വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാം തൂങ്ങി മരിച്ച നിലയിൽ
text_fieldsനെടുമ്പാശ്ശേരി/കൊച്ചി: രാജ്യാന്തര പ്രശസ്ത വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ (77) നെടുമ്പാശ്ശേരിയിലെ തുരുത്തിശ്ശേരിയിൽ ഫാംഹൗസിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. വി.പി.എസ് ലേക്ഷോർ ആശുപത്രി യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് തലവനും സീനിയർ കൺസൾട്ടന്റുമായ ഇദ്ദേഹം 3600ലേറെ വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെ അസഖ്യം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജി.പി ഫാംഹൗസിലാണ് ഞായറാഴ്ച രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സഹോദരനും മറ്റൊരാൾക്കുമൊപ്പം ഫാം ഹൗസിൽ വൈകീട്ടെത്തുകയായിരുന്നു. രാത്രിയോടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ മടങ്ങി. രാത്രി വൈകിയും ഡോക്ടർ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ ഫാംഹൗസിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നത്. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി.
നാലുപതിറ്റാണ്ടിനടുത്ത പ്രഫഷനൽ ജീവിതത്തിനിടെ ആയിരക്കണക്കിന് വൃക്ക, മൂത്രാശയ രോഗികൾക്ക് ചികിത്സയും രോഗശാന്തിയും നൽകിയിട്ടുണ്ട്. 15,000ത്തോളം എൻഡോയൂറോളജിക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തി. ഒരുവർഷം മുമ്പാണ് തുരുത്തിശ്ശേരിയിൽ ഫാംഹൗസ് നിർമിച്ചത്. ഞായറാഴ്ചകളിൽ വൈകീട്ട് ഇവിടെയെത്തി ഏറെനേരം സമയം ചെലവഴിക്കുമായിരുന്നു. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇത് തന്റെ കാര്യക്ഷമതയോടെയുള്ള ജോലിയെ ബാധിക്കുമോയെന്ന ആശങ്കയും വെളിപ്പെടുത്തുന്ന ആത്മഹത്യക്കുറിപ്പ് നെടുമ്പാശ്ശേരി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ലേക് ഷോർ ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചു.
തൃപ്പൂണിത്തുറ ബ്രഹ്മപുരം പളത്തുള്ളിൽ പരേതനായ പി.ബി. എബ്രഹാം കോർഎപ്പിസ്കോപ്പയുടെ മകനാണ്. വൈറ്റില എളംകുളത്തായിരുന്നു താമസം. ഭാര്യ: ഡെയ്സി (പുലയത്ത് കുടുംബാംഗം, അമ്പലമേട്). ലേക് ഷോർ ആശുപത്രിയിലെതന്നെ യൂറോളജി കൺസൾട്ടൻറായ ഡോ. ഡാറ്റ്സൺ ജോർജാണ് മകൻ. മരുമകൾ: റിയ ഡാറ്റ്സൺ.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കരിമുഗൾ ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.