Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഏത് നേതാവിനേക്കാളും...

‘ഏത് നേതാവിനേക്കാളും വലുത് ജനങ്ങളാണ്; ബംഗാളിൽ നിന്ന് പാഠം പഠിക്കണം’; തുറന്നടിച്ച് ബിനോയ് വിശ്വം

text_fields
bookmark_border
‘ഏത് നേതാവിനേക്കാളും വലുത് ജനങ്ങളാണ്; ബംഗാളിൽ നിന്ന് പാഠം പഠിക്കണം’; തുറന്നടിച്ച് ബിനോയ് വിശ്വം
cancel

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മാത്രമല്ല, കോൺഗ്രസും ബി.ജെ.പിയും പ്രതീക്ഷിച്ചതിലേറെ സീറ്റുകൾ നേടുകയും ചെയ്തു. ഇപ്പോഴിതാ, സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ രാജ്യസഭ എം.പിയുമായ ബിനോയ് വിശ്വം തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

ജനവിധിയെ സി.പി.ഐ മാത്രമല്ല, ഇടതുപക്ഷം മുഴുവനും ഒരു പാഠമായി കാണുന്നു എന്ന് ബിനോയ് വിശ്വം പറഞ്ഞു. ഏത് നേതാവിനേക്കാളും വലുതും ശക്തരും ജനങ്ങളാണ്. എന്ത് തെറ്റാണ് സംഭവിച്ചതെന്ന് സ്വയം ചോദിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫിലെ ആരും ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. പോളിങ്ങിന് മുമ്പുള്ള അവലോകനങ്ങളിൽ, എൽ.ഡി.എഫ് മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചില അടിയൊഴുക്കുകൾ തങ്ങൾക്ക് കാണാൻ കഴിഞ്ഞില്ലെന്നും അത്തരമൊരു തിരിച്ചടി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നതാണ് കൂടുതൽ ഗുരുതരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഭരണത്തെ ആളുകൾ എങ്ങനെ വിലയിരുത്തി എന്നതും പരിശോധന വിഷയമാണ്. ശബരിമല സംഭവം വിചാരിച്ചതിലും വലിയ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് അങ്ങനെ പെരുമാറാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ ആളുകൾ തയാറല്ലാത്തതാണ് കാരണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന് ആത്മപരിശോധന നടത്താനും തിരുത്തൽ നടപടികൾ സ്വീകരിക്കാനുമുള്ള സൂചനയല്ലേ ഇതെന്ന ചോദ്യത്തിന് 'ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെയാണെന്നും പേരിൽ മാത്രമാണ് വ്യത്യാസം ഉള്ളതെന്നും സമൂഹത്തിലെ ഒരു വിഭാഗം നിരന്തരം പ്രചാരണം നടത്തുന്നുണ്ട്. ഇടതുപക്ഷം കൂടുതൽ ശ്രദ്ധേയവും, പ്രത്യയശാസ്ത്രപരവും, ദാർശനികവും, രാഷ്ട്രീയവും, പ്രായോഗികവുമായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ വഴികളിലും, പ്രവൃത്തികളിലും, ചിന്തകളിലും, ജീവിതത്തിലും നാം വ്യത്യസ്തരായിരിക്കണം. നമ്മുടെ പെരുമാറ്റത്തിലും ജീവിതരീതിയിലും ഈ വ്യത്യാസത്തിന് അടിവരയിടേണ്ടതുണ്ട്' -എന്നായിരുന്നു മറുപടി.

'ബി.ജെ.പിയുടെയും യു.ഡി.എഫിന്‍റെയും പ്രത്യയശാസ്ത്രത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും ഇടതുപക്ഷം വ്യത്യസ്തരാണെന്ന് കാണിച്ചുകൊടുത്തുകൊണ്ട് ജനങ്ങളുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഇതിനർഥം ഭരണത്തിന്‍റെയും പെരുമാറ്റത്തിന്‍റെയും അഴിമതിയുടെയും കാര്യത്തിൽ നാം ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്നാണ്. ആ വ്യത്യാസം അവരെ ബോധ്യപ്പെടുത്താൻ കഴിയണം' -അദ്ദേഹം പറഞ്ഞു.

ഒരു ദശാബ്ദക്കാലം അധികാരത്തിലിരുന്നതിനു ശേഷം കേരളത്തിൽ ഇടതുപക്ഷത്തിന് അമിത ആത്മവിശ്വാസം കടന്നുവന്നിട്ടുണ്ടോ? പശ്ചിമ ബംഗാളിലെ പരാജയത്തിന്‍റെ കാരണവും സമാനമായിരുന്നല്ലോ, എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. ബംഗാളിൽ നിന്ന് പാഠങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് സി.പി.ഐ പലതവണ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ബംഗാളിൽ സംഭവിച്ചത് നമ്മുടെ കണ്ണുതുറപ്പിക്കുന്നതായിരിക്കണം. സി.പി.ഐ പൂർണരാണെന്നും തെറ്റ് സി.പി.എമ്മിന്റെ ഭാഗത്താണെന്നും ഞാൻ പറയുന്നില്ല' -അദ്ദേഹം വ്യക്തമാക്കി.

ഞങ്ങൾക്ക് പോരായ്മകളുണ്ടെന്ന് അറിയാം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് ഈ പോരായ്മകൾ മറികടക്കുകയാണ് ആവശ്യം. മൂല്യങ്ങളുടെ തകർച്ച ഇടതുപക്ഷത്തെ വലതുപക്ഷമാക്കി മാറ്റും. വലതുപക്ഷം അഴിമതിയിൽ മുഴുകിയാൽ, അവർ അത് ചെയ്യുന്നവരെന്നാണ് ജനം പറയുക. എന്നാൽ, ഇടതുപക്ഷം അങ്ങനെ ചെയ്താൽ ജനങ്ങൾ അത് സഹിക്കില്ല. ഇടതുപക്ഷം അങ്ങനെ പ്രവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

'പിണറായി വിജയൻ സർക്കാറിന് ബി.ജെ.പിയുമായി കേന്ദ്രത്തിൽ മൗനധാരണയുണ്ടെന്ന വിശ്വാസം ഇടതുപക്ഷത്തിൽ നിന്ന് ന്യൂനപക്ഷ വോട്ടുകൾ അകന്നുപോകാൻ കാരണമായെന്ന് കരുതുന്നുണ്ടോ?' എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ല എന്നായിരുന്നു ഉത്തരം. എന്നാൽ, തങ്ങളോടൊപ്പം ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾക്ക്, ചില വിഷയങ്ങളിൽ സർക്കാറിന് ബി.ജെ.പിയുമായി ധാരണയുണ്ടെന്ന തോന്നൽ അവശേഷിക്കുന്നത് ഇടതുപക്ഷത്തിന് നിർഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ പരാജയം ഇടതുപക്ഷത്തിന്റെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നല്ലെന്ന് ബിനോയ് വിശ്വം പറയുന്നു. എൽ.ഡി.എഫ് സർക്കാറുകൾക്ക് മുമ്പും ഇത്തരം തെരഞ്ഞെടുപ്പ് പരാജയങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. അതിൽനിന്ന് തിരിച്ചുവരാനുള്ള ശേഷി ഉണ്ടെന്ന് തെളിയിച്ചിട്ടുമുണ്ട്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഇടതുപക്ഷം നേരിട്ടിരുന്നു. പക്ഷേ അടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നില്ലെങ്കിലും രണ്ട് സീറ്റുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയെ എല്ലാ ഗൗരവത്തോടെയും കാണുന്നതായി അദ്ദേഹം പറഞ്ഞു. ബി.ജെ.പി ചാതുർവർണ വ്യവസ്ഥയിൽ വിശ്വസിക്കുന്നു. ഈ പ്രത്യയശാസ്ത്രവുമായി കേരളത്തിലേക്ക് വരുമ്പോൾ അത് ഒരു വലിയ ഭീഷണിയാണ്. അതിനെ നേരിടാനുള്ള വഴി കണ്ടെത്തണം. ഇടതുപക്ഷം ന്യൂനപക്ഷത്തിനൊപ്പം നിൽക്കുകയും അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു എന്നതാണ് ന്യൂനപക്ഷങ്ങളോട് പറയാനുള്ളത്. അവരുടെ ഉത്കണ്ഠ മനസ്സിലാക്കുന്നുണ്ട്. സംസ്ഥാനത്തിനും രാജ്യത്തിനും മുന്നിലുള്ള ഏക മാർഗം മതേതരത്വമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Show Full Article
TAGS:Kerala Local Body Election Binoy Viswam CPM CPI BJP Kerala News 
News Summary - kerala local body election binoy viswam
Next Story