഷിച്ച് 2011ൽ കെ. കുഞ്ഞിരാമന്റെ വോട്ടുകണക്ക് മാത്രമാണ്. 2006ൽ കെ.വി. കുഞ്ഞിരാമന് കിട്ടിയ 69,221 വോട്ടിൽനിന്ന് 7575 വോട്ടിന്റെ കുറവോടെ 61,646 വോട്ടാണ് കെ. കുഞ്ഞിരാമന് 2011ൽ നേടാനായത്.

2016ൽ കോൺഗ്രസിന്റെ കരുത്തനായ നേതാവ് കെ. സുധാകരൻ യു.ഡി.എഫ് സ്ഥാനാർഥിയായപ്പോൾ 66,615 വോട്ട് നേടിയെങ്കിലും 2021ലെ തെരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ 1273 വോട്ട് കുറച്ച് 65,342 വോട്ടാണ് നേടിയത്. അതേസമയം, ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വർഷങ്ങളിലൊക്കെ വോട്ടുകണക്കിൽ ചാഞ്ചാട്ടമുണ്ടായിട്ടുണ്ട്. അവർക്ക് മണ്ഡലത്തിൽ കൂടിവന്നാൽ 25,000ന് മുകളിൽ പോകാവുന്ന അവസ്ഥയല്ല ഉള്ളത്. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ ബി.ജെ.പി ഒരു ഫാക്ടറല്ല എന്ന് പറയാം. ഉദുമ മണ്ഡലത്തിൽ പോളിങ് കൂടിയപ്പോഴൊക്കെ അതിന്റെ ഗുണം മുഴുവൻ കിട്ടിയത് പരമ്പരാഗതമായി എൽ.ഡി.എഫിനാണെന്ന് കണക്കുകളിൽനിന്ന് വ്യക്തമാണ്.

കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർഥിയെ നിർത്തുന്നവേളയിലും ശരാശരി കിട്ടുന്ന വോട്ടുകൾക്കപ്പുറമുള്ളൊരു തരംഗമുണ്ടാക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല എന്ന് പറയാം. ഇക്കുറി 2,28,512 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 2518 വോട്ടർമാരാണ് കന്നിവോട്ടർമാർ. സിറ്റിങ് എം.എൽ.എ എന്ന കരുത്തും മണ്ഡലത്തിൽ നടപ്പാക്കിയ അടിസ്ഥാന വികസനസൗകര്യങ്ങളും കുഞ്ഞമ്പുവിന് വീണ്ടുമൊരു പ്രതീക്ഷ നൽകുന്നുണ്ട്. ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കിയ മണ്ഡലമാണ് ഉദുമ. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയത് 72,448 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ 73,884 വോട്ടുമാണ്. അതുകൊണ്ടുതന്നെ ഇത്തവണ യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നുണ്ട്. പിച്ചവെച്ച കാലംമുതൽ കോൺഗ്രസിനുവേണ്ടി ജീവിച്ചുതീർത്ത നീലകണ്ഠനെന്ന ജനമനസ്സറിഞ്ഞ നേതാവിനെയാണ് യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത് എന്നതും അവർക്ക് വിജയപ്രതീക്ഷ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ പോരാട്ടം കനത്തതാണ്.

Show Full Article
TAGS:Kasargod Local News Kerala Assembly Election 2026 
News Summary - Who does Uduma love?
Next Story