ജപ്തി നോട്ടീസ് വെച്ച ഷെൽഫിലേക്കൊരു എ ഗ്രേഡുമായി രാഖിൻ
text_fieldsഎച്ച്.എസ്.എസ്. വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുടി മത്സരത്തിൽ എ ഗ്രേഡ് നേടിയ
രാഖിൻ രഘുനാഥ്
(ജി.വി.എച്ച്.എസ്.എസ്
മുട്ടറ, കൊല്ലം)
തിരുവനന്തപുരം: എച്ച്.എസ്.എസ് വിഭാഗം കുച്ചിപ്പുടിയിൽ ‘സീത’യായി മകൻ രാഖിൻ വേദിയിൽ നിറഞ്ഞാടുമ്പാഴും രഘുനാഥിന്റെയും അമ്മ ശ്രീദേവിയുടെയും മുഖത്ത് സങ്കടക്കടലായിരുന്നു. എ ഗ്രേഡും ട്രോഫിയുമായി കൊല്ലം ഓടനാവട്ടം കുടവട്ടൂരിലെ വീട്ടിലേക്ക് പോകുമ്പോൾ അന്തിയുറങ്ങാൻ വീടുണ്ടാകുമോയെന്ന ചോദ്യമായിരുന്നു ഇരുവരുടെയും മനസ്സിൽ.
അടിയന്തരമായി 10 ലക്ഷം അടച്ചില്ലെങ്കിൽ വ്യാഴാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ചുകൊണ്ടുള്ള കൊട്ടാരക്കര യൂനിയൻ ബാങ്കിലെ നോട്ടീസ് വീട്ടിലെ ഷെൽഫിൽ വെച്ചിട്ടാണ് ഇരുവരും മകനുമായി കലോത്സവത്തിന് വണ്ടികയറിയത്. ഒമ്പതാം തീയതിക്ക് മുമ്പായി പണം അടക്കാൻ ഒരു വഴിയും ഈ മാതാപിതാക്കൾക്ക് മുന്നിൽ തെളിഞ്ഞിട്ടില്ല.
ഓടനാവട്ടത്ത് ചായത്തട്ടു നടത്തുന്ന രഘുനാഥും രാജശ്രീയുടെയും കഷ്ടപ്പാടുമനസിലാക്കി കലാക്ഷേത്ര കിഷൻ സജികുമാർ ഉണ്ണി ഫീസൊന്നും വാങ്ങാതെയാണ് രാഖിനെ 12 വർഷമായി പഠിപ്പിക്കുന്നത്.
കലോത്സവത്തിനാവശ്യമായ വസ്ത്രത്തിനെയും ആഭരണത്തിന്റെയും ചെലവ് വഹിക്കുന്നതും സജികുമാർ തന്നെ. നാട്ടുകാരും ബന്ധുക്കളും നാട്ടിലെ സ്പോർട്സ് ക്ലബിന്റെയും സഹായത്തിലാണ് കൊല്ലം മുട്ടറ ജി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥി രാഖിൻ മുൻ വർഷങ്ങളിൽ കലോത്സവ വേദിയിലെത്തിയത്.
കുച്ചിപ്പുടിയിൽ പങ്കെടുത്ത 12 പേരിൽ 11 പേരും പുരുഷ വേഷം കെട്ടിയാടിയപ്പോൾ രാഖിൻ സ്ത്രീ വേഷത്തിലൂടെയായിരുന്നു സദസ്സിനെ കൈയിലെടുത്തത്.