‘ആദിവാസി ഊരിൽ കൂലിപ്പണിയെടുത്താണ് ഇതുവരെ ജീവിച്ചത്, ഇപ്പോൾ കലോത്സവ പരിശീലക’
text_fieldsതൃശൂർ: ‘‘കല്ലും മുള്ളും നിറഞ്ഞ ഒരു ഭൂതകാലമുണ്ടായിരുന്നു. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു കാലം. അതൊക്കെ മറക്കാനും സന്തോഷത്തോടെ മുന്നോട്ട് ജീവിക്കാനും കരുത്തായത് സ്കൂൾ കലോത്സവത്തിൽ ആദിവാസി കലകൾ കൂടി ഉൾപ്പെടുത്തിയതിലൂടെ കൈവന്ന അവസരങ്ങളിലൂടെയാണ്’’. തേക്കിൻകാട് മൈതാനിയിലെ സംസ്ഥാന സ്കൂൾ കലോത്സവ വേദിക്കരികിൽ താൻ പരിശീലിപ്പിച്ച കുട്ടികൾക്കൊപ്പം നിന്ന് സംസാരിക്കുമ്പോൾ സുധയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തെളിച്ചം.
കോഴിക്കോട് ബി.ഇ.എം ഗവ. എച്ച്.എസ്.എസ് വിദ്യാർഥികളെ സംസ്ഥാനതലം വരെ പണിയ നൃത്തത്തിന് പരിശീലിപ്പിച്ചത് സുധയാണ്. ആദിവാസി പണിയ വിഭാഗത്തിൽപെട്ട സുധ വയനാട് കൽപറ്റ സ്വദേശിയാണ്. സ്വന്തം ഊരിൽ കൂലിപ്പണിയെടുത്തായിരുന്നു ഇക്കാലമത്രയും ജീവിച്ചത്. 18ാം വയസ്സിൽ വിവാഹം കഴിച്ചു. 10 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജീവിതം കൂടുതൽ ദുസ്സഹമായി.
വളരെ ചെറുപ്പത്തിൽതന്നെ പണിയ വിഭാഗത്തിന്റെ മുഴുവൻ കലാരൂപങ്ങളും സുധ പഠിച്ചെടുത്തിട്ടുണ്ട്. സ്കൂൾ കലോത്സവത്തിൽ ആദിവാസി നൃത്ത ഇനങ്ങൾ ഉൾപ്പെടുത്തിയതോടെ സുധ അടക്കമുള്ള നിരവധി ആദിവാസി കലാകാരന്മാരുടെ ജീവിതത്തിന്റെ താളവും കൂടുതൽ സുന്ദരമായി. സംസ്ഥാനത്തെ മിക്ക സ്കൂളുകളിൽനിന്നും ഈ നൃത്ത ഇനങ്ങൾ പരിശീലിപ്പിക്കാൻ ഇവരെത്തേടി ആളുകൾ വന്നുതുടങ്ങി. നിലവിൽ കേരളത്തിൽ അറിയപ്പെടുന്ന പണിയ നൃത്ത പരിശീലകയാണ് സുധ.


