Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്നോട് എസ്.ഡി.പി.ഐ...

‘എന്നോട് എസ്.ഡി.പി.ഐ വോട്ട് വേണോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതിങ്ങനെ...’ -വിഡിയോയുമായി രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
‘എന്നോട് എസ്.ഡി.പി.ഐ വോട്ട് വേണോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതിങ്ങനെ...’ -വിഡിയോയുമായി രാഹുൽ മാങ്കൂട്ടത്തിൽ
cancel

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിഡിയോ പോഡ്കാസ്റ്റുമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. മുൻ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സ്റ്റാർ കാമ്പയിനറായിരുന്ന രാഹുലിന്, ഇത്തവണ ലൈംഗികാതിക്രമ കേസുകളിൽ​ പ്രതിയായി പാർട്ടിക്ക് പുറത്തായതിനാൽ സ്റ്റേജുകൾ നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ വിഡിയോയുമായി രംഗത്തെത്തിയത്.

ഇപ്പോൾ സജീവ ചർച്ചാവിഷയമായ എസ്.ഡി.പി.ഐ -സി.പി.എം കൂട്ടുകെട്ടിനെകുറിച്ചാണ് ആദ്യവിഡിയോയിൽ രാഹുൽ വിശദീകരിക്കുന്നത്. ആർഎസ്എസ് - സി.പി.എം ചങ്ങാത്തത്തെ കുറിച്ച് ഉടൻ തന്നെ പറയുമെന്നും ഇനിയുള്ള ദിവസങ്ങളിലും ഇങ്ങനെ സംസാരിച്ചുകൊണ്ട് തന്നെ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

‘സി.പി.എം -എസ്.ഡി.എപി.​ഐ ഡീൽ മറയ്ക്കാൻ ‘പാലക്കാട് നിങ്ങൾ ഒക്കചങ്ങായിമാർ ആയിരുന്നില്ലേ’ എന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി വിജയൻ പറഞ്ഞത്. പാലക്കാട് ആ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ഏറ്റവും വലിയ ഭൂരിപക്ഷമായ 18,840 വോട്ടുകൾക്ക് വിജയിച്ച ആള് ഞാനാണ്. എസ്ഡിപിഐയുടെ വോട്ട് എനിക്ക് വേണമെന്ന് പറയുന്ന ഒരൊറ്റ വീഡിയോയോ ഏതെങ്കിലും ഒരു ബൈറ്റോ നിങ്ങൾക്ക് കാണിച്ചു തരാനുണ്ടോ എന്ന് വിജയനോടും വിജയനെ പിന്തുണക്കുന്ന സേനയോടും ഞാൻ വെല്ലു വിളിക്കുന്നു.

എന്നോട് എസ്ഡിപിഐയുടെ വോട്ട് വേണമോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്, ‘എസ്ഡിപിഐയിൽ മാത്രം എന്തിനാ ലിമിറ്റ് ചെയ്യുന്നത്? വർഗീയമായി ചിന്തിക്കുകയെങ്കിലും ചെയ്യുന്ന ഒരൊറ്റ മനുഷ്യന്റെ പോലും വോട്ട് എനിക്ക് വേണ്ട’ എന്നാണ്. ആ പറഞ്ഞതിന്റെ കൂടി അംഗീകാരമായിട്ടാണ് പാലക്കാടിന്റെ മതേതര മണ്ണ് എന്നെ വലിയ വിജയിപ്പിച്ചത് എന്നുള്ള ആത്മവിശ്വാസം എനിക്കുണ്ട്

ശിവൻകുട്ടി വോട്ട് ചോദിച്ചു എന്നാണ് എസ്ഡിപിഐ നേതാക്കന്മാർ പറഞ്ഞത്. പാലക്കാട്ട് അടക്കമുള്ള ഏതെങ്കിലും ഒരു എസ്ഡിപിഐ നേതാവിനോട് ഞാൻ അവരോട് വോട്ട് ആവശ്യപ്പെട്ടതിന്റെ ഏതെങ്കിലും തരത്തിലുള്ള ഒരു തെളിവ്, അത് ഡിജിറ്റൽ എവിഡൻസോ ഫിസിക്കൽ എവിഡൻസോ എന്തെങ്കിലും ഒരു തെളിവ് നിരത്താൻ നിങ്ങൾക്ക് കഴിയുമോ? ഇല്ല.

മറിച്ച് നിങ്ങളുടെ ശിവൻകുട്ടി എന്താ പറഞ്ഞത്? ‘ഒരു തെരഞ്ഞെടുപ്പിൽ ആദ്യം ഇറക്കുന്ന അഭ്യർഥനയിൽ ഇന്ന ആൾക്കാർ മാത്രം വോട്ട് ചെയ്താൽ മതി ബാക്കിയുള്ളവർ വോട്ട് ചെയ്യണ്ട എന്ന് പറയാൻ പറ്റുമോ?" എന്നാണ് ശിവൻകുട്ടി പറഞ്ഞത്. വർഗീയമായി ചിന്തിക്കുന്ന ഒരാളുടെയും വോട്ട് വേണ്ട എന്ന് ഞങ്ങൾക്ക് പറയാൻ കഴിയും.

ശിവൻകുട്ടിക്ക് മാത്രമല്ല എസ്ഡിപിഐ വോട്ടുകളോട് അസ്പൃശ്യത ഇല്ലാത്തത്. സിപിഎമ്മിന്റെ വളരെ മുതിർന്ന നേതാവും അവരുടെ കേന്ദ്ര കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലയിലെ എല്ലാ സീറ്റുകളുടെ ചുമതലയും ഏൽപ്പിച്ചിരിക്കുന്നയാളാണ് തോമസ് ഐസക്ക്. ‘ഞങ്ങളുടെ നയത്തെ ആര് പിന്താങ്ങിയാലും ആ വോട്ട് വേണ്ട എന്ന് ഞങ്ങൾ പറയില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

എവിടെ നിന്നുകൊണ്ടാണ് പറയുന്നത് എന്നുള്ളതാണ് പ്രസക്തം. 2021 ഡിസംബർ 18ന് ഷാൻ എന്ന് പറയുന്ന എസ്ഡിപിഐ പ്രവർത്തകനെ അതിക്രൂരമായി ആർഎസ്എസ്സുകാർ കൊല ചെയ്യുന്നു, 24 മണിക്കൂർ തികയുന്നതിനു മുൻപ് തിരിച്ച് രഞ്ജിത് ശ്രീനിവാസൻ എന്ന ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐക്കാർ ക്രൂരമായി കൊല ചെയ്യുന്നു. അത്രയ്ക്ക് എസ്ഡിപിഐക്ക് സംഘടനാ സ്വാധീനമുള്ള ആലപ്പുഴ ജില്ലയിൽ അവർക്ക് പൊളിറ്റിക്കൽ ലെജിറ്റിമസി കൊടുക്കുകയാണ് സിപിഎമ്മിന്റെ തലമുതിർന്ന നേതാവ്’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

‘നാൻ പെറ്റ മകനെ’ എന്ന അലമുറ ഇപ്പോഴും വിറങ്ങലിച്ച ഓർമ്മയായിട്ട് അവശേഷിക്കുന്നില്ലേ?’

‘ഭൂപതി എന്ന് പറയുന്ന ആ സാധുസ്ത്രീയെ മറന്നാലും 'നാൻ പെറ്റ മകനെ' എന്ന അവരുടെ അലമുറ ഇപ്പോഴും നമ്മുടെയൊക്കെ ഹൃദയത്തിൽ ഇങ്ങനെ വിറങ്ങലിച്ച ഓർമ്മയായിട്ട് അവശേഷിക്കുന്നില്ലേയെന്നും രാഹുൽ ചോദിച്ചു. ‘പെണ്ണേ എടി പെൺ കൊച്ചേ നീ എന്നെ മറന്നില്ലേ എന്ന പാട്ട് നിങ്ങൾ ഓർക്കുന്നുണ്ടോ? ഈ പാട്ടു പാടിയ ചെറുപ്പക്കാരെ നിങ്ങൾ ഓർക്കുന്നുണ്ടോ? ഇടുക്കിയിൽ വട്ടവട എന്ന് പറയുന്ന സ്ഥലം നിങ്ങളുടെ ഓർമ്മയിലുണ്ടോ? അവിടെ ഭൂപതി എന്ന് പറയുന്ന ഒരു സാധു സ്ത്രീയെ നിങ്ങൾ മറന്നുപോയില്ലേ? മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ അമ്മ ഇത്തവണയും പോളിംഗ് ബൂത്തിൽ പോയി ക്യൂ നിന്ന് വോട്ട് ചെയ്യും. ആ വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിന് തന്നെ ആയിരിക്കും എന്നുള്ള കാര്യത്തിൽ ഒന്നും എനിക്ക് തർക്കമില്ല. പക്ഷേ ഇത്തവണ വോട്ട് ചെയ്യുമ്പോൾ വല്ലാതെ കുറ്റബോധത്തോടു കൂടിയിട്ടായിരിക്കും ആ അമ്മ വോട്ട് ചെയ്യുക’ -അദ്ദേഹം പറഞ്ഞു.

‘അഭിമന്യുവിനെ ഒക്കെ സി.പി.എം എന്നേ മറന്നുപോയി. മഹാരാജാസിൽ എസ്എഫ്ഐയുടെ സംഘടനാ പ്രവർത്തകനായതിന്റെ പേരിൽ എസ്ഡിപിഐക്കാരാൽ കൊല്ലപ്പെട്ട, കേരളത്തിലെ ചുമരുകളായ ചുമരുകളിൽ മുഴുവൻ 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം എഴുതിവെച്ച ആ സംഭവങ്ങളെല്ലാം സി.പി.എം മറന്നു പോയിട്ടുണ്ടാകും.

ഇപ്പോൾ നേമം മുതൽ വേങ്ങര വരെയും, മങ്കട മുതൽ മഞ്ചേശ്വരം വരെയും തെരഞ്ഞെടുപ്പ് ധാരണ എസ്ഡിപിഐയുമായിട്ട് ഉണ്ടാക്കുമ്പോൾ, നിങ്ങൾ എന്തെല്ലാം മറന്നു പോയാലും മായാതെ കിടക്കുന്ന 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യങ്ങൾ, ആ മുദ്രാവാക്യങ്ങളുടെ മുകളിൽ വെള്ളയടിച്ച് 'നാൻ പെറ്റ മകനേ മാപ്പ്' എന്ന് എഴുതി വെച്ചിട്ടേ നിങ്ങൾ വോട്ട് പിടിക്കാൻ ഇറങ്ങാവുള്ളൂ എന്നൊരു അഭ്യർത്ഥനയാണ് സിപിഎം നേതാക്കന്മാരോട് എനിക്ക് പറയാനായിട്ടുള്ളത്.

അഭിമന്യു കൊല്ലപ്പെട്ട് വർഷം രണ്ട് തികയുന്നതിനു മുൻപ് അഭിമന്യു കൊലകേസിലെ നാലാം പ്രതിയായ അമാൻ ഫറൂഖി എന്ന എസ്ഡിപിഐ പ്രവർത്തകന്റെ പഞ്ചായത്തായ കോട്ടാങ്ങലിൽ തന്നെ സിപിഎം എസ്ഡിപി​ഐയുമായി ചേർന്ന് പഞ്ചായത്ത് ഭരിച്ച ആളുകൾക്ക്, കേരളം മുഴുവൻ ആ സഖ്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രത്യേകിച്ച് മനസാക്ഷിക്കുത്ത് ഒന്നുമില്ല’ -രാഹുൽ ആരോപിച്ചു.

‘ആരാണ് വേങ്ങരയിലെ സ്ഥാനാർഥി ഈ സബാഹ്?’

കഴിഞ്ഞ തവണ എസ്ഡിപിഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച സബാഹാണ് വേങ്ങരയിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി​യെന്ന് രാഹുൽ പറഞ്ഞു. ‘വേങ്ങരയിൽ സി.പി.എമ്മിന് ഒരു സ്ഥാനാർത്ഥി ഉണ്ടല്ലോ. ആരാണ് ഈ സബാഹ്? 2021ലെ തിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫിന് വേണ്ടി മത്സരിച്ചപ്പോൾ അവിടെ എസ്ഡിപിഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച സബാഹാണ് ഇത്തവണത്തെ എൽഡിഎഫ് സ്ഥാനാർത്ഥി. ‘എസ്ഡിപിഐയുടെ വോട്ട് വാങ്ങിയിട്ടുള്ള ഒരു ജയവും എനിക്ക് വേണ്ട എന്ന്’ അവിടെ ഇത്തവണ മത്സരിക്കുന്ന കെ എം ഷാജി പറഞ്ഞിട്ടുണ്ട്.

മഞ്ചേശ്വരത്ത് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ യുഡിഎഫ് തിരഞ്ഞു പിടിച്ചു പരാജയപ്പെടുത്തി, അതുകൊണ്ട് യുഡിഎഫിനെ പരാജയപ്പെടുത്തും എന്നാണ് എസ്ഡിപിഐ നേതാക്കൾ പറഞ്ഞത്. അവിടെ യുഡിഎഫും ബിജെപിയും തമ്മിൽ മത്സരിക്കുമ്പോൾ പോലും യുഡിഎഫ് വേണ്ട എന്ന് തീരുമാനിക്കുകയാണ് എസ്ഡിപിഐ’ -അദ്ദേഹം പറഞ്ഞു.

‘എൽ.ഡി.എഫിൽ സി.പി.ഐയെക്കാൾ വലിയ ഘടകക്ഷിയായി എസ്ഡിപിഐ മാറി’

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സിപിഎം കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റുകൾ പിന്തുണക്കുന്ന വലിയ ഘടകക്ഷിയായി എസ്ഡിപിഐ മാറിയെന്നും രാഹുൽ ആരോപിച്ചു. ‘ആലപ്പുഴ ജില്ലയിലെ സീറ്റുകൾ, നേമം മുതൽ മഞ്ചേശ്വരം വരെയുള്ള മറ്റു സീറ്റുകൾ അങ്ങനെ നോക്കുമ്പോൾ സിപിഐയെക്കാൾ വലിയ ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് ആയ ഘടകക്ഷി എസ്ഡിപിഐ ആണ്. ആ എസ്ഡിപിഐയെയും ആർഎസ്എസിനെയും എല്ലാം ചേർത്തു പിടിച്ചുകൊണ്ട് എങ്ങനെയും ഒരു സർക്കാർ ഉണ്ടാക്കാൻ പറ്റുമോ എന്നുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങൾ എന്തെല്ലാം മറന്നാലും എന്തെല്ലാം മായിക്കുവാൻ ശ്രമിച്ചാലും നേരത്തെ സൂചിപ്പിച്ചതുപോലെ 'വർഗീയത തുലയട്ടെ' എന്ന ചുവരെഴുത്തുകൾ ഇപ്പോഴും കേരളത്തിന്റെ പലയിടത്തായിട്ട് കിടപ്പുണ്ട്. അത് കണ്ട മനുഷ്യർ, അഭിമന്യുവിനെ കണ്ട മനുഷ്യർ, ഈ തിരഞ്ഞെടുപ്പിൽ നിങ്ങളെ തോൽപ്പിക്കുക തന്നെ ചെയ്യും’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.


Show Full Article
TAGS:Kerala Assembly Election 2026 Rahul Mamkootathil SDPI CPM 
News Summary - kerala assembly election 2026: rahul mamkootathil against sdpi cpm deal
Next Story