നെടുമങ്ങാടും ഇനി ഡെവലപ്പാകും! കിഫ്ബിയുടെ നെടുമങ്ങാട് വികസനം ഇങ്ങനെ
text_fieldsനമ്മുടെ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിൻ്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിൻ്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
ബജറ്റിൽ അനുവദിക്കുന്ന തുക കൊണ്ടു മാത്രം പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. ഇതു മുന്നിൽ കണ്ടാണു വികസനത്തിനു കൂടുതൽ പണം സ്വരൂപിക്കുന്നതിനായി ഇടതു സർക്കാർ കിഫ്ബി രൂപീകരിച്ചത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കിഫ്ബി മുഖാന്തിരം കോടികളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണു നടന്നുവരുന്നത്. ഇതു വികസനത്തിൻ്റെ പുതിയൊരു അധ്യായം തന്നെയാണ്.
അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി വലിയ പങ്കാണ് നിർവഹിക്കുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. കഴിഞ്ഞ 30 വർഷത്തെ വിവിധ സർക്കാരുകളുടെ കാലത്ത് നടന്ന വിവിധ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ അതിന്‍റെ എത്രയോ ഇരട്ടി പദ്ധതികളാണ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് കിഫ്ബി മുഖേന നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാട് മണ്ഡലത്തിൽ മാത്രം 1500 കോടിയിലേറെ കിഫ്ബി ഫണ്ട് മുടക്കിയുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് കിഫ്ബി വഴി അനുവദിച്ചത്. മാർക്കറ്റ് നിർമ്മാണത്തിന് 27 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളുടെ വികസനത്തിനും കിഫ്ബിയുടെ പങ്കാളിത്തമുണ്ട്. നെടുമങ്ങാട്-മംഗലപുരം റോഡിന് 300 കോടിയുടെ പദ്ധതി, പഴയില-പഴകുറ്റി റോഡിന് 1000 കോടി ഇങ്ങനെ നീളുന്നു കിഫ്ബി വഴിയുള്ള നെടുമങ്ങാടിൻ്റെ വികസനം. വികസന കുതിപ്പിന് വഴിയൊരുക്കുന്ന കിഫ്ബിയുടെ പ്രവർത്തനം ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.