കുറച്ച് സീറ്റിൽ ബി.ജെ.പി ജയിച്ച് കയറട്ടെയെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം -ഷാഫി പറമ്പിൽ
text_fieldsകായംകുളം: സംസ്ഥാനത്തെ സി.പി.എം- ബി.ജെ.പി ഡീൽ മതേതര സമൂഹം തിരിച്ചറിയുമെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് ഷാഫി പറമ്പിൽ എം.പി. കായംകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിനെതിരെ സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി അവിശുദ്ധ സഖ്യം പ്രവർത്തിക്കുന്നതിന് നിരവധി തെളിവുകൾ ചൂണ്ടിക്കാട്ടാനാകും. യു.ഡി.എഫുമായി സഹകരിക്കുന്ന ജി. സുധാകരനോട് ചെറ്റത്തരം കാണിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നവർക്കെതിരേ ഒരക്ഷരം ഉരിയാടാൻ ഇതുവരേയും തയ്യാറായിട്ടില്ല. ഇത് ബി.ജെ.പിയോടുള്ള സി.പി.എം സമീപനമാണ് തെളിയിക്കുന്നത്.
ഷാഫി പറമ്പിൽ എം.പി കായംകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന് ഒപ്പം നടത്തിയ റോഡ് ഷോ
കേരളത്തിൽ വന്ന പ്രധാനമന്ത്രി സകലമാന കാര്യങ്ങൾ പറഞ്ഞിട്ടും ശബരിമല സ്വർണ കൊളളയെ പറ്റി ഒരക്ഷരം മിണ്ടിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പലകാര്യത്തിലും ഒരേ നയമാണ്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിനേയും യു.ഡി.എഫിനെയുമാണ് ഇരുവരും ശത്രുസ്ഥാനത്ത് കാണുന്നത്.
കുറച്ച് സീറ്റുകളിൽ ബി.ജെ.പി ജയിച്ച് കയറട്ടെയെന്നാണ് സി.പി.എമ്മിന്റെ ആഗ്രഹം. എന്നാൽ, ജനങ്ങളുമായി ഡീൽ ഉറപ്പിച്ച യു.ഡി.എഫ് ഇതനുവദിക്കില്ലെന്നും ഷാഫി പറഞ്ഞു. എരുവയിൽ നിന്ന് നഗരം വഴി പുല്ലുകുളങ്ങര വരെ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാ ആവേശം വിതറിയായിരുന്നു ഷാഫി പറമ്പിൽ എം.പിയുടെ റോഡ് ഷോ.


