പിതാവിന്റെ വഴിയേ അബ്ദുൽ ഗഫൂർ മന്ത്രിപദത്തിൽ
text_fieldsഅഡ്വ. വി.ഇ. അബ്ദുൽ ഗഫൂറും ഭാര്യ ദിലാരയും മക്കളായ വസിം ഖാദർ, റിദ ഫാത്തിമ, റയ ഫാത്തിമ എന്നിവർക്കൊപ്പം
കളമശ്ശേരി: 2021ൽ കളമശ്ശേരിയിൽ മുൻ വ്യവസായ മന്ത്രി പി. രാജീവുമായി തെരഞ്ഞെടുപ്പങ്കത്തിൽ ഏറ്റുമുട്ടിയപ്പോൾ മുസ്ലിം ലീഗ് സ്ഥാനാർഥി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറിന് ദയനീയ തോൽവിയായിരുന്നു ഫലം. 15,336 വോട്ടിന് പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തിൽ തോറ്റുപിൻമാറാൻ അബ്ദുൽ ഗഫൂർ ഒരുക്കമല്ലായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ കളമശ്ശേരിയിൽതന്നെ അദ്ദേഹം പ്രവർത്തനം സജീവമാക്കി. അങ്ങനെ എറണാകുളം ജില്ലയിൽനിന്ന് ഇടതുപക്ഷത്തെ തൂത്തെറിഞ്ഞ ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ തന്നെ തോൽപ്പിച്ച അതേ രാജീവിനെതിരെ സുന്ദര വിജയം സ്വന്തമാക്കി.
അന്നത്തേതിനേക്കാൾ 976 വോട്ട് കൂടുതൽ (16,312) നേടിയാണ് ഒരുകണ്ലത്ത് തന്റെ പിതാവും മുൻ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന അന്തരിച്ച വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ കൈപ്പിടിയിലായിരുന്ന കളമശ്ശേരി അബ്ദുൽ ഗഫൂർ രാജീവിൽനിന്ന് തിരിച്ചുപിടിച്ചത്. 2008ൽ രൂപംകൊണ്ട കളമശ്ശേരി മണ്ഡലത്തിൽ 2011ലാണ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. അതേവർഷവും തുടർന്നുള്ള വർഷവും ലീഗിലെ പ്രമുഖ നേതാവായ വി.കെ. ഇബ്രാഹിം കുഞ്ഞായിരുന്നു എം.എൽ.എ.
1976ൽ എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളിയിൽ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെയും നദീറയുടെയും മൂത്തമകനായി ജനിച്ച ഗഫൂർ തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന് എൽ.എൽ.ബി ബിരുദം നേടി, 2000ൽ ഹൈകോടതി അഭിഭാഷകനായി എൻറോൾ ചെയ്തു. നിലവിൽ കൊച്ചിയിൽ നിയമ സ്ഥാപനം നടത്തിവരികയാണ്.
എം.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തനത്തിലെത്തിയത്. യൂത്ത് ലീഗ് ജില്ല പ്രസിഡന്റായിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറിയാണ്. തൊഴിലാളി സംഘടന രംഗത്തും സജീവമാണ്. എഫ്.ഐ.ടി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (എസ്.ടി.യു) പ്രസിഡന്റ്, ടി.സി.സി തൊഴിലാളി യൂനിയൻ വർക്കിങ് പ്രസിഡന്റ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് എംപ്ലോയി ഓർഗസനൈസേഷൻ പ്രസിഡന്റ്, കെ.ഇ.എൽ എംപ്ലോയീസ് ഓർഗനൈസിങ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുന്നു. ഭാര്യ: ദിലാര. മക്കൾ: വിദ്യാർഥികളായ റിദ ഫാത്തിമ, വസിം ഖാദർ, റയ ഫാത്തിമ.


