കെനിയയിലെ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും
text_fieldsനെടുമ്പാശ്ശേരി: കെനിയയിലുണ്ടായ ബസപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം ഞായറാഴ്ച രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചിയിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്സ് (ഏഴ്) എന്നിവരാണ് മരിച്ചത്.
കെനിയയിൽനിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു.
കെനിയയിൽനിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർമുമ്പ് മാത്രമാണ് യെല്ലോഫീവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു.
കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തര ഇടപെടൽതേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നത്തിൽ ഇടപെട്ടു. നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാറുമായി അടിയന്തര ഇടപെടൽ നടത്തി. ഇതേതുടർന്ന് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി.
സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങൾ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങും. ഇവിടെനിന്ന് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. ജൂണ്‍ ഒമ്പതിനാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെനിയയിൽ താഴ്ചയിലേക്ക് മറിഞ്ഞത്. ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു സംഘം.