മധ്യമേഖലയിൽ യു.ഡി.എഫിന് വൻ കുതിപ്പ്
text_fieldsഎറണാകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദിനൊപ്പം ഡി.സി.സി ഓഫിസിന് മുന്നിൽ ആഹ്ലാദം പങ്കിടുന്ന ഹൈബി ഈഡൻ എം.പിയും മേയർ വി.കെ മിനിമോളും പ്രവർത്തകരും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യമേഖലയിൽ ഇക്കുറി വൻ മുന്നേറ്റം നടത്തി യു.ഡി.എഫ്. എറണാകുളം, ഇടുക്കി ജില്ലകളിൽ മുന്നണി സമ്പൂർണ ആധിപത്യം നേടിയപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തുടർ ഭരണത്തിന് നിർണായക പങ്ക്വഹിച്ച തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിലകൂടുതൽ ശക്തമാക്കി. മേഖലയിലെ മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച നാലു മന്ത്രിമാർ തോൽക്കുകയും ചെയ്തു. മേഖലയിലെ ആകെയുള്ള 44 സീറ്റുകളിൽ ഇക്കുറി 15 സീറ്റ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് 28 സീറ്റ് സ്വന്തമാക്കിയപ്പോൾ എൽ.ഡി.എഫിന് 16 സീറ്റേ നേടാൻ കഴിഞ്ഞുള്ളൂ. 2021ൽ എൽ.ഡി.എഫ് 31 സീറ്റും യു.ഡി.എഫ് 13 സീറ്റുമാണ് നേടിയത്.
അതേസമയം നഷ്ടമായ സീറ്റുകളെക്കാൾ ഇടതുമുന്നണിയെ അലട്ടുക വിജയിച്ച പരമ്പരാഗത സീറ്റുകളിൽ ഉൾപ്പെടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വൻ ഇടിവാണ്. ഇക്കുറി വീണ്ടും മത്സരിച്ച് വിജയിച്ച പ്രമുഖ ഇടത് നേതാക്കളുടെ പോലും ഭൂരിപക്ഷത്തിൽ വൻ കുറവാണ് ഉണ്ടായത്. അതേസമയം യു.ഡി.എഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുത്തനെ ഉയരുകയും ചെയ്തു. പലരുടെയും ഭൂരിപക്ഷം ഇരട്ടിയും മൂന്നിരട്ടിയും വരെ വർധിച്ചു. യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയിട്ടും തൃശ്ശൂരും പാലക്കാടും എൽ.ഡി.എഫിനെ പരിപൂർണമായി കൈവിട്ടില്ല.
ഭരണ വിരുദ്ധ വികാരത്തിന് പുറമെ 2021ലെ തെരഞ്ഞെടുപ്പിൽ നിന്ന് ഭിന്നമായി ഇക്കുറി മധ്യമേഖലയിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നത് ഇടതുമുന്നണിക്ക് തിരിച്ചടിയായി. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ ഉയർത്തിയ ‘ഡീൽ’ ആരോപണവും തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന വിദേശ സംഭാവന നിയന്ത്രണ നിയമവുമാണ് (എഫ്.സി.ആർ.എ) ഇതിന് പ്രധാനമായും വഴിയൊരുക്കിയത്.
ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ മേഖലയിൽ മത്സരിച്ച അഞ്ചു മന്ത്രിമാരിൽ നാലു പേരും തോറ്റു. തൃത്താലയിൽ എം.ബി. രാജേഷ്, കളമശ്ശേരിയിൽ പി. രാജീവ്, ഇരിങ്ങാലക്കുടയിൽ ഡോ. ആർ. ബിന്ദു, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ എന്നിവരാണ് തോറ്റത്. ഒല്ലൂരിൽ സി.പി.ഐ സ്ഥാനാർഥിയായിരുന്ന റവന്യൂമന്ത്രി കെ. രാജൻ വിജയിച്ചു. പാലക്കാട് ബി.ജെ.പി പ്രതീക്ഷ അർപ്പിച്ചിരുന്ന ശോഭ സുരേന്ദ്രനും മണലൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപനും തോറ്റു.
2021ൽ എറണാകുളം ജില്ലയിൽ ആകെയുള്ള 14 സീറ്റിൽ യു.ഡി.എഫ് ഒമ്പതും എൽ.ഡി.എഫ് അഞ്ചും സീറ്റുമാണ് നേടിയത്. ഇക്കുറി യു.ഡി.എഫ് എല്ലാ സീറ്റും വിജയിച്ച് ജില്ല തൂത്തുവാരി. കഴിഞ്ഞ തവണ വിജയിച്ച കൊച്ചി, കളമശ്ശേരി, വൈപ്പിൻ, കേതമംഗലം, കുന്നത്തുനാട് മണ്ഡലങ്ങൾ ഇക്കുറി ഇടതു മുന്നണിക്ക് നഷ്ടമായി. ഇതിൽ കൊച്ചി, കളമശ്ശേരി, കോതമംഗലം മണ്ഡലങ്ങൾ ഉറപ്പായി വിജയിക്കാമെന്നും തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിൽ നല്ല സാധ്യതയും ഇടതുമുന്നണി വിലയിരുത്തിയിരുന്നു.
അഞ്ചില് അഞ്ചു സീറ്റും തൂത്തുവാരിയ ഇടുക്കിയിലും യു.ഡി.എഫ് ഉജ്വല വിജയമാണ് നേടിയത്. സംസ്ഥാനമൊട്ടാകെയുണ്ടായ ഭരണ വിരുദ്ധ വികാരത്തിനൊപ്പം ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും ഇത്തവണ ജില്ല യു.ഡി.എഫിന് കൈ കൊടുക്കാൻ കാരണമായതായി ചൂണ്ടിക്കാട്ടുന്നത്. 2021ൽ ഇടുക്കിയിൽ ആകെയുള്ള അഞ്ചു സിറ്റീൽ നാലെണ്ണം എൽ.ഡി.എഫ് നേടിയിരുന്നു. തൊടുപുഴയിൽ മാത്രമാണ് അന്ന് യു.ഡി.എഫ് ജയിച്ചത്.
തൃശൂരിൽ ആകെയുള്ള 13ൽ ഒമ്പത് മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ നാലു സീറ്റുകൾ യു.ഡി.എഫിനെ തുണച്ചു. അഞ്ച് സീറ്റുകളിൽ കഴിഞ്ഞ തവണ വിജയിച്ച സി.പി.ഐ ഇത്തവണ മൂന്നായി ചുരുങ്ങി. ഒല്ലൂരിൽ മന്ത്രി കെ. രാജൻ പരിക്കില്ലാതെ വിജയിച്ചുകയറിയപ്പോൾ കൊടുങ്ങല്ലൂരും തൃശൂരും കൈവിട്ടു. പാലക്കാടും ഇടതു മുന്നണിയെ പൂർണമായി കൈവിട്ടില്ല. ജില്ലയിൽ ആകെയുള്ള 12 സീറ്റിൽ ഏഴിടത്ത് എൽ.ഡി.എഫും അഞ്ചിടത്ത് യു.ഡി.എഫും വിജയിച്ചു.


