കൈപ്പിടിയിൽ മാഞ്ഞുപോയി ചെങ്കൊടി; എറണാകുളത്ത് യു.ഡി.എഫിന് ഫുൾമാർക്ക്
text_fieldsഎറണാകുളം കളമശ്ശേരിയിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം - ബൈജു കൊടുവള്ളി
കൊച്ചി: ഏപ്രിൽ ഒമ്പതിന് സംസ്ഥാനമൊട്ടാകെ ആഞ്ഞുവീശിയ ആ കൊടുങ്കാറ്റിനു പേര് ഭരണ വിരുദ്ധ വികാരമെന്നായിരുന്നു. ആ കൊടുങ്കാറ്റിൽ എറണാകുളം ജില്ലയിലെ ഇടത് നിയമസഭ സീറ്റുകൾ നാമാവശേഷമായി. ജില്ലയിലെ 14ൽ 14 സീറ്റിലും സമഗ്രാധിപത്യം നേടി യു.ഡി.എഫിന്റെ വിജയത്തേരോട്ടം. എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളായിരുന്ന അഞ്ച് മണ്ഡലങ്ങളുൾപ്പെടെ തിരിച്ചുപിടിച്ചാണ് ഐക്യജനാധിപത്യ മുന്നണി ജില്ലയൊന്നാകെ ഉഴുതുമറിച്ചത്. കൂടാതെ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിച്ചത് ടീം യു.ഡി.എഫിന്റെ വിജയത്തിളക്കം ഇരട്ടിയാക്കി. തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ആണ് ഭൂരിപക്ഷത്തിൽ സ്റ്റാറായത്. 50211 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇവർ രണ്ടാം വിജയം നേടിയത്.
11 സീറ്റുകളിൽ കോൺഗ്രസും മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികൾ ഓരോ സീറ്റിലുമാണ് മത്സരിച്ചത്. എല്ലായിടത്തും ജയിച്ചതിലൂടെ സംസ്ഥാനത്തെ യു.ഡി.എഫ് മുന്നേറ്റത്തിൽ നിർണായക പങ്കു വഹിക്കുകയായിരുന്നു ജില്ലയിലെ യു.ഡി.എഫ്. തങ്ങൾ നിലനിർത്തുമെന്ന് ആവർത്തിച്ച് അവകാശവാദമുന്നയിച്ച അഞ്ചു സീറ്റുകളിലും തകർന്നു തരിപ്പണമായത് ഇടത് ജനാധിപത്യ മുന്നണിക്ക് താങ്ങാനാവാത്ത പരിക്കാണ് ഏൽപ്പിച്ചത്. വ്യവസായ മന്ത്രി പി. രാജീവ് കളമശ്ശേരിയിൽ പരാജയപ്പെട്ടത് പാർട്ടിയെ സംബന്ധിച്ച് വൻവീഴ്ചയായി. 'ഷുവർ സീറ്റായി' ഇടതുപക്ഷം കണക്കാക്കിയ കൊച്ചി മണ്ഡലത്തിലും യു.ഡി.എഫ് വിജയക്കൊടി പാറിച്ചു. വി.ഇ. അബ്ദുൽഗഫൂർ-മുസ്ലിം ലീഗ്, അനൂപ് ജേക്കബ്-കേരള കോൺഗ്രസ്(ജേക്കബ്), ഷിബു തെക്കുംപുറം-കേരള കോൺഗ്രസ് എന്നീ യു.ഡി.എഫിൽ നിന്നുള്ള മൂന്ന് ഘടകകക്ഷി സ്ഥാനാർഥികളും വിജയം കൈവരിച്ചു.
അഞ്ച് സിറ്റിങ് സീറ്റുകളും പോയി...
പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, പിറവം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം എന്നിവയായിരുന്നു യു.ഡി.എഫ് സിറ്റിങ് സീറ്റുകൾ. ഇവ കൂടാതെ വൈപ്പിൻ, കോതമംഗലം, കൊച്ചി, കുന്നത്തുനാട്, കളമശ്ശേരി എന്നീ എൽ.ഡി.എഫ് മണ്ഡലങ്ങൾ യു.ഡി.എഫ് കൈപ്പിടിയിലൊതുക്കിയതോടെയാണ് ജില്ലയിൽ എൽ.ഡി.എഫ് നാമാവശേഷമായത്.
കളമശ്ശേരിയിൽ പി. രാജീവ്, കുന്നത്തുനാട് പി.വി. ശ്രീനിജിൻ, കോതമംഗലത്ത് ആൻറണി ജോൺ, കൊച്ചിയിൽ കെ.ജെ. മാക്സി, തൃപ്പൂണിത്തുറയിൽ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നീ അഞ്ച് ഇടത് എം.എൽ.എമാർ പരാജയത്തിന്‍റെ പടുകുഴിയിൽ വീണു. റോജി എം. ജോൺ(അങ്കമാലി), അൻവർ സാദത്ത്(ആലുവ), വി.ഡി. സതീശൻ (പറവൂർ-പ്രതിപക്ഷ നേതാവ്), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), അനൂപ് ജേക്കബ് (പിറവം) എന്നിവരാണ് യു.ഡി.എഫിൽ നിന്ന് ജയിച്ച സിറ്റിങ് എം.എൽ.എമാർ.
ഇത് മധുര പ്രതികാര ജയം...
കളമശ്ശേരിയിൽ കഴിഞ്ഞ തവണ പി. രാജീവ് പരാജയപ്പെടുത്തിയ മുസ്ലിം ലീഗിലെ വി.ഇ. അബ്ദുൽ ഗഫൂർ ഇത്തവണ രാജീവിനെ നിലംപരിശാക്കിയത് മധുരപ്രതികാരമായി. വൈപ്പിനിൽ കഴിഞ്ഞ തവണ തന്നെ പരാജയപ്പെടുത്തി എം.എൽ.എയായ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ തോൽപ്പിച്ച് ദീപക് ജോയിയും പകരം വീട്ടി. കോതമംഗലത്ത് കഴിഞ്ഞ തവണ ആൻറണി ജോണിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയ ഷിബു തെക്കുംപുറം ഇത്തവണ വീണ്ടും മത്സരിച്ച് ജയിച്ചതും ശ്രദ്ധേയമായി.
കുന്നത്തുനാട് മണ്ഡലത്തിൽ കഴിഞ്ഞ തവണ തന്നെ പരാജയപ്പെടുത്തിയ പി.വി. ശ്രീനിജിനിൽ നിന്ന് മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ ഇത്തവണ തിരിച്ചുപിടിച്ചു. കൊച്ചിയിൽ കഴിഞ്ഞ തവണ മാക്സിയോട് തോറ്റ ടോണി ചമ്മിണി ഇത്തവണ വൈപ്പിനിൽ വിജയമുറപ്പിച്ചു.
കൊച്ചിയിൽ മുഹമ്മദ് ഷിയാസും പെരുമ്പാവൂരിൽ മനോജ് മൂത്തേടനും മാത്രമായിരുന്നു യു.ഡി.എഫ് എം.എൽ.എ സ്ഥാനാർഥികളിലെ പുതുമുഖങ്ങൾ. ബേസിൽ പോൾ (പെരുമ്പാവൂർ), അഡ്വ.എം.ബി. ഷൈനി (വൈപ്പിൻ), സാബു ജോർജ്(എറണാകുളം), അഡ്വ. പുഷ്പ ദാസ് (തൃക്കാക്കര), സാബു കെ. ജേക്കബ് (പിറവം), എൻ. അരുൺ (മൂവാറ്റുപുഴ) എന്നിവരായിരുന്നു ഇടത് മുന്നണിയിലെ എം.എൽ.എ സ്ഥാനാർഥികളിൽ പുതുമുഖങ്ങൾ. ഇത്തവണ ജില്ല കടന്നെത്തിയ ഇ.ടി. ടൈസൺ (പറവൂർ), എ.എം. ആരിഫ് (ആലുവ) എന്നിവർക്കും രക്ഷയുണ്ടായില്ല. പെരുമ്പാവൂരിൽ ഒന്നര പതിറ്റാണ്ട് എം.എൽ.എയായിരുന്ന സാജു പോളിന് അങ്കമാലിയിൽ ഇത്തവണ കാലിടറി.
ഭൂരിപക്ഷത്തിൽ വൻ കുതിപ്പ്
2021ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം പിറവത്ത് അനൂപ് ജേക്കബിനായിരുന്നു-25364. എന്നാൽ ഇത്തവണ, ഏഴുപേരാണ് ഭൂരിപക്ഷത്തിൽ 25,000 കടന്നത്. ഇതിൽ തന്നെ ഉമ തോമസ് അരലക്ഷം പിന്നിട്ടത് യു.ഡി.എഫിന് കരുത്തായി. 44681 വോട്ടിന്‍റെ ലീഡുമായി ഇത്തവണ അനൂപ് ജേക്കബ് രണ്ടാമതെത്തി. മാത്യു കുഴൽനാടൻ 42829 വോട്ട് ഭൂരിപക്ഷവുമായി മൂന്നാം സ്ഥാനത്തുണ്ട്. റോജി എം. ജോൺ(37008), ടി.ജെ. വിനോദ് (36163) അൻവർ സാദത്ത്(29143), മനോജ് മൂത്തേടൻ(28434) എന്നിവരാണ് 250,00ത്തിനു മുകളിൽ ഭൂരിപക്ഷമുള്ളവർ. മുഹമ്മദ് ഷിയാസാണ് ഭൂരിപക്ഷത്തിൽ പിന്നിലുള്ളത്. 8188 വോട്ടുകൾ. കഴിഞ്ഞ തവണ ഇത് കെ.ബാബുവിനായിരുന്നു. 992 വോട്ടിന്‍റെ ലീഡിനാണ് അന്ന് അദ്ദേഹം ജയിച്ചുകയറിയത്.


