പ്രവാസിക്ക് വോട്ടറാവാം, വോട്ടില്ല; 22 ലക്ഷം പ്രവാസി മലയാളികളിൽ വോട്ടുള്ളത് 2844 പേർക്ക് മാത്രം
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന നിയമഭേദഗതി വന്നിട്ട് 14 വർഷം പിന്നിട്ടിട്ടും ജോലി ചെയ്യുന്ന രാജ്യത്തിരുന്ന് വോട്ട് ചെയ്യാൻ അവസരമില്ലാതെ ലക്ഷക്കണക്കിന് പ്രവാസികൾ. വിദേശത്തുള്ള 22 ലക്ഷം മലയാളികളിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടികയിലുള്ളത് 2844 പേർ മാത്രം.
പ്രവാസികൾക്കായി പകരക്കാർ വോട്ട് ചെയ്യുന്ന പ്രോക്സി വോട്ട് നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പുനൽകിയിട്ട് മൂന്നു വർഷം കഴിഞ്ഞെങ്കിലും തുടർനടപടിയൊന്നുമില്ല. പ്രവാസികൾക്ക് ഇ-തപാൽ വോട്ടിന് അവസരം നൽകണമെന്ന് അഞ്ചു വർഷം മുമ്പ് കേന്ദ്രത്തിന്, തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. 2011ലെ നിയമഭേദഗതിപ്രകാരം പ്രവാസികൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് പാസ്പോർട്ട് രേഖയായി സമർപ്പിച്ച് പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ടെങ്കിലും വോട്ട് ചെയ്യണമെങ്കിൽ നാട്ടിലെത്തണം. എന്നാൽ, കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ഭൂരിഭാഗം പേർക്കും ഇത് അപ്രായോഗികമാണ്. ഇതിനാൽ വോട്ടർപട്ടികയിൽ പേരുള്ള ഭൂരിപക്ഷം പ്രവാസികൾക്കും സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാറില്ല.
പ്രവാസികൾക്ക് പ്രോക്സി വോട്ട് ചെയ്യാൻ അവകാശം നൽകുന്ന ബിൽ 2018ൽ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ അവതരിപ്പിച്ചിട്ടില്ല. വിദേശ എംബസികളിലെ ജീവനക്കാർക്ക് നൽകുന്ന മാതൃകയിൽ പ്രവാസികൾക്കായി ഇ-തപാൽ വോട്ട് സൗകര്യം ഒരുക്കണമെന്ന ശിപാർശ 2020ൽ തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
ഇക്കാര്യത്തിൽ, കോടതി ഇടപെടൽ തേടി സുപ്രീംകോടതിയിൽ ഒരു സംഘം പ്രവാസികൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെ, ജോലി ചെയ്യുന്ന രാജ്യത്തിരുന്ന്, വോട്ട് ചെയ്യാനുള്ള സൗകര്യം നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല. വിദേശരാജ്യങ്ങളിൽ രണ്ടര ലക്ഷത്തോളം മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇ-തപാൽ വോട്ട് സൗകര്യത്തിന്റെ അഭാവം മൂലം ഇവർക്കും സമ്മതിദാനാവകാശം നിഷേധിക്കപ്പെടുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടികയിലുള്ള പ്രവാസികൾ
കോഴിക്കോട് 1232
കണ്ണൂർ 486
മലപ്പുറം 447
തൃശൂർ 205
എറണാകുളം 87
കാസർകോട് 74
കോട്ടയം 53
ആലപ്പുഴ 52
പത്തനംതിട്ട 51
പാലക്കാട് 50
കൊല്ലം 48
തിരുവനന്തപുരം 41
വയനാട് 11
ഇടുക്കി 07
ആകെ 2844


