മെഡിക്കൽ കോളജ് പരിസരത്ത് മരംമുറി പതിവ്, മറുപടി പറയേണ്ടത് ആര്?
text_fields1. മെഡിക്കൽ കോളജ് പരിസരത്തുനിന്ന് മരം മുറിച്ചനിലയിൽ 2. മുറിച്ചുമാറ്റിയ മരക്കഷണങ്ങൾ
ബദിയഡുക്ക: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജ് പരിസരത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നത് പതിവാകുന്നു. നടപടിയില്ലാത്തതിനാൽ മരംമുറിക്കുന്നവർ പലപ്പോഴും കാണാമറയത്തെന്നാണ് ആക്ഷേപം. ചോദിക്കാൻ ആരുമില്ലെന്നതാണ് അനുവാദമില്ലാതെ മരമുറിക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതും വ്യാപിക്കാനിടയാകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വിറകിനായി ഉപയോഗിക്കാനാണ് കൊണ്ടുപോകുന്നതെന്നാണ് പറയുന്നത്. എന്നാൽ, ബന്ധപ്പെട്ട അധികാരികളുടെ അനുവാദമില്ലാതെ ഇതെങ്ങനെ സാധിക്കുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അവധിദിവസമായ ഞായറാഴ്ച രാവിലെ അഞ്ചു തൊഴിലാളികളെ വെച്ച് മരം മുറിച്ചുമാറ്റുന്ന സംഭവം മെഡിക്കൽ കോളജ് സെക്യൂരിറ്റിപോലും കണ്ടില്ലെന്ന് നടിച്ചതായാണ് പറയുന്നത്. നേരത്തേയും ഇത്തരത്തിലുള്ള പ്രവൃത്തി നടന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പ്രദേശവാസികളുടെ ഇപ്പോഴത്തെ ആവശ്യം. അതേസമയം, പരാതി ശ്രദ്ധയിൽപെട്ടതായും ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും ചുമതലയുള്ള ഡോക്ടർ അരുൺകുമാർ പറഞ്ഞു.


