‘പേരാമ്പ്രയിലേക്ക് പോകുന്നത് നൂറു ശതമാനം പ്രതീക്ഷയോടെ’; സ്ഥാനാർഥിത്വം വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്ന് ഫാത്തിമ തഹ്‍ലിയ
text_fieldsകോഴിക്കോട്: പേരാമ്പ്രയിലേക്ക് പോകുന്നത് നൂറു ശതമാനം പ്രതീക്ഷയോടെയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയ. പാണക്കാട്ട് ഇന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് തഹ്‍ലിയയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയായിരുന്നു അവരുടെ പ്രതികരണം.
‘സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോൾ അതിൽ ഒരിടം ലഭിച്ചു എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായാണ് കണക്കാക്കുന്നത്. പേരാമ്പ്രയിലേക്ക് പോകുന്നത് നൂറു ശതമാനം പ്രതീക്ഷയോടെയാണ്.
കേരളത്തിൽ ഉടനീളമുള്ള ഭരണ വിരുദ്ധ തരംഗത്തിന്റെ ആദ്യഹിറ്റ് പേരാമ്പ്രയിൽനിന്ന് നൽകുകയെന്നതാണ് ഈ ഉദ്യമത്തിലൂടെ മുന്നോട്ടുവെക്കുന്നത്. എൽ.ഡി.എഫ് ഭരണം അവസാനിക്കണമെന്ന് ജനങ്ങൾ കരുതുന്ന കാലത്ത്, പേരാമ്പ്രയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്നു തന്നെയാണ് വിശ്വാസം. പേരാമ്പ്രയിൽ ഞങ്ങളത് പ്രതിഫലിപ്പിക്കും’ -തഹ്‍ലിയ പറഞ്ഞു.
ഇടതുമുന്നണിക്ക് ഏറെ വേരോട്ടമുള്ള മണ്ഡലമാണ് പേരാമ്പ്രയെങ്കിലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് മേൽക്കൈ ലഭിച്ചത്. ഈ സാഹചര്യത്തിലാണ് മുസ്‍ലിം ലീഗിന്റെ വളർന്നുവരുന്ന വനിതാ നേതാക്കളിൽ പ്രധാനിയായ തഹ്ലിയയെ പാർട്ടി പേരാമ്പ്രയിലെ പോരാട്ടത്തിന് നിയോഗിക്കുന്നത്.


