‘രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപിക്കാനാവില്ല, വി.ഡി മതി; മറ്റൊരാൾ ആ പദവിയിൽ വരരുത്, സഹിക്കില്ല, പൊറുക്കില്ല’ -കോൺഗ്രസ് നേതൃത്വത്തോട് നടൻ സിദ്ദീഖ്
text_fieldsകൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും നടൻ സിദ്ദിഖ്. അത് ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല -കോൺഗ്രസ് നേതൃത്വത്തിന് എഴുതിയ തുറന്ന കത്തിൽ അദ്ദേഹം പറഞ്ഞു. കെ. കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണിതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനോടുള്ള എതിർപ്പ് മാത്രമല്ല, തങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ജനങ്ങൾ യു.ഡി.എഫിന് ഈ ഉജ്വല വിജയം നൽകിയതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ചങ്കുറപ്പോടെ പ്രഖ്യാപിച്ച ഏക നേതാവാണ് സതീശൻ. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ആരുടെയും ഭീഷണികൾക്ക് വഴങ്ങാത്ത, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് അദ്ദേഹം. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സാധാരണക്കാരൻ വിശ്വസിച്ചിരുന്നുവെന്നും ആ വിശ്വാസം തകർക്കരുതെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
അധികാര വടംവലികൾക്കിടയിൽ ഗ്രൂപ്പ് കളിച്ചോ കുതികാൽ വെട്ടിയോ മറ്റാരെയും ഈ പദവിയിലേക്ക് കൊണ്ടുവരരുത്. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ, രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ജനങ്ങൾക്ക് കഴിയില്ല. അത്തരമൊരു നീക്കം നടന്നാൽ സഹിക്കില്ല. കോൺഗ്രസ് നേതൃത്വം നേതാക്കളുടെ അഭിപ്രായം മാത്രം കേൾക്കാതെ ജനങ്ങളുടെ ആഗ്രഹം കൂടി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന, കാലങ്ങളായി കോൺഗ്രസ്സിനൊപ്പം നിൽക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ എന്ന ഒരേ ഒരു പേര് മാത്രമേ തങ്ങൾക്കുള്ളൂ എന്ന് പറഞ്ഞാണ് സിദ്ദിഖ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്
കുറിപ്പിന്റെ പൂർണരൂപം:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും.
ആ വിശ്വാസം തകർക്കരുത്.
അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്.
ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല.
എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല.
V D സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.
കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്.
മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.V D സതീശൻ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!
സിദ്ദിഖ്


