വഖഫിലെ വിധി ഭരണഘടനാ സംരക്ഷണത്തിന്‍റെ വിജയം; ഇൻഡ്യ മുന്നണി ഉയർത്തിയ ആശങ്കകൾ ശരിയായെന്ന് കെ.സി. വേണുഗോപാൽ
text_fieldsകൊച്ചി: വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വഖഫിലെ ഉത്തരവ് ജനാധിപത്യത്തിന്‍റെയും ഭരണഘടന സംരക്ഷണത്തിന്‍റെയും വിജയമെന്ന് വേണുഗോപാൽ പറഞ്ഞു.
പാർലമെന്‍റിൽ ഇൻഡ്യ മുന്നണി ഉയർത്തിയ ആശങ്കകൾ ശരിയാണെന്നാണ് സുപ്രിംകോടതി വിധിയിലൂടെ മനസിലാകുന്നത്. വഖഫ് ഭേദഗതി ബില്ലിനെ എതിർത്തവർ മുന്നോട്ടുവെച്ച പോയിന്‍റുകൾ കോടതിയും ചൂണ്ടിക്കാട്ടി.
ഹിന്ദു ക്ഷേത്രങ്ങളിൽ ഇല്ലാത്ത കാര്യങ്ങൾ വഖഫ് ബോർഡിലേക്ക് വരുമ്പോൾ ഭരണഘടനാപരമായി നിലനിൽക്കുമോ എന്ന ചോദ്യം സുപ്രീംകോടതിയും ആവർത്തിച്ചു. സംയുക്ത പാർലമെന്‍ററി സമിതിയെ നോക്കുകുത്തിയാക്കിയാണ് നിയമം പാർലമെന്‍റിൽ അവതരിപ്പിച്ചത്. ജെ.പി.സി പേരിൽ ഉണ്ടെന്ന് മാത്രമേ പറയാനാവൂ. പ്രതിപക്ഷം ഉന്നയിച്ച ഒരു കാര്യങ്ങളും പരിഗണിക്കാതെയാണ് പാർലമെന്‍റിൽ ബിൽ പാസാക്കിയത്. പാർലമെന്‍റിൽ പ്രതിപക്ഷം ഉയർത്തി കാണിച്ച കാര്യങ്ങളിൽ വിശാലമായ ചർച്ചക്കാണ് കോടതി വഴിയൊരുക്കിയതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരായ, അവരുടെ ആരാധനാ സ്വാതന്ത്രത്തിനെതിരായ, അവരുടെ സ്വത്തുവകകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിനെതിരായ ശക്തമായ ഭരണഘടനാ ലംഘനമാണ് വഖഫ് നിയമമെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. വഖഫ് നിയമം സംബന്ധിച്ച വിശാലമായ ചർച്ചകൾക്ക് സുപ്രീംകോടതി ഇടപെടൽ വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
കേരളത്തിൽ സംഘ്പരിവാറിന് വ്യത്യസ്തമായ അജണ്ടയാണുള്ളത്. മതവിദ്വേഷം വളർത്തി ബി.ജെ.പിയെ വളർത്തുകയാണ് അവരുടെ ലക്ഷ്യം. മുനമ്പം വിഷയത്തിലും അത് തന്നെയാണ് ഉണ്ടായത്. മുനമ്പത്തെ വിഷയം ചൂണ്ടിക്കാട്ടി ബി.ജെ.പി, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഖഫ് നിയമത്തിന് എതിരാക്കി. കേരള സർക്കാരും മുനമ്പം വിഷയം പരിഹരിക്കാൻ ശ്രമിച്ചില്ല.
തീർത്തും രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇ.ഡി നടപടി. കോൺഗ്രസ്, നിയമത്തിന്‍റെ വഴിയിലൂടെ ഇതിനെ നേരിടും. അന്യായമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ഇ.ഡിക്കെതിരെ നീങ്ങുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഇന്ന് ഇടക്കാല വിധി പുറപ്പെടുവിച്ചത്. നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്ന് കോടതി വിധിച്ചു. നിലവിൽ വഖഫായി ഗണിക്കുന്ന രജിസ്റ്റർ ചെയ്തതും വിജഞാപനമിറക്കിയതും ഉപയോഗത്താലുള്ളതുമായ എല്ലാ വഖഫ് സ്വത്തുക്കൾക്കും ഉത്തരവ് ബാധകമാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും നിയമനങ്ങൾ നടത്തുന്നതും സുപ്രീംകോടതി വിലക്കി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും കേൾക്കുമെന്നും ഇടക്കാല ഉത്തരവ് ആവശ്യമെങ്കിൽ അന്ന് നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും വഖഫ് ബോർഡുകളും ബില്ലിനെതിരായ ഹരജികൾക്ക് ഒരാഴ്ചക്കകം മറുപടി നൽകണം. അതിനുള്ള മറുപടി അഞ്ച് ദിവസത്തിനകവും നൽകണം. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയിൽ നിലനിൽക്കുമ്പോൾ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തിൽ പോസിറ്റീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
എന്നാൽ, നിലനിൽക്കുന്ന സാഹചര്യം മാറ്റാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ചെയ്യാൻ ഒരാൾ അഞ്ചു വർഷം ഇസ്‍ലാം അനുഷ്ഠിക്കണമെന്നത് അടക്കമുള്ള വ്യവസ്ഥകൾ തങ്ങൾ സ്റ്റേ ചെയ്യുന്നില്ല. അന്തിമമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.