ഖാദർച്ചയുടെ ശരീരം പരിയാരം മെഡിക്കൽ കോളജിന്
text_fieldsഅടിയന്തിരാവസ്ഥ അറബിക്കടലിൽ എന്ന ചുമരെഴുത്ത് (ഫയൽ ഫോട്ടോ)
ചെറുവത്തൂർ: നെറികെട്ട കാലത്തോട് സമരം നടത്തി വിപ്ലവങ്ങൾ സൃഷ്ടിച്ച ഖാദർച്ച ഒടുവിൽ പാഠപുസ്തകമായി. അടിയന്തിരാവസ്ഥയുടെ ചുമരെഴുത്ത് ചരിത്രത്തിന് സമ്മാനിച്ച ഈ കൊടക്കാട്ടുക്കാരൻ ഇനി മെഡിക്കൽ വിദ്യാർഥികളുടെ പഠനവസ്തുവാകും.
ചൊവ്വാഴ്ച അന്തരിച്ച നങ്ങാരത്ത് അബ്ദുൽ ഖാദറിെൻറ മൃതശരീരം അദ്ദേഹത്തിെൻറ ആഗ്രഹ പൂർത്തീകരണത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിക്ക് കൈമാറി. അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ഏകാധിപത്യ വാഴ‌്ചക്കെതിരെ അലയടിച്ചുയർന്ന ജനരോഷത്തിെൻറ ഭാഗമായി കരിവെള്ളൂരിെൻറ പാതയോരത്തെ ഇരുനില കെട്ടിടത്തിെൻറ ചുമരിൽ 'അടിയന്തരാവസ്ഥ അറബിക്കടലിൽ' എന്ന‌് മലയാളത്തിലും 'ഇന്ത്യ ഈസ‌് നോട്ട‌് ഇന്ദിര' എന്ന‌് ഇംഗ്ലീഷിലും എഴുതിയത് അബ്ദുൽ ഖാദറായിരുന്നു.
ഇന്ദിരഗാന്ധി റോഡുമാർഗം കടന്നുപോകുമ്പോൾ അവർക്ക‌് കാണാൻ കുറിച്ചിട്ടതായിരുന്നു ഈ വാക്കുകൾ. തലമുറകളുടെ മനസ്സിൽ ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്പക്ഷരങ്ങൾ ദേശീയപാതക്ക‌് വീതി കൂട്ടുന്നതിെൻറ ഭാഗമായി കെട്ടിടത്തിനൊപ്പം കാലം കവർന്നെങ്കിലും ആ ചുമരെഴുത്തും എഴുത്തുകാരനായ ഖാദർച്ചയെയും ആരും മറന്നിട്ടില്ല.
വെള്ളച്ചാലിലെ സി.പി.എമ്മിെൻറയും ട്രേഡ് യൂനിയെൻറയും നേതാവായിരുന്ന ഖാദർച്ച തുടയെല്ല് പൊട്ടിയതിന് ശസ്ത്രക്രിയ നടത്തിയതുമൂലം പരസഹായമില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഖാദറിെൻറ വിഷമാവസ്ഥ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ജീവിതം മുഴുവൻ പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഖാദറിെൻറ കുടുംബത്തെ സഹായിക്കാൻ സി.പി.എം തെക്കെ വെള്ളച്ചാൽ ബ്രാഞ്ചിെൻറ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട് 21ന് ഏൽപിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് അദ്ദേഹം യാത്രയായത്.