ജീവനെടുത്ത നഞ്ചക്കിനറിയുമോ, ജീവനറ്റുവീണ ഷഹബാസ് എന്ന നോവിനെ
text_fieldsഎച്ച്.എസ്.എസ് വിഭാഗം മൂകാഭിനയത്തിൽ എ ഗ്രേഡ് നേടിയ ജി.എസ്.വി.എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി, വയനാട്, (കൊല്ലപ്പെട്ട ഷഹബാസ് ഉൾച്ചിത്രത്തിൽ)
തൃശൂർ: നഞ്ചക്കിന്‍റെ ഊക്കിനുമപ്പുറം സമപ്രായക്കാരുടെ ഹൃദയശൂന്യതയിൽ ജീവനറ്റുവീണ ഷഹബാസിന്‍റെ നോവുതീർത്ത കണ്ണീർച്ചാൽ ശബ്ദമില്ലാതെ നിലവിളിച്ചു. നാടിന്‍റെ വേദനയായിമാറിയ ആ പത്താം ക്ലാസുകാരനെ മറവിക്ക് വിട്ടുനൽകാതെ കലോത്സവത്തിൽ ഓർക്കാൻ ഉറപ്പിച്ചിരുന്നു സുൽത്താൻ ബത്തേരിയിൽ നിന്നെത്തിയ മൂകാഭിനയ സംഘം.
കോഴിക്കോട് താമരശേരിയിൽ ഷഹബാസിന്‍റെ പുഞ്ചിരി ഇല്ലാതായിട്ട് ഒരു വർഷം പോലുമായിട്ടില്ല. പുതിയ കാലത്ത് കൗമാരക്കാർക്കിടയിൽ പെരുകുന്ന അക്രമവാസനയുടെ ഇരയായി ജീവൻ നഷ്ടപ്പെട്ട ഷഹബാസിനെ മറക്കുന്നതെങ്ങനെയെന്ന് ശബ്ദമില്ലായ്മയിലും ഉറക്കെ ചോദിക്കുകയായിരുന്നു വയനാട് സുൽത്താൻ ബത്തേരി ജി.എസ്.വി.എച്ച്.എസ്.എസിലെ എച്ച്.എസ്.എസ് വിഭാഗം മൂകാഭിനയ സംഘം.
എ.എസ്. ഭരദ്വേജിന്‍റെ നേതൃത്വത്തിൽ അസിൻ മറിയ ബിനീഷ്, കെ. സിദ്ധാർഥ്, ലിബിന സേവ്യർ, യു. സച്ചിൻ കൃഷ്ണ, അലൻ ടോം എൽദോസ്, ഷെസ്വിൻ ഷെനോ എന്നിവരടങ്ങിയ സംഘമാണ് ഷഹബാസിനെ ഓർത്തത്. എ ഗ്രേഡ് സ്വന്തമാകുകയും ചെയ്തു. കലാഭവൻ സുമേഷാണ് പരിശീലകൻ.


