Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ബി.ജെ.പിക്കാരനല്ല,...

‘ബി.ജെ.പിക്കാരനല്ല, സി.പി.എം മന്ത്രിയാണ് അത് പ്രസംഗിച്ചത്; ഫാത്തിമ തഹ്‍ലിയയെ സ്വന്തംവീട്ടിലെ കുട്ടിയെ പോലെ ഹൃദയത്തിൽ ഏറ്റെടുത്ത് വോട്ടുതേടണം’ -ഷാഫി പറമ്പിൽ

text_fields
bookmark_border
‘ബി.ജെ.പിക്കാരനല്ല, സി.പി.എം മന്ത്രിയാണ് അത് പ്രസംഗിച്ചത്; ഫാത്തിമ തഹ്‍ലിയയെ സ്വന്തംവീട്ടിലെ കുട്ടിയെ പോലെ ഹൃദയത്തിൽ ഏറ്റെടുത്ത് വോട്ടുതേടണം’ -ഷാഫി പറമ്പിൽ
cancel

പേരാ​മ്പ്ര: നാട്ടിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ബി.ജെ.പി മാത്രമല്ല സി.പി.എമ്മും ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പിൽ എം.പി. ‘ആ ആഗ്രഹം ബി.ജെ.പിയെ പോലെ ഇപ്പോൾ സി.പി.എമ്മിനെയും പിടികൂടിയിട്ടുണ്ട് എന്നത് വലിയ വസ്തുതയാണ്. അവർ നാട്ടിലെ ജനങ്ങളുടെ ഐക്യത്തിനെതിരായിട്ട് നീങ്ങുകയാണ്. അല്ലെങ്കിൽ, ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാം എന്താണ് സംഭവിക്കുന്നതെന്ന് ഒരു മന്ത്രി പറയില്ലല്ലോ. ബി.ജെ.പി മന്ത്രിയല്ല, സിപിഎമ്മിന്റെ മന്ത്രിയാണ് കേരളത്തിൽ അത് പ്രസംഗിച്ചത്. അവർക്ക് ഈ നാട്ടിലെ ജനങ്ങളോടുള്ള താല്പര്യം എന്താണ് നിങ്ങൾ അറിയണം’ -ഷാഫി പറഞ്ഞു. പേരാമ്പ്രയിൽ യു.ഡി.എഫ് സഥാനാർഥി ഫാത്തിമ തഹ്‍ലിയയുടെ പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശബരിമല പോലെ, ജനങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഏറ്റവും പരിപാവനമായ ഒരു ആരാധനാലയത്തിൽ കയറി അയ്യന്റെ സ്വത്തും സ്വർണവും കവർന്നവരെ ഇതുവരെ പാർട്ടിയിൽ നിന്ന് പോലും പുറത്താക്കാൻ മടി കാണിക്കുകയാണ്. ഈ ഭരണകൂടത്തിനും അതിന് നേതൃത്വം നൽകുന്ന ആളുകൾക്കും പേരാമ്പ്ര കാത്തുവച്ച ഒരു മറുപടിയുണ്ട്. ദേവസ്വം ബോർഡ് എന്നത് അയ്യന്റെ സ്വർണം കാക്കാനുള്ള ബോർഡാണ്, കക്കാനുള്ള ബോർഡ് അല്ല എന്ന് പേരാമ്പ്ര ഒരേ സ്വരത്തിൽ ഈ തെരഞ്ഞെടുപ്പിൽ പറയും. ഈ കാര്യത്തിൽ സംശയം വേണ്ട.

ബാറുകളുടെ എണ്ണവും പ്രവർത്തന സമയവും സർക്കാർ കൂട്ടി. തുടക്കത്തിൽ നമ്മളോട് പറഞ്ഞിരുന്നത് ‘നിങ്ങൾ പൂട്ടിയ ബാറുകളല്ല, നിങ്ങൾ പൂട്ടിയ സ്കൂളുകളാണ് സാറേ നമ്മൾ തുറക്കാൻ പോകുന്നത്’ എന്നായിരുന്നു. കുട്ടികളെ ബാറിലിരുത്തിയാണോ പഠിപ്പിക്കാൻ പോകുന്നത്? ജനങ്ങൾ അല്ല അവരുടെ മുൻഗണന, തമ്മിലടിയും ഭിന്നിപ്പുമാണ്. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും വിഭാഗീയ രാഷ്ട്രീയത്തെ ഇനി ഉൾക്കൊള്ളാൻ കഴിയില്ല. നല്ല സഖാക്കളും ഇത്തവണ ഫാത്തിമ തഹ്‍ലിയക്ക് വോട്ട് ചെയ്യും എന്ന കാര്യത്തിന് ഒരു സംശയവും വേണ്ട.

ടി.കെ ഗോവിന്ദനെ പോലുള്ള ആളുകൾ തളിപ്പറമ്പിൽ നടത്തിയ വാർത്തസമ്മേളനം സി.പി.എം പ്രവർത്തകർക്കുള്ള ഒരു പാർട്ടി ക്ലാസ്സ് ആയിരുന്നു. കുഞ്ഞികൃഷ്ണനെ പോലുള്ള ആളുകൾ ജനങ്ങളും പ്രവർത്തകരും നേതൃത്വത്തെ തിരുത്തണം എന്ന് പറയുന്നത് നമ്മൾ കണ്ടു. ഇത് വലിയൊരു പൊളിറ്റിക്കൽ ഫൈറ്റ് ആണ്. ഇവിടെ ജാതിക്കും മതത്തിനും എല്ലാം അതീതമായി ജനങ്ങളുടെ ആവശ്യങ്ങളെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് നിങ്ങൾ തയ്യാറാവണം. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് തീരും. ഒരു സെക്കൻഡ് നമുക്ക് കളയാനില്ല. നിങ്ങൾ ഓരോരുത്തരും സ്ഥാനാർഥികളായി രംഗത്ത് വരണം. അവനവൻറെ വീട്ടിലെ കുട്ടിയെ പോലെ ഈ സാരഥിയെ ഹൃദയത്തിൽ ഏറ്റെടുത്ത് അവർക്കുവേണ്ടി സംസാരിക്കണം. പേരാ​മ്പ്രയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഇത്തവണ വോട്ട് ചെയ്യുന്നത് ഫാത്തിമ തഹ്‍ലിയക്ക് ആയിരിക്കും. ഇത് ഇവിടുത്തെ പ്രിയപ്പെട്ട സഹോദരിമാർ ഉറച്ച തീരുമാനവും പ്രതിജ്ഞയുമായി എടുക്കണം’ -ഷാഫി പറമ്പിൽ പറഞ്ഞു.

Show Full Article
TAGS:Kerala Assembly Election 2026 assembly election Shafi Parambil fathima thahliya Saji Cherian 
News Summary - kerala assembly election 2026: shafi parambil fathima thahliya saji cheriyan
Next Story