കേരളം ‘പ്രായാധിക്യത്തിലേക്ക്’: പെൻഷൻ ബാധ്യത കീറാമുട്ടി
text_fieldsതിരുവനന്തപുരം: വയോജനങ്ങളുടെ ഉയർന്ന അനുപാതവും വർധിക്കുന്ന പെൻഷൻ ചെലവുകളും അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ വലിയ സമ്മർദം സൃഷ്ടിക്കുമെന്ന് പഠനം. സംസ്ഥാന സർക്കാറിന് കീഴിലെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജേർണൽ ‘കേരള ഇക്കോണമി’യാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് 60 വയസ്സിനു മുകളിലുള്ളവരുടെ ഏറ്റവും ഉയർന്ന അനുപാതമാണ് കേരളത്തിൽ.
2031ൽ സംസ്ഥാനത്തെ വയോജനങ്ങൾ മൊത്തം ജനസംഖ്യയുടെ 24 ശതമാനമാകും. അതായത് നാലിലൊരാൾക്ക് 60 വയസ്സിനുമുകളിൽ പ്രായമുണ്ടാകും. പഞ്ചാബ് (18 ശതമാനം), ബംഗാൾ (17.5 ശതമാനം) എന്നിവയാണ് കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. തൊഴിൽ ചെയ്യുന്ന വിഭാഗത്തിന്റെ അംഗസംഖ്യ കുറയുന്നതിനനുസരിച്ച് ഇവരുടെ പെൻഷൻ, ആരോഗ്യസംരക്ഷണം എന്നീ ഇനങ്ങളിലെ സർക്കാർ വിഹിതം വർധിപ്പിക്കേണ്ടിവരും.
സിവിൽ പെൻഷനും ക്ഷേമ പെൻഷനുകൾക്കുമായി കൂടുതൽ പണം നീക്കിവെക്കുന്ന സംസ്ഥാനമാണ് കേരളം. 2013ൽ പങ്കാളിത്ത പെൻഷനിലേക്ക് കടന്നെങ്കിലും സംസ്ഥാനം ഇരട്ടഭാരം വഹിക്കുകയാണ്. പഴയ സ്കീമിൽ നാല് ലക്ഷത്തോളം പേരുണ്ട്. പഴയ പെൻഷൻ പദ്ധതിപ്രകാരമുള്ള ബാധ്യതകൾക്കൊപ്പം പങ്കാളിത്ത പദ്ധതിയിലേക്കുള്ള വിഹിതവും നൽകേണ്ടിവരുന്നു.
ഇതിന് പുറമേ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1,600 രൂപ വീതം സാമൂഹികക്ഷേമ പെൻഷനും നൽകുന്നു. ഇത് വർധിപ്പിക്കൽ സർക്കാറിന്റെ നയപരമായ ബാധ്യതകൂടിയാണ്. സാമൂഹികക്ഷേമ പെൻഷനുകളിൽ കേന്ദ്ര വിഹിതം തുച്ഛമാണ്. 62 ലക്ഷം പേരിൽ 5.7 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്രവിഹിതമുള്ളത്. 200 മുതൽ 500 രൂപവരെ മാത്രമാണ് കേന്ദ്ര സഹായം.
1990 മുതൽ പെൻഷനുകൾക്കായി കേരളം നീക്കിവെക്കുന്ന വിഹിതം ക്രമമായി വർധിക്കുന്നെന്നാണ് കണക്കുകൾ. 1990 കളുടെ തുടക്കത്തിൽ സംസ്ഥാനത്തിന്റെ റവന്യൂ ചെലവിന്റെ 11-13 ശതമാനമായിരുന്നു പെൻഷൻ ചെലവുകൾ. സമീപ വർഷങ്ങളിൽ ഇത് 15 ശതമാനത്തിനും 20 നും ഇടയിലായിരുന്നു.
2024-25ലെ ബജറ്റ് വിശകലനം അനുസരിച്ച്, റവന്യൂ വരുമാനത്തിന്റെ 21 ശതമാനം ഇതിനായി ചെലവഴിച്ചു. വയോജന സംരക്ഷണ നീക്കങ്ങൾ മാതൃകാപരമാണെങ്കിലും പെൻഷൻ ബാധ്യത സൃഷ്ടിക്കുന്ന സാമ്പത്തിക സമ്മർദം മറികടക്കാൻ വിശാല വിഭവസമാഹരണം വേണമെന്ന് പഠനം നിർദേശിക്കുന്നു.


