‘ഉത്തരം വേണോ? മുകളിലേക്ക് നോക്കൂ!!’ വെറൈറ്റി പ്രചരണവുമായി യു.ഡി.എഫ് -VIDEO
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ ‘വെറൈറ്റി നമ്പർ’ പുറത്തിറക്കി യു.ഡി.എഫിന്റെ യുവജന വിഭാഗമായ യു.ഡി.വൈ.എഫ്. കുറഞ്ഞ ചിലവിൽ, ഏവരുടെയും ശ്രദ്ധ കവരുന്ന കൗതുകം നിറഞ്ഞ തന്ത്രമാണ് ഇവർ പയറ്റുന്നത്.
‘സ്വർണം കട്ടത് ആരപ്പാ? ഉത്തരം വേണോ? മുകളിലേക്ക് നോക്കൂ!!’ എന്ന് അച്ചടിച്ച പോസ്റ്ററുകൾ ഫുട്പാത്തുകളിൽ പതിച്ചാണ് ഈ വേറിട്ട പ്രചാരണം. പോസ്റ്റിൽ കാൽപാദം വെക്കാനുള്ള ഇടം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ കയറിനിന്ന് നേരെ മുകളിലേക്ക് നോക്കിയാൽ കാണുന്നത് ‘മറ്റാരുണ്ട്, എൽ.ഡി.എഫ് അല്ലാതെ’ എന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ഫോട്ടോ പതിച്ച കൂറ്റൻ പരസ്യ ബോർഡുകളാണ്. സംസ്ഥാനത്തുടനീളം പാതയോരങ്ങളിൽ എൽ.ഡി.എഫ് സ്ഥാപിച്ച ഇത്തരം ബോർഡുകൾക്ക് കീഴിലാണ് യു.ഡി.വൈ.എഫ് തങ്ങളുടെ പോസ്റ്ററുകൾ പതിച്ചത്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന യു.ഡി.എഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ 'സ്വർണം കട്ടത് ആരപ്പാ' എന്ന വൈറൽ പാട്ടിന്റെ വരികൾ ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പാടിയിരുന്നു. കരഘോഷത്തോടെയാണ് സദസ്സ് ഇത് സ്വീകരിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ യാഥാർത്ഥ്യം മനസിലാകുമെന്നും താഹുൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ‘കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകും’ -എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സോണിയ ഗാന്ധിയോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ഫോട്ടോ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.


