മിമിക്രിയിലും ഓട്ടംതുള്ളലിലും യുക്തയുടെ വടക്കൻ വിജയഗാഥ
text_fieldsമിമിക്രിയിലും ഓട്ടംതുള്ളലിലും തുടർന്നുവരുന്ന വിജയഗാഥ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും കൈവിട്ടില്ല യുക്ത. വടകരയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് യുക്ത. ഇത് തുടർച്ചയായ മൂന്നാംതവണയാണ് കലോത്സവത്തിൽ മിമിക്രിയിലും ഓട്ടംതുള്ളലിലും എ ഗ്രേഡ് നേടുന്നത്.
മിമിക്രി വേദിയിൽ വേറിട്ട ഇനങ്ങളിലൂടെയാണ് യുക്ത ശ്രദ്ധേയയായത്. മഹാഭാരത യുദ്ധത്തിൽ തുടങ്ങി, ഫലസ്തീനിലെ ഇസ്രായേലിന്‍റെ യുദ്ധക്കാഴ്ചകളിലൂടെ അനുകരണകല മുന്നേറി. യുദ്ധങ്ങൾ ഇല്ലായ്മ ചെയ്യുന്ന പ്രകൃതിയുടെ രോദനം, പക്ഷികളുടെയും മൃഗങ്ങളുടെയും വിലാപങ്ങൾ എന്നിവയും, മൈക്കിൾ ജാക്സൺ, ഇന്ദിര ഗാന്ധി, അബ്ദുൾകലാം തുടങ്ങിയവരുമൊക്കെ യുക്തയുടെ ശബ്ദത്തിലൂടെ വേദിയിലെത്തി. സദസ്സ് നിറഞ്ഞ കയ്യടിയോടെയാണ് യുക്തയുടെ പ്രകടനത്തെ സ്വീകരിച്ചത്. രാഷ്ട്രീയക്കാരുടെയും സിനിമ താരങ്ങളുടെയും ചൊവ്വ ഗ്രഹത്തിലേക്കുള്ള യാത്ര, 20230ലെ റോബോട്ടുകളുടെ ഉത്സവപ്പറമ്പ് തുടങ്ങിയ വ്യത്യസ്തമായ ഇനങ്ങളും ഉണ്ടായിരുന്നു.
ഹാസ്യാവതാരകനും മിമിക്രി കലാകാരനുമായ സുനിൽ കോട്ടേമ്പ്രത്തിന് കീഴിലാണ് യുക്ത പരിശീലനം നേടുന്നത്. ആദ്യം മോണോ ആക്ടിലായിരുന്നു പരിശീലനം. എന്നാൽ, മിമിക്രിയിൽ ആഭിമുഖ്യം കാട്ടിയതോടെ ഈ വഴിയിലേക്ക് തിരിയുകയായിരുന്നു.


