കണ്ണൂരിൽ വനിത ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണ പൊടി ആക്രമണം
text_fieldsപേരാവൂര്‍ നിയോജകമണ്ഡലത്തിലെ കടത്തുംകടവ് സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയ സണ്ണി ജോസഫ്
കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് മത്സരിക്കുന്ന കണ്ണൂർ ജില്ലയിലെ പേരാവൂർ മണ്ഡലത്തിൽ യു.ഡി.എഫ് വനിത ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണ പൊടി ആക്രമണം. 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി സ്കൂളിലെ സണ്ണിജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്കാണ് സി.പി.എം പ്രവര്‍ത്തകര്‍ നായ്ക്കുരണ പൊടി വിതറി അക്രമിച്ചത്.
വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കെ.കെ. ശൈലജയാണ് ഇവിടെ സി.പി.എം സ്ഥാനാർഥി.
ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദിന് നേരെ വധഭീഷണിയെന്ന് പരാതി
കണ്ണൂർ: വോട്ടെടുപ്പിനിടെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ച് അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി ധർമ്മടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വി.പി. അബ്ദുൾ റഷീദ്. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എടക്കാട് പൊലീസിൽ പരാതി നൽകി. പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലമാണിത്.
രാവിലെ 11:45-ഓടെ മുഴപ്പിലങ്ങാട് ഭാഗത്തെ 140, 141 ബൂത്തുകളിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് സംഭവം. സിപിഎം പ്രവർത്തകന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥാനാർഥിയെ തടയുകയും യാതൊരു പ്രകോപനവുമില്ലാതെ പരസ്യമായി അസഭ്യം പറയുകയും ചെയ്തതായാണ് ആരോപണം. ‘ശവം തീനി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും കൊലപ്പെടുത്തുമെന്ന് ആക്രോശിച്ചുകൊണ്ട് വധഭീഷണി മുഴക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വോട്ടർമാരെ ഭയപ്പെടുത്തുന്ന രീതിയിൽ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും സ്ഥാനാർഥിയെന്ന നിലയിലുള്ള ഔദ്യോഗിക കടമകൾ നിർവഹിക്കുന്നത് തടഞ്ഞുകൊണ്ട് തനിക്ക് നേരെ ശാരീരികമായ ആക്രമണത്തിന് ഇവർ മുതിർന്നതായും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സമാധാനപരമായ വോട്ടെടുപ്പ് തടസ്സപ്പെടുത്താനും ശ്രമിച്ച കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.


