ലൈഫ് വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; സീൽ പൊളിച്ച് വീട്ടുകാരെ ഉള്ളിൽ കയറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ
text_fieldsമല്ലപ്പള്ളി: ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപ്തി ചെയ്ത് കേരള ബാങ്ക്. മുൻ ഭൂവുടമ എടുത്ത വായ്പയുടെ പേരിലാണ് ജപ്തി. ചാലാപ്പള്ളി മഠത്തുംചാലിൽ പ്രഹ്ലാദന്റെ വീടാണ് കേരള ബാങ്ക് ചാലാപ്പള്ളി ശാഖ അധികൃതർ വ്യാഴാഴ്ച രാവിലെ മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്തത്. ജപ്തി സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
വീട്ടുകാർ എത്തിയപ്പോൾ വീട് പൂട്ടി സീൽ വെച്ച നിലയിൽ കണ്ടെത്തി. സംഭവമറിഞ്ഞ് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്ക് സ്ഥാപിച്ച സിൽ പൊളിച്ച് വീട്ടുകാരെ ഉള്ളിൽ കയറ്റി. ഇവർ സ്ഥാപിച്ച ബോർഡും നീക്കം ചെയ്തു.
തങ്ങൾ ഒരു ബാങ്കിൽനിന്നും വായ്പ എടുത്തിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ, മുൻ ഉടമ ഭൂമി ഈടുവെച്ച് വായ്പ എടുത്തിരുന്നുവെന്നാണ് ബാങ്ക് പറയുന്നത്. വിജയൻ എന്ന ആളിൽ നിന്നാണ് പ്രഹ്ലാദൻ മൂന്നു സെന്റ് സ്ഥലം രണ്ടേ മുക്കാൽ ലക്ഷം രൂപക്ക് വാങ്ങിയത്. വസ്തുവിന് ബാധ്യതയില്ലെന്നു വില്ലേജ് ഓഫിസിൽനിന്നു ലഭിച്ച രേഖകൾ ഹാജരാക്കിയ ശേഷമാണ് കൊറ്റനാട് പഞ്ചായത്തിൽനിന്ന് ലൈഫ് പദ്ധതിയിൽ വീടിന് അനുമതി ലഭിച്ചത്.
കഴിഞ്ഞ മാസം ഈ മൂന്നു സെന്റ് സ്ഥലത്തിന് വായ്പ എടുക്കുന്നതിന് ആവശ്യമായ രേഖകൾക്ക് വില്ലേജ് ഓഫിസിൽ ചെന്നപ്പോഴും ബാധ്യതകൾ ഒന്നുമില്ലെന്ന സർട്ടിഫിക്കറ്റുകളാണ് ലഭിച്ചതും. ജപ്തി നിയമവിരുദ്ധമാണെന്നാണ് ഇവരുടെ പരാതി. നിയമപരമായി മുന്നോട്ട് പോകുമെന്നു പ്രഹ്ലാദൻ പറഞ്ഞു.