കാക്കിക്കുള്ളിലെ കലാകാരന്മാർ ഇത്തവണയും ലൈവാണ്
text_fieldsകലോത്സവ നഗരിയിലെ പൊലീസ് സ്റ്റാൾ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ പരിപാടികൾ കൊഴുക്കുമ്പോൾ പൊലീസിന് പിടിപ്പത് പണിയാണ്. ക്രമസമാധാന പാലനത്തോടൊപ്പം കലോത്സവ വേദിയിലെത്തുന്നവർക്ക് കുടിവെള്ളവും ലഘുഭക്ഷണവും സൗജന്യമായി നൽകി സജീവമാണ് പൊലീസുകാർ. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊലീസ് അസോസിയേഷനുകളുടെ സ്റ്റാൾ ഉള്ളത്.
കനത്ത ചൂടിൽ ദാഹിച്ചു വരുന്നവർക്ക് കുടിവെള്ളവും കഴിക്കാൻ ഓറഞ്ചും തണ്ണിമത്തനും പഴവും പൊലീസ് സ്റ്റാളിൽ നൽകുന്നുണ്ട്. 24 മണിക്കൂറും കുടിവെള്ള വിതരണമുണ്ട്. വൈകുന്നേരങ്ങളിൽ ചുക്കുകാപ്പിയും നൽകും. കഴിഞ്ഞ ദിവസം കപ്പ പുഴുങ്ങിയതും വിതരണം ചെയ്തിരുന്നു.
പൊലീസ് സംഘടനകളയ കെ.പി.എ, കെ.പി.ഒ.എ എന്നിവയുടെ പ്രവർത്തകരാണ് സ്റ്റാളിലുള്ളത്. ദിവസവും ആയിരത്തിലേറെ പേർക്ക് കുടിവെള്ളവും ലഘുഭക്ഷണവും നൽകുന്നുണ്ട്. 'ജനമൈത്രി' പൊലീസിന്‍റെ സേവനത്തിൽ കലോത്സവത്തിനെത്തുന്നവരും ഹാപ്പിയാണ്.


