‘ബഫർ സോണുണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കും’; എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം, വിവാദമായപ്പോൾ തിരുത്ത്
text_fieldsതിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ കോർ സോണിന് ചുറ്റും ബഫർ സോണുണ്ടാക്കുമെന്നും അവിടെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും എൽ.ഡി.എഫ് പ്രകടനപത്രിക വാഗ്ദാനം. എന്നാൽ, ഇത് കുടിയേറ്റ മേഖലകളിൽ ഉൾപ്പെടെ വലിയ വിവാദമായപ്പോൾ തിരുത്തുമായി മുന്നണി രംഗത്തെത്തി. സംരക്ഷിത വനമേഖലകൾ പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളെ പരിഗണിച്ച് മാനേജ് ചെയ്യുമെന്നും കോർ, ബഫർ സോണുകൾ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്നുമാണ് തിരുത്തിയത്.
ബഫർ സോണുകളിൽ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പാക്കുകയെന്നും തിരുത്തൽ വരുത്തിയുള്ള ഇടതുമുന്നണിയുടെ വാർത്താകുറിപ്പിൽ പറയുന്നു. വനസംരക്ഷണം പ്രതിപാദിക്കുന്ന ഭാഗം സംബന്ധിച്ച് മുന്നണിക്കകത്ത് വിമർശനം ഉയർന്നതോടെയാണ് മൂന്ന് ഖണ്ഡിക തിരുത്തിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷപൂർവം ഇറക്കിയ പ്രകടനപത്രികയിൽ വനസംരക്ഷണം പ്രതിപാദിക്കുന്ന 50ാം ഖണ്ഡികയിലായിരുന്നു കോർ സോണിന് ചുറ്റും ബഫർ സോണുണ്ടാക്കുകയും അവിടെ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നത്. ഇതിന് പുറമെ ഇക്കോ ടൂറിസം പ്രവർത്തനങ്ങളും മറ്റും കർശന നിയന്ത്രണത്തോടെ മൂന്നാമത്തെ സോണായ ഔട്ടർ സോണിലേ അനുവദിക്കൂ, മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ ‘മിഷൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പാക്കും’ എന്നിങ്ങനെയും പറഞ്ഞിരുന്നു. ഈ ഭാഗമാണ് തിരുത്തിയത്.
ഏതുവിധേനയും അധികാരത്തിൽ തിരിച്ചെത്താൻ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ബഫർ സോൺ വിഷയം ഉന്നയിച്ചാൽ തെരഞ്ഞെടുപ്പിൽ കുടിയേറ്റ വോട്ടുകൾ എതിരാവുമെന്ന ആശങ്ക മുൻനിർത്തിയാണ് തിരുത്തൽ. വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നത് യു.ഡി.എഫ് പ്രചാരണ വിഷയമാക്കുമ്പോഴാണ് മലയോര മേഖലയിലെ ജനങ്ങളെ പരിഗണിക്കാതെ വനസംരക്ഷണം സംബന്ധിച്ച പ്രകടനപത്രിക ഭാഗം തയാറാക്കിയതെന്നായിരുന്നു വിമർശനം.
അതേസമയം, തിരുത്തിയത് എൽ.ഡി.എഫിനുള്ളിൽ അഭിപ്രായ ഭിന്നതകൾക്കും വഴിയൊരുക്കി. പരിസ്ഥിതി സംരക്ഷണത്തിന് പരമ്പരാഗതമായി ഊന്നൽ നൽകുന്ന ഇടതുനയത്തിൽ കേവലം തെരഞ്ഞെടുപ്പ് മുൻനിർത്തി വെള്ളം ചേർക്കുന്നതിനെതിരെ ഒരുവിഭാഗം പ്രവർത്തകർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.


