എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നഗരനയം അനിവാര്യം -മുഖ്യമന്ത്രി
text_fieldsകൊച്ചി: വൻ നഗരങ്ങളും ഉപ നഗരങ്ങളുമായി നഗരവത്കരണം അതിവേഗം പുരോഗമിക്കെ കേരളത്തിന് വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച ‘കേരള അർബൻ കോൺക്ലേവ് 2025’ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതെങ്കിലും ജനസാന്ദ്രതയിൽ കേരളം മുന്നിലാണ്. 2035ഓടെ സംസ്ഥാനത്തെ ജനങ്ങളുടെ 90 ശതമാനത്തോളം നഗരജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ. കേരളത്തിലെ നഗരവത്കരണത്തിന് പിന്നിൽ ഒട്ടേറെ ഘടകങ്ങളുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാല തീരദേശം, ഉയർന്ന ജീവിത നിലവാരം തുടങ്ങിയവ കേരളത്തിന്റെ നഗരവത്കരണത്തിന് കാരണമാണ്. നഗരവത്കരണത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും അവസരങ്ങളാക്കി മാറ്റാനും കഴിയണം.
അതിനാണ് നവകേരളം എന്ന ആശയം സർക്കാർ മുന്നോട്ട് വെച്ചത്. പരിസ്ഥിതി സംരക്ഷണം, പാർപ്പിട ലഭ്യത, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് ഈ കർമപദ്ധതിയുടെ ലക്ഷ്യം. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവ ലോകം ഉറ്റുനോക്കുന്ന വികസന പദ്ധതികളാണ്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും നൽകിയുള്ള വികസനമാണ് സർക്കാർ ഉന്നം വെക്കുന്നത്. നാടിന്റെ താഴെത്തട്ടിലെ വികസനവും ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭവന നിർമാണ, നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയായി. കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ കോണ്‍ക്ലേവിൽ 36 സെഷനുകളിലായി 295 പ്രഭാഷകര്‍ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.