മാനംകാത്ത് എൽ.ഡി.എഫ്, നേട്ടം കൊയ്ത് യു.ഡി.എഫ്
text_fieldsകാസർകോട്: സംസ്ഥാനത്ത് വീശിയടിച്ച യു.ഡി.എഫ് തരംഗത്തിൽ ജില്ലയിൽ ഇരുമുന്നികൾക്കും ആശ്വസിക്കാൻ വക. ജില്ല പഞ്ചായത്ത് ഭരണം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയിൽനിന്ന് ഗ്രാമപഞ്ചായത്തുകൾ പിടിച്ച് യു.ഡി.എഫ് നേട്ടം കൊയ്തു. ജില്ല പഞ്ചായത്തിൽ 18 ഡിവിഷനുകളിൽ ഒമ്പത് സീറ്റുകൾ നേടി എൽ.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടിയപ്പോൾ ബി.ജെ.പിയുടെ സീറ്റുകൾ രണ്ടിൽനിന്ന് ഒന്നായി കുറഞ്ഞു.
ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ട് യു.ഡി.എഫും നാല് എൽ.ഡി.എഫും നിലനിർത്തി. നഗരസഭകളും തൽസ്ഥിതി തുടർന്നു. കാസർകോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിൽ ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. കാഞ്ഞങ്ങാട് നഗരസഭയിൽ ഒരു സീറ്റിന്റെ മേൽക്കൈ മാത്രമാണ് എൽ.ഡി.എഫിനുള്ളത്. ഉജ്ജ്വല പോരാട്ടമാണ് യു.ഡി.എഫ് കാഞ്ഞങ്ങാട് നടത്തിയത്. കാസർകോട് നഗരസഭ യു.ഡി.എഫ് നിലനിർത്തിയത് രണ്ട് സീറ്റുകൾ ബി.ജെ.പിയിൽനിന്ന് പിടിച്ചെടുത്തുകൊണ്ടാണ്. മുസ്ലിം ലീഗിനെതിരെ മത്സരിച്ച എല്ലാ വിമതന്മാരെയും നഗരസഭയിൽ നിലംപരിശാക്കി. നീലേശ്വരം നഗരസഭ എൽ.ഡി.എഫ് നിലനിർത്തി.
ഗ്രാമപഞ്ചായത്തുകളിലാണ് ജില്ലയിൽ കാര്യമായ മാറ്റം പ്രകടമായത്. 38 ഗ്രാമപഞ്ചായത്തുകളിൽ 19 എണ്ണം ഭരിച്ച എൽ.ഡി.എഫിന് അത് 12 ആയി ചുരുങ്ങി. യു.ഡി.എഫ് 19ലേക്ക് ഉയർന്നു. ബി.ജെ.പി അവരുടെ മൂന്നെണ്ണം നിലനിർത്തി. കന്നട മേഖലയിൽ ഇടതുപക്ഷ ഭരണമെല്ലാം കടപുഴകിയത് ഗുണം ചെയ്തത് യു.ഡി.എഫിനാണ്. ബി.ജെ.പിയുടെ സ്വാധീനത്തിലേക്ക് പോയിരുന്ന പഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ തിരിച്ചുവരവ് പ്രകടമാക്കിയ ഫലമാണ് കന്നട മേഖലയിലുണ്ടായത്. ബി.ജെ.പിക്ക് ഒറ്റക്ക് കൂടുതൽ സീറ്റുകൾ ലഭിച്ച പഞ്ചായത്തുകളിൽ അവർക്ക് ഭരിക്കാൻ കഴിയണമെന്നില്ല എന്ന സ്ഥിതിയും വന്നുചേർന്നു.


