വി.എഫ്.പി.സി.കെയുടെ കരുതൽ നിധി ‘കാബ്കോ’ കെട്ടിട നിർമാണത്തിന്
text_fieldsകൊച്ചി: കേരള അഗ്രി ബിസിനസ് കമ്പനി (കാബ്കോ)യുടെ ബഹുനില കെട്ടിട നിർമാണത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള വെജിറ്റബിൾ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) കരുതൽ നിധിയിൽനിന്ന് 20 കോടി അനുവദിക്കാനുള്ള നീക്കം വിവാദത്തിൽ. തുക നൽകുന്നതിനെതിരെ കർഷക പ്രതിനിധികൾ ഉയർത്തിയ പ്രതിഷേധം കഴിഞ്ഞദിവസം ചേർന്ന വി.എഫ്.പി.സി.കെ ജനറൽ ബോഡി യോഗത്തിൽ ബഹളത്തിനിടയാക്കി. തങ്ങളുടെ ആനുകൂല്യങ്ങൾക്കായി ചെലവിടേണ്ട തുക ‘കാബ്കോ’ക്ക് നൽകുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള ഇവരുടെ നീക്കം സി.ഇ.ഒ ഇടപെട്ട് തടഞ്ഞു.
എക്സ്പോ സെന്റർ ആന്‍ഡ് അഗ്രി പാർക്ക് എന്ന പേരിൽ 1,10,000 ചതുരശ്രയടി വിസ്തീർണത്തിൽ തിരുവനന്തപുരത്താണ് ഏഴുനില കെട്ടിടം നിർമിക്കുന്നത്. വി.എഫ്.പി.സി.കെക്ക് പുറമെ കൃഷിവകുപ്പിനുകീഴിലെ ഹോർട്ടികോർപ്, ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് തുടങ്ങിയ ഏജൻസികളിൽനിന്നും തുക വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
കൃഷി മന്ത്രി ചെയർമാനായ വി.എഫ്.പി.സി.കെയിൽ ഏഴുകോടിയോളം രൂപ ജീവനക്കാർക്ക് കുടിശ്ശികയുണ്ട്. കർഷകരുടെ ആനുകൂല്യങ്ങളും മുടങ്ങി. യൂറോപ്യൻ യൂനിയനിൽനിന്ന് ലഭിച്ച സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗമാണ് വി.എഫ്.പി.സി.കെയുടെ കരുതൽ നിധിയായി സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പലിശ കൊണ്ടാണ് സ്ഥാപനം മുന്നോട്ടുപോകേണ്ടത്. കർഷകരുടെ ബാങ്ക് വായ്പക്ക് ഗാരന്റിയായും ഇത് ഉപയോഗിക്കാം. കൃഷി മന്ത്രി കൂടി പങ്കെടുത്ത യോഗമാണ് വി.എഫ്.പി.സി.കെ ബോർഡിന്റെ അനുമതിക്ക് വിധേയമായി ‘കാബ്കോ’ക്ക് തുക നൽകാൻ തീരുമാനിച്ചത്. കർഷകക്ഷേമത്തിന് ഉപയോഗിക്കേണ്ട കരുതൽ ഫണ്ട് കെട്ടിട നിർമാണത്തിന് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് വി.എഫ്.പി.സി.കെയിലെ കർഷക യൂനിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. സത്താറും മുൻ ഡയറക്ടർ വി.കെ. ചാക്കോയും പറഞ്ഞു. തുക നൽകുന്നതിനെതിരായ പ്രമേയത്തെ രഹസ്യ വോട്ടെടുപ്പിൽ ഭൂരിഭാഗം കർഷക പ്രതിനിധികളും അനുകൂലിച്ചിരുന്നു.
കൃഷി മന്ത്രിയുടെ നിർദേശമുണ്ടെന്ന് പറഞ്ഞാണ് മന്ത്രി ഓൺലൈനായി പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ പ്രമേയം അവതരിപ്പിക്കുന്നത് സി.ഇ.ഒ തടഞ്ഞത്. രേഖാമൂലം ഉത്തരവിറങ്ങിയിട്ടും ‘കാബ്കോ’ക്ക് പണം നൽകാൻ തീരുമാനമില്ലെന്ന നിലപാടാണ് പ്രതിഷേധം തണുപ്പിക്കാൻ വി.എഫ്.പി.സി.കെയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സ്വീകരിച്ചത്.