കേരളത്തിൽ 11 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ
text_fieldsകേരള നിയമസഭ
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 11,01,488 ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ആവാസ് പദ്ധതിയിൽ 5,16,320ഉം കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ 1,64,980ഉം അതിഥി പോർട്ടലിൽ 4,20,188ഉം ഇതര സംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തതെന്നും ചോദ്യോത്തര വേളയിൽ നിയമ സഭയെ അറിയിച്ചു.
നിയമസഭ ചോദ്യോത്തരത്തിൽ നിന്ന്
കെട്ടിട നിർമാണ തൊഴിലാളി പെൻഷൻ 16 മാസം കുടിശ്ശിക
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ 16 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ഒരു മാസത്തെ പെൻഷന് 62 കോടി രൂപ വേണം. കെട്ടിട നിർമാണ സെസ് മാസത്തിൽ 30 കോടിയിൽനിന്ന് 50 കോടിയായിട്ടുണ്ട്. സെസ് പിരിവ് വർധനയുടെ മുറക്ക് കുടിശ്ശിക വിതരണം ചെയ്യും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തത് 39,51,770 പേർ
സംസ്ഥാനത്തെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 39,51,770 ഉദ്യോഗാർഥികൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ഇതിൽ എം.ബി.എ, എം.സി.എ, ബി.ആർക്, എൽഎൽ.ബി, ബി.ഡി.എസ് യോഗ്യതയുള്ളവരടക്കമുണ്ട്. 286 പേർക്കായി മാസത്തിൽ 34,320 രൂപ തൊഴിലില്ലായ്മ വേതനം നൽകുന്നുണ്ട്.
ഗിഗ് തൊഴിലാളി സംരക്ഷണ ബിൽ ഉടൻ
ബൈക്കിലും മറ്റും ഭക്ഷണമെത്തിക്കുന്ന മൂന്നര ലക്ഷത്തോളം ഗിഗ് തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള ബിൽ വൈകാതെ സഭയിൽ അവതരിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം നടപ്പാക്കി. സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന വിവേചനവും ചൂഷണവും തൊഴില്‍ വകുപ്പിനെ അറിയിക്കാൻ ‘സഹജ’ കോൾ സെന്റർ തുടങ്ങി.
എല്ലാ സ്കൂളിലും സുരക്ഷ ഓഡിറ്റ് നടത്തി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ എല്ലാ സ്കൂളിലും സുരക്ഷ ഓഡിറ്റ് നടത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫിറ്റ്നസ് ഇല്ലാത്തതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ പട്ടിക തയാറാക്കി. സുരക്ഷ ഉറപ്പാക്കാത്ത സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഹൗസ് ബോട്ട് രജിസ്ട്രേഷൻ നിയന്ത്രിച്ചു
ഹൗസ് ബോട്ടുകളിൽനിന്നുള്ള മലിനീകരണം കൂടിയതിനാൽ പുതിയ ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകുന്നതിന് നിയന്ത്രണങ്ങളേർപ്പെടുത്തിയെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുപ്പിവെള്ളം, പ്ലാസ്റ്റിക് പാക്കറ്റുകളിലെ ഭക്ഷണം എന്നിവ യാത്രക്കാർ ഉപയോഗിക്കരുതെന്ന് ബോട്ടുടമകൾക്ക് നിർദേശം നൽകി. ബോട്ടുകളിലെ ഖരമാലിന്യ ശേഖരണത്തിന് കലക്ഷൻ ബാസ്കറ്റുകൾ സ്ഥാപിക്കും.
335 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായി
സംസ്ഥാനത്ത് 335 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായി. റവന്യൂ, രജിസ്ട്രേഷൻ, സർവേ സേവനങ്ങൾ എന്റെ ഭൂമി പോർട്ടലിൽ സജ്ജീകരിച്ചുവരികയാണെന്നും പോർട്ടൽ നിലവിൽ വരുന്നതോടെ ഭൂമി കൈമാറ്റ നടപടികൾക്ക് വേഗംകൂടുമെന്നും റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.
ദേശീയപാത 444 കി.മീ ആറുവരിയാക്കി
ദേശീയപാത 444 കി. മീറ്റർ ആറുവരിയായി വികസിപ്പിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാതയുടെ നിർമാണവും ഗുണനിലവാരം ഉറപ്പാക്കലും ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്വമാണെങ്കിലും മുഖ്യമന്ത്രി അവലോകനം നടത്തുന്നുണ്ട്. നിർമാണത്തിലുള്ള പാലം തകർന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: തുടർനടപടി ഉടൻ
താമരശ്ശേരി ചുരത്തിൽ തുടർച്ചയായുള്ള മണ്ണിടിച്ചിൽ പരിശോധിക്കാൻ എൻ.ഐ.ടി നടത്തിയ പ്രാഥമിക പഠന റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ വീതികൂട്ടുന്ന പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായി.
കേരളത്തിൽ ഉയർന്ന കൂലി
സംസ്ഥാനത്തെ കാര്‍ഷിക, കാര്‍ഷികേതര, നിർമാണ മേഖലകളിലെ തൊഴിലാളികളുടെ പ്രതിദിന വേതനം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നതാണെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. കാര്‍ഷിക മേഖലയിലെ പുരുഷ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 807.20ഉം കാര്‍ഷികേതര മേഖലയിലെ വേതനം 735ഉം നിർമാണ മേഖലയിലേത് 893.60ഉം രൂപയാണ്. കാര്‍ഷിക മേഖലയിലെ ദേശീയ ശരാശരി 372.70ഉം കാര്‍ഷികേതര മേഖലയിലേത് 371.40ഉം നിർമാണ മേഖലയിലേത് 417.30ഉം രൂപയാണ്.