പി.എസ്.സിക്കെതിരായ പരാതികളുമായി ബിജെപി നേതാക്കൾ രാഷ്ട്രപതിക്കു മുന്നിൽ; ഗവര്‍ണറുടെ ശിപാർശയിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: പി.എസ്.സിയിൽ പരീക്ഷാ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ആവശ്യപ്പെട്ട് മുൻ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നൽകിയ ശിപാർശയിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ രാജ്യസഭ അംഗങ്ങളായ പി.ടി. ഉഷ, സി. സദാനന്ദൻ എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിയെ സന്ദർശിക്കുക.
ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ്, പി.എസ്.സിക്കെതിരായ പരാതികളുടെ പകര്‍പ്പും മാധ്യമ വാര്‍ത്തകളും അടക്കമാണ് രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയത്.
പുതിയ ഗവർണർ ഓം പ്രകാശ് മാതുറും ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് ശിപാർശ നൽകിയിട്ടുണ്ടെന്നാണ് വിവരം. ഈ രണ്ട് ശിപാർശകളുടെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
അതേസമയം, പി.എസ്.സി ചെയർമാൻ അടക്കമുള്ളവർക്കെതിരെ നടപടിക്ക് ഗവർണർ ശുപാർശ ചെയ്തത് നടപടിക്രമങ്ങൾ അനുസരിച്ചല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
സർക്കാരുമായി കൂടിയാലോചന നടത്തുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ല. എന്നാൽ പി.എസ്.സിയിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അതിനെതിരെ ശുദ്ധീകരണ നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
ഗവർണർ ശിപാർശ ചെയ്തു എന്നതിന്റെ പേരിൽ പ്രതിപക്ഷം പി.എസ്.സിയിലെ എല്ലാവരെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത് രണ്ടും രണ്ട് വിഷയങ്ങളാണ്. പി.എസ്.സി വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കും.
പി.എസ്.സി ചെയർമാനുമായി ബന്ധപ്പെട്ട കേസ് അന്വേഷണ ഘട്ടത്തിലാണ്. അതിനാൽ ഇപ്പോൾ ഇതിൽ മറുപടി പറയുന്നില്ല. പി.എസ്.സിക്കെതിരെ ധാരാളം പരാതികൾ വരുന്നുണ്ട്.
കേസ് നടക്കുന്നതിനാൽ ഇതുവരെ പരാതിപ്പെടാത്തവരും രംഗത്തുവരുന്നുണ്ട്. ഗൗരവതരമായ പരാതികളും ലഭിക്കുന്നുണ്ട്. പി.എസ്.സിയിലും വിയോജിപ്പ് ഉണ്ട് എന്നാണ് അറിയാനൻ കഴിഞ്ഞത്. ഇവയിലും അന്വേഷണം നടത്തുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.


