Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശപോരിൽ ജനഹിതം...

തദ്ദേശപോരിൽ ജനഹിതം തേടി നിയമസഭ കണ്ട നാല് പേർ

text_fields
bookmark_border
തദ്ദേശപോരിൽ ജനഹിതം തേടി നിയമസഭ കണ്ട നാല് പേർ
cancel

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചിത്രം തെളിയുമ്പോൾ നാല് മുൻ നിയമസഭാംഗങ്ങൾ ജനവിധി തേടി ഗോദയിൽ. അരുവിക്കര മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ (കോൺഗ്രസ്), ആറന്മുള മുൻ എം.എൽ.എ കെ.സി. രാജഗോപാൽ (സി.പി.എം), വടക്കാഞ്ചേരി മുൻ എം.എൽ.എ അനിൽ അക്കര (കോൺഗ്രസ്), ചടയമംഗലം മുൻ എം.എൽ.എ ആർ. ലതാദേവി (സി.പി.ഐ) എന്നിവരാണ് മത്സരരംഗത്തുള്ളത്.

ശബരിനാഥൻ തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിലും കെ.സി. രാജഗോപാൽ പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലും അനിൽ അക്കര തൃശൂർ അടാട്ട് പഞ്ചായത്തിലെ 15ാം വാർഡിലും ലതാദേവി കൊല്ലം ജില്ല പഞ്ചായത്തിലേക്ക് ചടയമംഗലം ഡിവിഷനിലുമാണ് മത്സരിക്കുന്നത്.

രാജഗോപാലും അനിലും നേരത്തെ തദ്ദേശ സ്ഥാപന സാരഥികളായ ശേഷം നിയമസഭയിലെത്തിയവരാണ്. 1979ൽ ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജഗോപാൽ മെഴുവേലി പഞ്ചായത്ത് വൈസ്പ്രസിഡന്‍റും 1988ൽ പ്രസിഡന്‍റുമായി. 2006ൽ ആറന്മുള മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് രാജഗോപാൽ നിയമസഭാംഗമായത്. 2011ൽ ഇവിടെ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ കെ. ശിവദാസൻ നായരോട് പരാജയപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന രാജഗോപാൽ നിലവിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗമാണ്.

മേയർ സ്ഥാനാർഥിയായാണ് കോൺഗ്രസ് കെ.എസ് ശബരീനാഥനെ രംഗത്തിറക്കിയിരിക്കുന്നത്. പിതാവും മുൻ സ്പീക്കറുമായിരുന്ന ജി. കാർത്തികേയന്‍റെ മരണത്തെ തുടർന്നാണ് 2015ൽ ശബരിനാഥൻ അരുവിക്കരയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിലെത്തിയത്. 2016ൽ വീണ്ടും നിയമസഭാംഗമായി. 2021ൽ സി.പി.എമ്മിലെ ജി. സ്റ്റീഫനോട് പരാജയപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.

2016ലെ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് വിജയിച്ചാണ് അനിൽ അക്കര നിയമസഭാംഗമായത്. 2021ൽ സി.പി.എമ്മിലെ സേവ്യർ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടു. 2003 മുതൽ 2010 വരെ അനിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. തൃശൂർ ജില്ല പഞ്ചായത്തംഗവുമായിട്ടുണ്ട്.

1996ൽ ചടയമംഗലം മണ്ഡലത്തിൽ നിന്നാണ് ആർ. ലതാദേവി സി.പി.ഐ പ്രതിനിധിയായി നിയമസഭയിലെത്തിയത്. 2001ൽ ഇവിടെ വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണനോട് തോറ്റു. മന്ത്രി ജി.ആർ. അനിലിന്‍റെ ഭാര്യയായ ലതാദേവി റിട്ട. കോളജ് അധ്യാപികയാണ്.

Show Full Article
TAGS:Kerala Local Body Election legislative assembly KS Sabarinathan Kerala News 
News Summary - Kerala local body election 2025
Next Story