‘ഞങ്ങൾക്ക് റീലുകളില്ല, റിയൽ മാത്രം; ബ്ലാക്ക്മെയിലിങ് അറിയില്ല’ -തഹ്‍ലിയക്കും ലീഗിനുമെതിരെ ആഞ്ഞടിച്ച് നൂർബിന റഷീദ്
text_fieldsകോഴിക്കോട്: മുസ്‍ലിം ലീഗിനും പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കുമെതിരെ ആഞ്ഞടിച്ച് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പദവി രാജിവെച്ച നൂർബിന റഷീദ്. ഞങ്ങൾ റീലുകളോടല്ല കളിക്കുന്നതെന്നും റിയൽ ലൈഫിലൂടെയാണ് പൊതുജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുന്നതെന്നും കോഴിക്കോട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.
‘ഇത്തവണ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞപ്പോൾ എൻറെ വിഷമങ്ങൾ പങ്കുവെച്ചു. സ്ഥാനാർഥി പ്രഖ്യാപനം വരെ പാർട്ടി നേതൃത്വവുമായി ഞങ്ങൾ സംവദിക്കുന്നുണ്ടായിരുന്നു, ഞങ്ങളുടെ ആശയങ്ങൾ പറയുന്നുണ്ടായിരുന്നു. ഇന്ന വ്യക്തികൾ വരാൻ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. അല്ലാതെ ഞങ്ങൾ വരണമെന്ന് മാത്രമല്ല. എന്നിട്ടും ഞങ്ങളുടെ ഒരു വാക്കും കേട്ടില്ല. ഞങ്ങളോട് ഒരു വാക്ക് ചോദിച്ചില്ല. ഒരു ബോധ്യപ്പെടുത്തൽ ഞങ്ങളോട് നടത്തിയിട്ടില്ല. നിങ്ങളൊക്കെ വിചാരിക്കും വനിതാ ലീഗ് പട്ടുപരവതാനിയിലൂടെയാ ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന്. ദേശീയ മുസ്‍ലിം ലീഗ് കമ്മിറ്റി റീകോൺസ്റ്റിറ്യൂട്ട് ചെയ്തു, രണ്ടു വനിതകളെ ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 35 കൊല്ലം കേരള മണ്ണിൽ പണിയെടുത്ത് പാർട്ടിയെ വളർത്തിയ, പാർട്ടിക്ക് ശക്തി പകർന്ന, മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പകുതിയിലധികമുള്ള വനിതാ ലീഗുകാരെ മാറ്റി നിർത്തികൊണ്ടായിരുന്നു അത്.
ഒരു അമുസ്‍ലിം വനിതയെ പാർട്ടി ദേശീയതലത്തിൽ എടുത്തു. അന്നും പാർട്ടിക്കകത്ത് പ്രതികരിച്ചു. പാർട്ടി നിശബ്ദത പാലിക്കാൻ പറഞ്ഞു. നിങ്ങളുടെ സെക്യുലറിസം കാണിക്കണമെങ്കിൽ നിങ്ങൾ അവരെ എടുത്തോളൂ, സ്യൂഡോ സെക്കുലറിസം പാടില്ല. ഇന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കാലഘട്ടമാണ്. എന്നാൽ, ആർട്ടിഫിഷ്യൽ മതേതരത്വം ഒന്നിനും ഭൂഷണമല്ല. മതേതരത്വം ഹൃദയത്തിൽ നിന്ന് വരണം. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരുപോലെ ഹൃദയത്തിന്റെ ഉള്ളിൽ ഉൾക്കൊള്ളാനുള്ള ഹൃദയവിശാലതയാണ് നമുക്ക് ആവശ്യം. അതാണ് ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ചാലഞ്ച് എന്ന് പറയുന്നത്. വനിതാ ലീഗിന്റെ പ്രതിനിധിയായി ഒരു വനിതയെയെങ്കിലും ദേശീയ കമ്മിറ്റിയിലേക്ക് എടുത്തിരുന്നെങ്കിൽ. പാർട്ടിയുടെ ആ തീരുമാനത്തിൽ എത്ര വനിതാ ലീഗിന്റെ പ്രവർത്തകരുടെ ഹൃദയം പൊട്ടി.
ദേശീയതലത്തിൽ മുസ്‍ലിം ലീഗിന് ജംബോ കമ്മിറ്റി ഉണ്ടാക്കി. പ്രായാധിക്യം ഉള്ളവർ ഉണ്ടായിരുന്നു. ഒന്നുകിൽ ഖമറുനിസ അൻവറിനെയോ മറിയുമ്മാനെയോ പേരിനെങ്കിലും നിങ്ങൾ ഉൾപ്പെടുത്തൂ എന്ന് ഞങ്ങൾ പറഞ്ഞു. എന്തിനാണ് ഞങ്ങളെ അരികുവൽക്കരിക്കുന്നത്? വനിതാ ലീഗിന് എന്താണ് ഡിസ്ക്വാളിഫിക്കേഷൻ? അത് ഞങ്ങളെ ബോധ്യപ്പെടുത്തിയേ മതിയാവൂ.
തെരഞ്ഞെടുപ്പിൽ മുഴുവനും വനിതാ ലീഗുകാരാ. അവർ എത്രമാത്രം ആത്മാർത്ഥമായിട്ടാണ് പ്രവർത്തിക്കുന്നത്. ബൂത്തിൽ വരെ ഇരിക്കാൻ പ്രാപ്തരായ വനിതകൾ ഞങ്ങൾക്കുണ്ട് എന്ന് നമുക്ക് അഭിമാനിക്കാം. പണ്ടൊക്കെ കൊട്ടേഷൻ സംഘങ്ങളെ വളർത്തുന്ന ഒരു രീതി ഉണ്ടായിരുന്നു. ആ കൊട്ടേഷൻ സംഘങ്ങളെ കൊണ്ട്തന്നെയാണ് പലപ്പോഴും അവരുടെ നാശവും.
നമ്മുടെ നജ്മാ തബ്ഷീറയുടെ ഭർത്താവ് എഴുതിയ കുറിപ്പ് വായിച്ചു. ‘നിങ്ങളുടെ കഴിവുകേട് ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും കാലം സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കാതെ പോയത്’ എന്ന്. എന്റെ മാന്യ സഹോദരാ നിങ്ങളുടെ ഭാര്യ ജനിക്കുന്നതിനേക്കാളും മുമ്പ് ഞങ്ങൾ ഈ പ്രവർത്തനം തുടങ്ങിയതാണ്. ‘താൻ പ്രതിധാനം ചെയ്യുന്ന സമൂഹത്തിന് അവകാശങ്ങൾ വാങ്ങികൊടുക്കുവാനുള്ള നേതൃപാടവം നിങ്ങൾക്കില്ലാതെയായി പോയി’ എന്നും അയാൾ പറഞ്ഞു. ശരിയാണ്. ഞങ്ങൾക്ക് പണാധിപത്യമില്ല, ഞങ്ങൾക്ക് ബ്ലാക്ക്മെയിലിങ് ടാക്ടിക്സ് അറിയില്ല, ഞങ്ങൾക്ക് കുറ്റാരോപണം ഉന്നയിക്കാൻ അറിയില്ല. ഇത്രയും കാലത്തെ പ്രവർത്തനത്തിൽ വളരെ നല്ല പെരുമാറ്റമാണ് ഞങ്ങളുടെ നേതൃത്വത്തിൽ നിന്ന് ഞങ്ങളോട് ഉണ്ടായത്. ഞങ്ങൾക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. ഒരുവിധത്തിലുള്ള ലൈംഗിക ആരോപണങ്ങളും ഉന്നയിക്കാനുള്ള ഒരു അവസരം പോലും ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഒരു പാർട്ടിയിലെയാണ് മൂന്ന് പെൺകുട്ടികളാണ് ഒരു സുപ്രഭാതത്തിൽ വന്ന് ലൈംഗിക ആരോപണം നടത്തുന്നത്’ -നൂർബിന പറഞ്ഞു.
പേരാമ്പ്രയിലെ സ്ഥാനാർത്ഥി കുറ്റിച്ചിറയിലെ കൗൺസിലറാണ്. അഞ്ചു കൊല്ലം കോർപ്പറേഷനിൽ നിന്നിട്ട് ഒരു ജനപ്രതിനിധി എന്ന രീതിയിൽ അവർ തെളിയിച്ചു കാണിക്കട്ടെ. അതല്ല, തലമുറ മാറ്റം വേണമെന്നുണ്ടെങ്കിൽ അഫീഫ, റുമൈസ തുടങ്ങി ഒരുപാട് കുട്ടികളുണ്ട് കോഴിക്കോട് ജില്ലയിലെ ജില്ലാ ഡിവിഷനിൽ. ലീഗിലോ യുവാക്കളിലോ യുവതികളിലോ അത്രക്കും എണ്ണം കുറവുണ്ടോ? ഹരിത എന്ന വിവാദം സൃഷ്ടിച്ചതാണ് അവരുടെ അയോഗ്യതയായി കാണുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങൾ ഇല്ലേ? പാണക്കാട് കുടുംബങ്ങളെ ഇത്രയധികം മോശമായി ചിത്രീകരിക്കുന്ന ഒരു സ്ഥിതിവിശേഷത്തോട് ഞങ്ങൾക്ക് മനസ്സുകൊണ്ട് യോജിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞങ്ങളുടെ വിയോജിപ്പ് പറയുന്നത്. തങ്ങന്മാർ എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. ഞങ്ങൾ ആ പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരെ സംസാരിച്ചിട്ടില്ല. പികെ നവാസിനെതിരെ മാത്രമല്ല, സാദിഖലി തങ്ങളെ നാലാം ഖലീഫ എന്ന് വിളിച്ചും അപമാനിച്ചു. ഒരു പരാതി കൊടുത്തു കഴിഞ്ഞാൽ ഏതറ്റം വരെയും ആ പരാതിയുമായി മുന്നോട്ടു പോകണ്ടേ?
ഞാൻ പലപ്രാവശ്യം കുഞ്ഞാലിക്കുട്ടി സാഹിബിനോട് ചോദിച്ചിരുന്നു, നിങ്ങൾ തഹലിയക്ക് സീറ്റ് കൊടുക്കുന്നുണ്ടോ എന്ന്. ‘ഇല്ല തഹലിയ വരില്ല’ എന്ന് അദ്ദേഹം പറഞ്ഞതാണ്. ഇവർ ഡെയിലി പാണക്കാട് എത്തുന്നുണ്ട് എന്ന് മലപ്പുറം ജില്ലയിലുള്ള പലരും എനിക്ക് ഫോട്ടോസ് ഇട്ടുതന്നു. ഇന്നുവരെ സ്ഥാനാർത്ഥി നിർണയ വേളയിലോ ചർച്ചകളിലോ ഒരു വനിതകൾ പോലും പാണക്കാടോ നേതാക്കന്മാരുടെ വീടുകളിലോ പോയി പറയാറില്ല. അന്ന് ഹരിതവിവാദത്തിൽ അവരെന്തൊക്കെ ഭീഷണിയായിരുന്നു പത്രമാധ്യമങ്ങളുടെ മുമ്പിൽ ഉയർത്തിയത്.
നമുക്കും അവസരം തരണം എന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾ 90കൾ മുതൽ പാർട്ടിക്ക് വേണ്ടി സഞ്ചരിച്ചുക്കുന്നവരാണ്. ഇങ്ങനെയുള്ള സ്ഥാനാർത്ഥികളെയാണ് ഞങ്ങൾ നിർത്തുന്നത് എന്ന് വനിതാലീഗിനോട് പറയണ്ടേ? സീറ്റ് കിട്ടാത്തതിലല്ല ഈ വിഷമങ്ങൾ ഒന്നും. സീറ്റ് കിട്ടാത്തതിനാണെങ്കിൽ ഞാൻ എന്നോ പോകണം. കാരണം ‘96-ൽ നൂർബിനാ റഷീദിനെ ആയിരുന്നു കോഴിക്കോട് സൗത്തിൽ പറഞ്ഞത്. എന്നആൽ, അന്ന് ഖമറുനിസ അൻവർ വന്നു. ഞാൻ അവരോടൊപ്പം നിന്ന് പ്രവർത്തിച്ചു. . 2011ൽ ഗുരുവായൂരിലോ ഇരവിപുരത്തോ നിൽക്കണം എന്ന് പറഞ്ഞ് ഡൽഹിയിൽനിന്ന് എന്നെ വിളിച്ചു വരുത്തിയിരുന്നു. അന്നും ഞാൻ ഒന്നും പറഞ്ഞിട്ടില്ല’ -അവർ പറഞ്ഞു.


