എസ്.എൻ.ഡി.പി നേതാവിന്റെ വിദ്വേഷ പ്രസംഗം: ലക്ഷ്യം കായംകുളം നിയമസഭ സീറ്റ്; പിന്നിൽ ശോഭ സുരേന്ദ്രന് കിട്ടിയ 48,775 വോട്ട്
text_fieldsകായംകുളം: എസ്.എൻ.ഡി.പി യൂനിയൻ നേതാവിന്‍റെ വിദ്വേഷ പ്രസംഗത്തിന് പിന്നിൽ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയ ആസൂത്രിത രാഷ്ട്രീയ നീക്കം. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാലിന്റെ നീക്കത്തിന് പിന്നിൽ സംഘ്പരിവാർ താൽപര്യങ്ങളാണെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ കായംകുളം നിയമസഭ മണ്ഡലത്തിൽ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൻ.ഡി.എ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിന്‍റെ ആത്മവിശ്വാസത്തിലാണ് ധ്രുവീകരണ നീക്കവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളത്ത് മത്സരിച്ച പ്രദീപ് ലാലിന് 11,189 വോട്ടാണ് ലഭിച്ചത്. 2016 ൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 20,000 വോട്ട് ലഭിച്ചിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 48,775 വോട്ട് നേടി ഇടതുപക്ഷത്തേക്കാൾ മുന്നിലെത്താൻ എൻ.ഡി.എക്ക് കഴിഞ്ഞു. ഒന്നാം സ്ഥാനത്ത് എത്തിയ യു.ഡി.എഫിന് ഇവരേക്കാൾ കുറഞ്ഞ വോട്ടുകളെ അധികമായി നേടാനായുള്ളു. ധ്രുവീകരണങ്ങളിലൂടെ ഇതിനെ മറികടന്ന് വിജയിക്കാൻ കഴിയുമെന്നാണ് എൻ.ഡി.എ കേന്ദ്രങ്ങളുടെ പ്രതീക്ഷ.
എസ്.എൻ.ഡി.പി നേതൃത്വത്തിന് താൽപര്യമുള്ള ബി.ജെ.പിയിലെ വനിത നേതാവ് മണ്ഡലത്തിൽ മത്സരിക്കാനെത്തുമെന്നാണ് അറിയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇവർ മണ്ഡലത്തിന് പ്രത്യേക ശ്രദ്ധ നൽകി കാര്യങ്ങൾ നീക്കുന്നുണ്ട്. ഇതിനായി മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ പ്രദീപ് ലാലിനെ കളത്തിലിറക്കിയതാണെന്നാണ് സംസാരം. കൂടാതെ അവസരം ഒത്തുകിട്ടിയാൽ വീണ്ടും മത്സരിക്കാൻ പ്രദീപ് ലാലിനും താൽപര്യമുണ്ടത്രെ. ഇതിനായി ഈഴവ വോട്ട് മൊത്തത്തിൽ ലക്ഷ്യമാക്കിയാണ് ധ്രുവീകരണ നീക്കമെന്ന അഭിപ്രായം സംഘടനക്കുള്ളിലും ശക്തമാണ്. ഇൗ പശ്ചാത്തലത്തിലാണ് വിവാദ പ്രസംഗ വിഡിയോ ഇവർ തന്നെ പുറത്തുവിട്ടതെന്ന സംശയവും ഉയരുന്നു.
ധ്രുവീകരണ നീക്കം ശക്തമാക്കി സംഘ്പരിവാർ; മൗനാനുവാദവുമായി ഇടതും വലതും
ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ഈഴവ സമുദായത്തെ തങ്ങളുടെ വരുതിയിലാക്കാൻ സംഘ്പരിവാർ ഏറെനാളായി നടത്തിവരുന്ന നീക്കത്തിന്‍റെ പ്രതിഫലനമാണ് ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായത്. സംഘ്പരിവാർ ചിന്താഗതിയുള്ള പ്രദീപ് ലാൽ യൂണിയൻ നേതൃത്വത്തിൽ എത്തിയതാണ് ഇതിന് സഹായകമായത്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ പ്രസിഡന്‍റ് ചന്ദ്രദാസിന്‍റെ മൗനാനുവാദവും കരുത്തായി. ബി.ഡി.ജെ.എസ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തിട്ടും ചന്ദ്രദാസ് ലോക്കൽ കമ്മിറ്റി അംഗമായി തുടരുന്നുവെന്നതിൽ സി.പി.എം നേതൃത്വത്തിലെ ചിലരുടെ സത്വവാദ ചിന്തകൾക്കും സ്വാധീനമുണ്ട്. യൂണിയൻ കൗൺസിലറായ കോൺഗ്രസ് ഭാരവാഹി കൂടി പങ്കെടുത്ത യോഗത്തിലാണ് വിവാദ പ്രസംഗം നടന്നതെന്നതും ശ്രദ്ധേയം.
ഇത്തരം രാഷ്ട്രീയ പിന്തുണകളാണ് എസ്.എൻ.ഡി.പിയുടെ മറവിൽ വിദ്വേഷ പ്രചരണങ്ങളുമായി രംഗത്തിറങ്ങാൻ യൂണിയൻ ഭാരവാഹികൾക്ക് കരുത്ത് പകരുന്നതെന്നതാണ് ആക്ഷേപം. ഏറെ നാളായി നടന്നുവരുന്ന സംഘ്പരിവാർ മുന്നേറ്റത്തിന് സഹായകരമാകുന്ന തരത്തിലുള്ള സമുദായിക ധ്രുവീകരണം കണ്ടില്ലെന്ന് നടിച്ചതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായത്. ബി.ഡി.ജെ.എസ് വഴിയും നേരിട്ടും ബി.ജെ.പി നടത്തിയ നീക്കങ്ങളിൽ പലതും പരസ്യമായിട്ടും അവഗണിച്ചു. യൂണിയൻ ഭാരവാഹികൾ വഴി ബി.ജെ.പി നേതൃത്വം സി.പി.എം നേതൃത്വത്തിെല പലരുടെയും വീടുകളിെലത്തി പരസ്യ ചർച്ച നടത്തിയതും കണ്ടില്ലെന്ന് നടിച്ചു. ഇതിലെല്ലാം സ്വീകരിച്ച നിസംഗതയാണ് പ്രകടമായ വർഗീയത പ്രചരിപ്പിച്ച് കൂടുതൽ ധ്രുവീകരണ നീക്കത്തിന് കരുത്തായത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തിയൂർ, കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂർ എന്നിവിടങ്ങളിലെ എൻ.ഡി.എ മുന്നേറ്റത്തിന് കാരണം സി.പി.എമ്മിന്‍റെ അടിസ്ഥാന വോട്ടുകളിലെ ചോർച്ചയായിരുന്നു. ഇതിലെ സാധ്യതകൾ മുൻനിർത്തി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമമാണ് എൻ.ഡി.എ നടത്തുന്നത്.
ഇതിനിടെ എസ്.എൻ.ഡി.പി നേതാവിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരണമില്ലാതെ മൗനം പാലിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും ചർച്ചയാകുകയാണ്. വിഷയത്തിൽ കോൺഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികളുടെ നിലപാട് ജനം ഉറ്റുനോക്കുകയാണ്. ധ്രുവീകരണം ലക്ഷ്യമാക്കുന്നവർക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്ന രാഷ്ട്രീയ നേതാക്കളുടെ സമീപനങ്ങളും ചർച്ചയാകുന്നുണ്ട്.
വെള്ളിയാഴ്ച നടന്ന ഗുരുദേവ ജയന്തി ഘോഷയാത്ര കമ്മിറ്റിയിലായിരുന്നു പി. പ്രദീപ് ലാൽ വിദ്വേഷ പ്രസംഗം നടത്തിയത്. കമ്മിറ്റിയിൽ പങ്കെടുത്ത ചിലരാണ് പ്രസംഗത്തിന്‍റെ വിഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത്.
‘‘ക്രിമിനലുകളും മതഭ്രാന്തന്മാരുമായ വിഭാഗം ഒറ്റദിവസം കൊണ്ട് നമ്മുടെ വീടുകൾ ചവിട്ടിപ്പൊളിക്കും. ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞു കയറിയവരെ അതിഥി തൊഴിലാളികൾ എന്ന നിലയിൽ സർക്കാർ കുടിയിരുത്തിയിരിക്കുന്നു. ഇവർക്കിടയിൽ മതമൗലികവാദികൾ പ്രവർത്തിക്കുന്നു. നീതിപാലകരിൽ നിന്ന് സംരക്ഷണം പ്രതീക്ഷിക്കരുത്. ഈഴവർക്ക് രാഷ്ട്രീയ പാർട്ടികളിൽ പോലും നിലനിൽപില്ല. പോസ്റ്റർ ഒട്ടിക്കലും പശതേക്കലുമാണ് അവർക്കുള്ളത്. ഈഴവനെ എപ്പോൾ വേണമെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാം...’’ എന്നും പ്രദീപ് ലാൽ പറയുന്നു.