‘മുനാഫിഖിന്റെ പണി’ പ്രയോഗിച്ചത് തരംപോലെ കൂറുമാറുന്ന രാഷ്ട്രീയ സ്വഭാവം ചൂണ്ടിക്കാണിക്കാൻ -ആയിഷ ഫർസാന; ‘അറബിയും ഖുർആനും കേൾക്കുമ്പോൾ ചിലർക്ക് ഇത്ര അസഹിഷ്ണുത തോന്നുന്നത് എന്തുകൊണ്ട്?’
text_fieldsകാസർകോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലെ ഒരു വാക്ക് പിടിച്ചു രാഷ്ട്രീയ വിവാദം ഉണ്ടാക്കാൻ ചിലർ നടത്തിയ ശ്രമം ഇപ്പോൾ പുതിയ വ്യാജപ്രചരണമായി മാറുകയാണെന്ന് വനിത ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന. തന്റെ പ്രസംഗത്തിൽ ഉപയോഗിച്ച “മുനാഫിഖിന്റെ (കപടൻമാരുടെ) പണി എടുക്കുന്നവർ” എന്ന പ്രയോഗം ഒരിക്കലും മതത്തെയോ വിശ്വാസത്തെയോ ലക്ഷ്യമിട്ടതല്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാസർകോട് നടത്തിയ പരിപാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഷാനവാസ് പാദൂരിനെ കുറിച്ച് ആയിഷ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ‘രാവിലെ ഒരു കൊടി പിടിച്ച്, ഉച്ചക്ക് മറ്റൊരു കൊടി പിടിച്ച്, വൈകീട്ട് മറ്റൊരു കൊടി പിടിച്ച് മുനാഫിഖിന്റെ പണിയെടുത്ത് നമ്മളോട് വോട്ടഭ്യർഥിക്കാൻ വരുന്നു’ എന്നായിരുന്നു പ്രസംഗമധ്യേ ആയിഷ പറഞ്ഞത്. രാഷ്ട്രീയത്തിൽ സ്ഥാനം കിട്ടാത്തപ്പോൾ സ്വന്തം പ്രസ്ഥാനത്തോട് വിശ്വാസവഞ്ചന കാണിച്ച് തരം പോലെ കൂറുമാറുന്ന രാഷ്ട്രീയ സ്വഭാവത്തെ ചൂണ്ടിക്കാണിക്കാനാണ് താൻ ആ പ്രയോഗം ഉപയോഗിച്ചതെന്ന് അവർ പറഞ്ഞു. കാപട്യമുള്ള പെരുമാറ്റത്തെയാണ് സൂചിപ്പിച്ചത്. അതിലുപരി ഒന്നുമില്ല -ആയിഷ പറഞ്ഞു.
‘കാസർകോട് സപ്തഭാഷാ സംഗമ ഭൂമിയാണ്. മലയാളം, തുളു, കന്നഡ, ബിയാരി, കൊങ്കണി, ഉർദു, അറബി തുടങ്ങി നിരവധി ഭാഷകളുടെ സ്വാഭാവിക ഇടപെടലുള്ള പ്രദേശമാണിത്. അതിനാൽ സാധാരണ സംഭാഷണങ്ങളിലും പൊതുപ്രസംഗങ്ങളിലും വിവിധ ഭാഷകളിൽ നിന്നുള്ള പദങ്ങൾ ഉപയോഗിക്കുന്നത് ഇവിടെ അസാധാരണമായ കാര്യമല്ല. അതിനെ മതവിവാദമാക്കി മാറ്റാനുള്ള ശ്രമം രാഷ്ട്രീയ ദൗർബല്യത്തിന്റെ തെളിവ് മാത്രമാണ്.
രാഷ്ട്രീയത്തിൽ എതിരാളികളുടെ നിലപാടില്ലായ്മയെയും വിശ്വാസവഞ്ചനയെയും വിമർശിക്കുന്നത് പുതിയ കാര്യമല്ല. സ്വന്തം പാർട്ടിയിൽ നിന്ന് വിട്ടുപോയ ജി. സുധാകരൻ, പി.കെ ശശി അടക്കമുള്ള ചില നേതാക്കളെ കുറിച്ച് ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രിയും പൊതുവേദിയിൽ “വിശ്വാസവഞ്ചകർ” എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഒരു രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ഉപയോഗിച്ച ഒരു വാക്കിനെ മതവിവാദമാക്കി മാറ്റുന്നത് ശുദ്ധമായ കപട രാഷ്ട്രീയമാണ്.
ഇതിലും വലിയ കപടത എന്തെന്നാൽ ആറ് മാസം മുമ്പ് നടന്ന, തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത “ലീഗ് സഭ” എന്ന പരിപാടിയിലെ പ്രസംഗത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്ത് കൈരളി പോലുള്ള മാധ്യമങ്ങൾ ഇപ്പോൾ പുതിയൊരു വ്യാജപ്രചരണം നടത്തുകയാണ്. പ്രാദേശികമായി ചില ആഭ്യന്തര പ്രശ്നങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ, ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാൻ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. അവിടെ കൂടിയിരുന്ന വനിതകളോട് ഐക്യത്തെയും സഹോദര്യത്തെയും കുറിച്ച് സംസാരിക്കുന്ന വേളയിലാണ് മനുഷ്യർക്കിടയിലെ ഐക്യവും പരസ്പര ബഹുമാനവും ഓർമ്മിപ്പിക്കുന്ന ഒരു ഖുർആൻ വചനം ഞാൻ ഉദ്ധരിച്ചത്.
അത് ഇപ്പോൾ “മതം പറഞ്ഞ് വോട്ട് ചോദിച്ചു” എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ അസത്യത്തിന്റെ ഏറ്റവും ഹീനമായ രൂപമാണ്. ഇവിടെ മറ്റൊരു കാര്യം കൂടി വ്യക്തമായി പറയേണ്ടതുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് മതം പറഞ്ഞ് വോട്ട് പിടിക്കേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. കാരുണ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ഈ പ്രസ്ഥാനം പതിറ്റാണ്ടുകളായി നടത്തിയ പ്രവർത്തനങ്ങൾ കേരള സമൂഹം മുഴുവൻ അറിയുന്ന കാര്യമാണ്. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും സേവന പ്രവർത്തനങ്ങളും സമൂഹത്തിനായി ഉയർത്തിപ്പിടിക്കുമ്പോൾ ആരോടും ജാതി ചോദിച്ചിട്ടില്ല, മതം ചോദിച്ചിട്ടില്ല, സംഘടന ചോദിച്ചിട്ടില്ല. മനുഷ്യൻ എന്ന ഒരേയൊരു പരിഗണന മാത്രമാണ് ഈ പ്രസ്ഥാനം എന്നും മുൻനിർത്തിയത്. അതാണ് ഇന്നേവരെ ഈ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും ആത്മാവും.
ഈ രാജ്യത്ത് പൊതുവേദികളിൽ ഗീതയും ബൈബിളും ഖുർആനും ബുദ്ധവചനങ്ങളും മനുഷ്യ മൂല്യങ്ങളെ ഓർമ്മിപ്പിക്കാൻ ഉദ്ധരിക്കപ്പെടാറുണ്ട്. അത് മതവിഭജനമല്ല; മറിച്ച് ഈ നാടിന്റെ സഹവർത്തിത്വ സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷേ, സത്യം മറച്ച്, പ്രസംഗങ്ങൾ കട്ട് ചെയ്ത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചരണം നടത്തുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ മാർഗമല്ല; അത് നെറികെട്ട രാഷ്ട്രീയത്തിന്റെ ലക്ഷണമാണ്.
അറബി വാക്കുകളും ഖുർആൻ വചനങ്ങളും കേൾക്കുമ്പോൾ ചിലർക്ക് ഇത്ര അസഹിഷ്ണുത തോന്നുന്നത് എന്തുകൊണ്ടാണെന്ന് സമൂഹം തന്നെ ചിന്തിക്കേണ്ട സമയമാണിത്. അതേസമയം, ഗുരുവായൂരിൽ ബിജെപി അവിടുത്തെ എംഎൽഎമാരുടെ പേര് എഴുതി ചേർത്ത് തുറന്ന വർഗീയത സംസാരിച്ച സംഭവം ചർച്ച ചെയ്യാതെ അതിനെ അവഗണിച്ച് ഈ വിഷയത്തെ വിവാദമാക്കാൻ സിപിഎം നടത്തുന്ന ശ്രമം കാണുമ്പോൾ, അതിന്റെ പിന്നിലെ രാഷ്ട്രീയ താൽപര്യവും ഈ ഒത്തുകളിയുടെ സ്വഭാവവും ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്.✋
ഈ നാട് മതേതര ജനാധിപത്യത്തിന്റെ ശക്തിയിലാണ് നിലനിൽക്കുന്നത്. മതത്തെ ആയുധമാക്കി രാഷ്ട്രീയം ചെയ്യുന്ന പാരമ്പര്യം നമ്മുടേതല്ല. ഐക്യവും സഹവർത്തിത്വവും സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് എന്നും നമ്മൾ മുറുകെ പിടിച്ചിട്ടുള്ളത്.
അവസാനമായി, വ്യാജപ്രചരണങ്ങൾ കൊണ്ട് താൽക്കാലികമായി ശബ്ദമുണ്ടാക്കാം. പക്ഷേ, അതുകൊണ്ടൊന്നും പത്ത് വർഷത്തെ ദുരിതഭരണം ജനങ്ങൾ മറക്കില്ല. കേരളീയ സമൂഹം ഏപ്രിൽ 9 നെ കാത്തിരിക്കുകയാണ്... ഈ നെറികെട്ട ഭരണത്തിന്റെ അവസാന ആണിയും അടിക്കാനായി...’ -ആയിഷ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.


