പണം പുല്ലെടാ… കൈയിൽ ഇല്ലെടാ
text_fieldsതിരുവനന്തപുരം: ബാധ്യതകളുടെയും കുടിശ്ശികയുടെയും നടുക്കലിൽ സർക്കാർ നട്ടംതിരിയുമ്പോഴും മുൻഗണനകളോട് മുഖംതിരിച്ച് പരിധിവിട്ട തീരുമാനങ്ങൾ. പി.എസ്.സിയിലെ ശമ്പളമുയർത്തലിൽ കൃത്യമായ വിശദീകരണം ഇനിയുമില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് പെട്രോള്‍-ഡീസല്‍ സെസ്, ഭൂനികുതി, വിവിധയിനം ഫീസ്, മോട്ടോര്‍ വാഹന നികുതി തുടങ്ങി എല്ലാ ഇനങ്ങളിലും പരമാവധി പിഴിയുകയാണ്. ഭൂനികുതി കാൽനൂറ്റാണ്ടിനിടെ ഉയർത്തിയത് 30 ഇരട്ടിയാണ്.
ഉയരുന്ന പൊതുകടം
2023-24 ൽ 3,91,934 കോടിയായിരുന്ന പൊതുകടം ഈ വർഷം 4,36,387 കോടിയായി ഉയർന്നു. ബജറ്റ് രേഖ പ്രകാരം അടുത്ത വർഷം കടം 4,81,997 കോടിയാകും.
പലിശ ഇനത്തിലെ ചെലവും കുതിക്കുകയാണ്. 2023-24ൽ 26,986 കോടി; ഈ വർഷം 28,600 കോടിയായി ഉയർന്നു. വരും വർഷം 31,823 കോടിയാകും.
ഒന്നിനും തികയാത്ത ബജറ്റ് വകയിരുത്തൽ
അടിസ്ഥാനമേഖലക്കുള്ള ബജറ്റ് വകയിരുത്തൽ പോലും ഒന്നിനും തികയാത്ത നിലയിൽ.
2025-26 ബജറ്റിൽ ആരോഗ്യമേഖലക്ക് വകയിരുത്തിയത് 2782 കോടി. കാരുണ്യ അടക്കം സൗജന്യ ഇൻഷുറൻസ്, മരുന്ന് കമ്പനികൾക്കുള്ള കടം ഇനങ്ങളിലെ കുടിശ്ശിക 2317 കോടി. ഇത് തീർത്താൽ ബജറ്റിൽ ശേഷിക്കുന്നത് 464 കോടി രൂപ മാത്രം.
കാരുണ്യ ഇൻഷുറൻസ്, കാരുണ്യ ബനവലന്റ് ഫണ്ട് അടക്കമുള്ളവക്കായി ആശുപത്രികൾക്ക് 1623 കോടി കുടിശ്ശിക നിൽക്കെ കഴിഞ്ഞദിവസം അനുവദിച്ചത് 300 കോടി.
ക്ഷേമ പെൻഷന് പണമില്ല, മരുന്നുവാങ്ങാനും
മൂന്നു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കാൻ സർക്കാർ സാവകാശം ചോദിച്ചത് 12 മാസം. 4800 രൂപ വീതം 60 ലക്ഷം പേർക്കാണ് കുടിശ്ശിക.
സപ്ലൈകോയുടെ കുടിശ്ശിക തീര്‍ത്ത് മതിയായ സാധനങ്ങള്‍ സബ്സിഡി വിലയ്ക്ക് വിതരണം ചെയ്യാന്‍ ആവശ്യമായ പണം വകയിരുത്തിയിട്ടില്ല. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് 128 കോടി രൂപ നല്‍കാനുണ്ട്. ജലജീവൻ മിഷനിലെ കരാറുകാർക്കുള്ള കുടിശ്ശിക 4500 കോടി. പൊതുമരാമത്ത് വകുപ്പിലെ കരാറുകാര്‍ക്കും കോടികള്‍ നല്‍കാനുണ്ട്.
വേണ്ടപ്പെട്ടവർക്ക് വാരിക്കോരി
സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധിക്കുള്ള യാത്രാബത്ത അഞ്ചു ലക്ഷത്തിൽനിന്ന് 11 ലക്ഷമാക്കും. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന്റെ പ്രതിമാസ ശമ്പളം 3,87,750 രൂപയാണ്.
2019ന് ശേഷം ശമ്പളം വർധിപ്പിച്ചത് അഞ്ചു വട്ടം. 2019 ജനുവരിയിലും 2020 ജനുവരിയിലും 27,500 രൂപ വീതം വർധിപ്പിച്ച് നൽകി. 2022 ജനുവരിയിലും 2023 ജനുവരിയിലും 2024 ജനുവരിയിലും വർധിപ്പിച്ചത് 19,250 രൂപ വീതവും.
2018 ജനുവരി മുതൽ ഇതുവരെ ശമ്പള ഇനത്തിൽ 2.66 കോടിയും ഉത്സവബത്ത ഇനത്തിൽ 19250 രൂപയും ലീവ് സറണ്ടർ ഇനത്തിൽ 6.84 ലക്ഷവും ഉൾപ്പെടെ ആറു വർഷവും ഒമ്പതു മാസവും കൊണ്ട് 2.73 കോടിയാണ് നൽകിയത്. ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സർവിസിൽനിന്ന് വിരമിച്ച നാലു പേരാണ് കിഫ്ബിയിലുള്ളത്.
ഇതിൽ അഡീ. ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്ക് 1.88 ലക്ഷം രൂപയാണ് മാസ ശമ്പളം. സ്പെഷൽ സെക്രട്ടറിക്ക് 1.10 ലക്ഷവും സീനിയർ ജനറൽ മാനേജർക്ക് 1.11 ലക്ഷം രൂപയുമാണ് മാസ ശമ്പളമായി നൽകുന്നത്.