Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്റെ വിഭജന...

സി.പി.എമ്മിന്റെ വിഭജന രാഷ്ട്രീയത്തിനും ജനവിരുദ്ധ ഭരണത്തിനും ജനം നൽകിയ മറുപടി -വെൽഫെയർ പാർട്ടി

text_fields
bookmark_border
സി.പി.എമ്മിന്റെ വിഭജന രാഷ്ട്രീയത്തിനും ജനവിരുദ്ധ ഭരണത്തിനും ജനം നൽകിയ മറുപടി -വെൽഫെയർ പാർട്ടി
cancel

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ വിഭജന രാഷ്ട്രീയം നടപ്പിലാക്കാനുള്ള സി.പി.എം ശ്രമത്തിനും ജനവിരുദ്ധ ഭരണത്തിനും ജനങ്ങൾ നൽകിയ മറുപടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. തെരഞ്ഞെടുപ്പ് ജയിക്കാനായി ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് സി.പി.എമ്മും ഏറ്റെടുത്തത്. ജമാഅത്തെ ഇസ്‍ലാമി, ഹിസ്ബുൽ മുജാഹിദീൻ എന്നൊക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞ് കേരളത്തിൽ 'മുസ്‍ലിം ഭീതി' സൃഷ്ടിച്ച് ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കുകയെന്ന ധ്രുവീകരണ തന്ത്രമാണ് സി.പി.എം പയറ്റിയത്. എന്നാൽ, കേരള ജനത അതിനെ ചവിട്ടിത്താഴ്ത്തിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത് -അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത വിളമ്പുന്ന വെള്ളാപ്പള്ളി നടേശനടക്കമുള്ളവരെ സി.പി.എം തോളിലേറ്റി നടക്കുകയാണ്. കേവല തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി വിഭജന, സാമുദായിക ധ്രുവീകരണ നയങ്ങൾ പിന്തുടരുന്നത് അത്യധികം ആപത്താണെന്നും അത് ബി.ജെ.പിയെയാണ് ആത്യന്തികമായി സഹായിക്കുക എന്നും ഇനിയെങ്കിലും സി.പി.എം തിരിച്ചറിയണം.

വിലക്കയറ്റവും ജനങ്ങളുടെ നടുവൊടിക്കുന്ന നിരക്ക് വർധനവുകളുമടക്കം അങ്ങേയറ്റം ജനദ്രോഹപരമായാണ് സംസ്ഥാന ഭരണം മുന്നോട്ട് പോകുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് തോൽവിയുടെ മുന്നിൽ നിൽക്കുമ്പോഴും ആനുകൂല്യങ്ങൾ നൽകിയ സർക്കാറിനോട് ജനങ്ങൾ നന്ദി കാണിച്ചില്ലെന്ന രീതിയിലുള്ള പ്രസ്താവന സി.പി.എം നേതാക്കൾ നടത്തുന്നത് അപഹാസ്യമാണ്. തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ടില്ലെങ്കിൽ കനത്ത തിരിച്ചടികളാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നത്. പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതടക്കം അങ്ങേയറ്റത്തെ ബി.ജെ.പി വിധേയത്വത്തോടെയാണ് സംസ്ഥാന ഭരണം മുന്നോട്ടുപോകുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം മികച്ച മുന്നേറ്റമാണ് വെൽഫെയർ പാർട്ടി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകളിലായി പാർട്ടിയുടെ 75 ജനപ്രതിനിധികളെ ജനം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാർട്ടിക്കെതിരെ വലിയ അക്രമണമാണ് സി.പി.എം അഴിച്ചുവിട്ടത്. വെൽഫെയർ പാർട്ടിയുടെ സിറ്റിങ് വാർഡുകളിൽ വ്യാപകമായി ബി.ജെ.പിയെയടക്കം കൂട്ടുപിടിച്ച് പാർട്ടിയെ തോൽപ്പിക്കാൻ സി.പി.എം ശ്രമം നടത്തി. അതിനെയെല്ലാം മറികടന്നുള്ള തിളക്കമാർന്ന വിജയമാണ് ജനങ്ങൾ വെൽഫെയർ പാർട്ടിക്ക് സമ്മാനിച്ചത്.

കഴിഞ്ഞ 10 വർഷമായി സിറ്റിങ് വാർഡുകളിൽ വെൽഫെയർ പാർട്ടി കൗൺസിലർമാരും മെമ്പർമാരും നടത്തിയ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് ഫലം നൽകിയ ഊർജ്ജത്തിൻ്റെ പശ്ചാത്തലത്തിൽ പാർട്ടി കൂടുതൽ ശക്തമായി പ്രവർത്തിക്കുകയും സംഘ്പരിവാറിൻ്റെയും സി.പി.എമ്മിൻ്റെയും ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ പോരാട്ടം കനപ്പിക്കുകയും ചെയ്യുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.

Show Full Article
TAGS:Kerala Local Body Election CPM welfare party razak paleri 
News Summary - Kerala local body election: people's response to CPM's divisive politics- Welfare Party
Next Story