കെ.സി.എച്ച്.ആർ ചെയർമാൻ നിയമനത്തിലെ അട്ടിമറി; ഡോ. വി.ജെ. വർഗീസും രാജിവെച്ചു
text_fieldsഡോ. വി.ജെ. വർഗീസ്
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) എക്സിക്യുട്ടീവിൽനിന്ന് ഹൈദരാബാദ് സർവകലാശാല ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. വി.ജെ. വർഗീസ് രാജിവെച്ചു. ചെയർമാൻ നിയമനത്തിൽ അട്ടിമറി നടത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് സെർച്ച് കമ്മിറ്റി അംഗം കൂടിയായ ഇദ്ദേഹത്തിന്റെ രാജി. ഇതോടെ സെർച്ച് കമ്മിറ്റിയുടെ അഭിപ്രായം മറികടന്നുള്ള ചെയർമാൻ നിയമനത്തിൽ പ്രതിഷേധിച്ച് കൗൺസിൽ എക്സിക്യൂട്ടിവിൽനിന്ന് രാജിവെച്ച ചരിത്രകാരൻമാരുടെ എണ്ണം അഞ്ചായി. എക്സിക്യൂട്ടിവിൽനിന്ന് രാജിവെക്കുന്ന രണ്ടാമത്തെ സെർച്ച് കമ്മിറ്റി അംഗം കൂടിയാണ് ഡോ. വർഗീസ്.
നേരത്തെ സെർച്ച് കമ്മിറ്റി അംഗം പ്രഫ. പി. സനൽ മോഹൻ എക്സിക്യൂട്ടിവിൽനിന്ന് രാജിവെച്ചിരുന്നു. ചെയർമാൻ നിയമനത്തിനെതിരെ പ്രഫ. സനൽ മോഹനും ഡോ. വി.ജെ. വർഗീസും വിയോജനക്കത്തും നൽകി. പ്രമുഖ ചരിത്രകാരൻമാരായ പ്രഫ. ജാനകി നായർ, പ്രഫ. ലക്ഷ്മി സുബ്രഹ്മണ്യൻ, പ്രഫ. മനു ദേവദേവൻ എന്നിവരാണ് നേരത്തെ എക്സിക്യൂട്ടിവിൽനിന്ന് രാജിവെച്ച മറ്റു മൂന്നുപേർ.
ചെയർമാൻ നിയമനത്തിന് സർക്കാർ നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റിയിലെ മൂന്ന് ചരിത്രകാരൻമാരിൽ രണ്ടുപേരും ഇതിനകം വിയോജനക്കത്ത് നൽകുകയും കൗൺസിൽ എക്സിക്യൂട്ടിവ് അംഗത്വം രാജിവെക്കുകയും ചെയ്തു. ഡൽഹി ജെ.എൻ.യു സെന്‍റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ പ്രഫ. ജ്യോതി അത്വാലാണ് സെർച്ച് കമ്മിറ്റിയിൽ അവശേഷിക്കുന്ന ചരിത്രകാരി.
കമ്മിറ്റി നിർദേശിച്ച പ്രമുഖ ചരിത്രകാരൻമാരുടെയും ഗവേഷകരുടെയും പേര് വെട്ടിയാണ് മഹാരാജാസ് കോളജ് അധ്യാപകൻ പ്രഫ. വിനോദ് കുമാർ കല്ലോലിക്കലിനെ സർക്കാർ താൽപര്യപ്രകാരം ചെയർമാനായി നിയമിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.



